കോള്‍ഡ്‌പ്ലേ വിവാദം: സിഇഒയെ സസ്‌പെന്‍ഡ് ചെയ്തു, മൂല്യവും സംസ്‌കാരവും സംരക്ഷിക്കുമെന്ന് കമ്പനി

വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: X
വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: X

കോള്‍ഡ്‌പ്ലേയുടെ സംഗീതപരിപാടിക്കിടെ ക്യാമറക്കുരുക്കില്‍ പെട്ട ആസ്‌ട്രോണമര്‍ സിഇഒ ആന്‍ഡി ബൈറണെ കമ്പനി സസ്‌പെന്‍ഡ് ചെയ്തു. ഇദ്ദേഹത്തോട് അവധിയില്‍ പോകാന്‍ യുഎസ് കമ്പനിയായ ആസ്‌ട്രോണമര്‍ ആവശ്യപ്പെട്ടു. കമ്പനിയുടെ ഇടക്കാല സിഇഒയായി സഹസ്ഥാപകനും ചീഫ് പ്രൊഡക്ട് ഓഫീസറുമായ പീറ്റ് ഡി ജോയ്‌നെ നിയമിച്ചു. കമ്പനിയിലെ മറ്റൊരു ജീവനക്കാരിക്കൊപ്പം അടുത്തിടപഴകിക്കൊണ്ട് ആന്‍ഡി ബൈറണ്‍ കോള്‍ഡ്‌പ്ലേയുടെ സംഗീതപരിപാടി കാണുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ വൈറലായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. 

വെള്ളിയാഴ്ചയാണ് സസ്‌പെന്‍ഷന്‍ വിവരം ആസ്‌ട്രോണമര്‍ എക്‌സിലൂടെ പങ്കുവെച്ചത്. സ്ഥാപിച്ചകാലം മുതല്‍ തങ്ങളെ നയിക്കുന്ന മൂല്യങ്ങളും സംസ്‌കാരവും സംരക്ഷിക്കാന്‍ ആസ്‌ട്രോണമര്‍ പ്രതിജ്ഞാബദ്ധരാണെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. പെരുമാറ്റത്തിലും ഉത്തരവാദിത്തത്തിലും ഉന്നതനിലവാരമാണ് കമ്പനിയെ നയിക്കുന്നവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. വിഷയത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് ഔദ്യോഗികമായ അന്വേഷണം ആരംഭിച്ചുവെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പങ്കുവെക്കാമെന്നും കമ്പനി അറിയിച്ചു. 

ഡാറ്റ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയായ അസ്ട്രോണമറിന്റെ സിഇഒ ആന്‍ഡി ബൈറണും കമ്പനിയുടെ എച്ച്ആര്‍ ക്രിസ്റ്റിന്‍ കബോട്ടുമാണ് കോള്‍ഡ്‌പ്ലേ പരിപാടിക്കിടെ പണി കിട്ടിയത്. ഇരുവരും പരസ്പരം ചേര്‍ത്തുപിടിച്ച് പരിപാടി ആസ്വദിക്കുന്ന ദൃശ്യം ലൈവ് വീഡിയോയില്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ക്യാമറയില്‍ തങ്ങള്‍ പതിഞ്ഞുവെന്ന് മനസിലായതോടെ ഇരുവരും ഒളിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ക്രിസ്റ്റീന്‍ കബോട്ട് നാണിച്ച് മുഖം മറയ്ക്കുന്നതും വീഡിയോയിലുണ്ട്.

ഇരുവരേയും ആദ്യം വീഡിയോയില്‍ കാണുമ്പോള്‍ സ്റ്റേജിലുണ്ടായിരുന്ന കോള്‍ഡ് പ്ലേയുടെ ഗായകന്‍ ക്രിസ് മാര്‍ട്ടിന്‍ 'ഇവരെ രണ്ടു പേരേയും നോക്കൂ' എന്ന് പറയുന്നുണ്ട്. എന്നാല്‍, ആന്‍ഡി ബൈറണും ക്രിസ്റ്റീന്‍ കബോട്ടും ഒളിക്കാന്‍ ശ്രമിച്ചപ്പോള്‍ 'അവര്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരിക്കാം, അല്ലെങ്കില്‍ നാണംകൊണ്ടായിരിക്കാം' എന്നും ക്രിസ് മാര്‍ട്ടിന്‍ പറയുന്നത് വീഡിയോയിലുണ്ട്. പിന്നീട് ഇത് അബദ്ധമായി എന്ന് മനസിലായപ്പോള്‍ 'ഞങ്ങള്‍ എന്തെങ്കിലും തെറ്റായി ചെയ്തിട്ടില്ലെന്ന് കരുതുന്നു' വെന്നാണ് ക്രിസ് മാര്‍ട്ടിന്‍ പ്രതികരിച്ചത്.

പരിപാടിക്ക് ശേഷം ചിത്രങ്ങളും വീഡിയോയും കോള്‍ഡ് പ്ലേ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോള്‍ ഇതിന് താഴെയും ഈ വീഡിയോയെ കുറിച്ചുള്ള അന്വേഷണങ്ങളാണ് വന്നത്. രണ്ട് പേരുടേയും വിവാഹബന്ധം തകര്‍ന്നുവോയെന്നും ഇരുവരും പങ്കാളികളെ വഞ്ചിക്കുകയായിരുന്നോ എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: US tech CEO suspended after Coldplay concert embrace goes viral