'അച്ഛന്‍ മരിച്ചതറിഞ്ഞ് കരച്ചിലടക്കാനായില്ല, അന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് നല്‍കിയ സഹായം ഒരിക്കലും മറക്കില്ല'

അദിതി മിത്തല്‍ | Photo: instagram/ aditi mittal
അദിതി മിത്തല്‍ | Photo: instagram/ aditi mittal

ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തില്‍ ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് നല്‍കിയ സഹായത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സ്റ്റാന്റ് അപ് കൊമേഡിയനായ അദിതി മിത്തല്‍. തന്റെ പിതാവിന്റെ ആകസ്മിക വിയോഗത്തോട് പൊരുത്തപ്പെടാന്‍ ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് തന്നെ എങ്ങനെ സഹായിച്ചുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അവര്‍ പറയുന്നു.

2017-ല്‍ ഒരു പരിപാടിക്കായി ലണ്ടനില്‍ പോയപ്പോഴാണ് അദിതി അച്ഛന്റെ വിയോഗവാര്‍ത്ത അറിയുന്നത്. അന്ന് അത് അറിഞ്ഞപ്പോള്‍ എത്രയും പെട്ടെന്ന് വീട്ടിലെത്താനായി മുംബൈയിലേക്കുള്ള ആദ്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ആ യാത്രയില്‍ താന്‍ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും സങ്കടം താങ്ങാന്‍ കഴിയുന്നതായിരുന്നില്ലെന്നും അവര്‍ പറയുന്നു.

എന്നാല്‍ പ്രീതി എന്ന് പേരുള്ള ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അദിതിയെ ശ്രദ്ധിക്കുകയും എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു.

അന്ന് സങ്കടത്തോടെ അച്ഛന്‍ മരിച്ചതിനെ കുറിച്ച് അവര്‍ ആ ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനോട് പറഞ്ഞു. തുടര്‍ന്ന് അവര്‍ എല്ലാ പിന്തുണയും നല്‍കിയെന്നും ഇടയ്ക്കിടെ വിവരങ്ങള്‍ തിരക്കിയെന്നും അദിതി പറയുന്നു. അച്ഛനെ കുറിച്ചുള്ള കഥകള്‍ പങ്കുവെയ്ക്കുന്നത് ആശ്വാസം നല്‍കുമോ എന്നും ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ചോദിച്ചു. അച്ഛന്റെ തമാശ കുറിച്ചും അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മകളെ കുറിച്ചും സംസാരിക്കാന്‍ അവര്‍ അദിതിയെ പ്രേരിപ്പിക്കുകയും ചെയ്തു.

വീഡിയോയ്ക്ക് ഒടുവില്‍ ആ ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന് അദിതി ദീപാവലി ആശംസകളും നേരുന്നുണ്ട്. 'പ്രീതി..നിങ്ങള്‍ എവിടെയിരുന്നാലും ഏറ്റവും സന്തോഷം നിറഞ്ഞ ദീപാവലി ആഘോഷിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു'-എന്നാണ് വീഡിയോയില്‍ അദിതി പറയുന്നത്.

കൂടാതെ ഈ അനുഭവം ക്യാബിന്‍ ക്രൂ അംഗങ്ങളുടെ ജോലിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് എങ്ങനെ മാറ്റിയെന്നും അദിതി പറയുന്നുണ്ട്. 'എയര്‍ ഹോസ്റ്റസ് എന്ന പേര് മാറ്റി അവര്‍ ചെയ്യുന്ന ജോലിയുടെ മഹത്വം പ്രതിഫലിക്കുന്ന ഗംഭീരമായ മറ്റെന്തെങ്കിലും പേര് നല്‍കണം.' എന്നാണ് വീഡിയോയ്ക്ക് അദിതി ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

Content Highlights: comedians heartwarming post for air india air hostess