സ്തനാര്‍ബുദത്തിന് സ്തനം മുറിക്കേണ്ടതുണ്ടോ എന്ന് കമന്റ്;ട്രോൾ ചെയ്യപ്പെടുന്നതിലെ വേദന പങ്കുവച്ച് ഛവി

ജീവിതത്തിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ കടന്നുവന്ന കാന്‍സറിനെ പൊരുതിത്തോല്‍പ്പിച്ച കഥയാണ് നടി ഛവി മിത്തലിന്റെത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലുണ്ടായ അപകടത്തിനു ശേഷം ഡോക്ടറെ കാണാന്‍ പോയപ്പോഴാണ് സ്തനാര്‍ബുദമുണ്ടെന്ന് താരം തിരിച്ചറിയുന്നത്. തുടര്‍ന്ന് നിരന്തരമായ ചികിത്സയ്ക്കൊടുവിലാണ് ഛവി അര്‍ബുദത്തെ അതിജീവിച്ചത്. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറുന്നവര്‍ക്കെല്ലാം പ്രചോദനമാണ് ഛവി മിത്തല്‍.
സ്തനാര്‍ബുദം ബാധിച്ചതിനെ പ്രതി താരത്തിന്റെ രോഗ വിവരങ്ങള്‍ ആരാഞ്ഞും ആശ്വസിപ്പിച്ചും നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ആരാധകരുടെ സ്‌നേഹവായ്പുകള്‍ക്ക് നന്ദിയറിയിച്ച് താരം ഇടയ്ക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതാണ്. എന്നാല്‍ ഇപ്പോള്‍ രോഗം ഏതാണ്ട് സുഖം പ്രാപിച്ചതോടെ, ട്രോളുകളും വിമര്‍ശനങ്ങളും കൊണ്ടാണ് പലരും തന്നെ നേരിടുന്നതെന്ന് താരം വ്യക്തമാക്കുന്നു.
ഈയടുത്ത് കുടുംബത്തോടൊപ്പം ദുബായിലേക്കുള്ള യാത്രയ്ക്കിടെ ബീച്ചില്‍വെച്ചെടുത്ത ബിക്കിനി ലുക്കിലുള്ള ചിത്രങ്ങള്‍ ഛവി സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. നിരവധി മോശം കമന്റുകളാണ് ഈ ഫോട്ടോയ്ക്കു താഴെ വന്നത്. സ്തനാര്‍ബുദത്തിന് സ്തനം മുറിക്കേണ്ടതുണ്ടോ എന്നായിരുന്നു അക്കൂട്ടത്തിലെ ഒരു കമന്റ്. അത് ഛവിയെ നന്നായി ചൊടിപ്പിച്ചു.
തുടര്‍ന്ന് കമന്റിന്റെ സ്‌ക്രീന്‍ഷോട്ടിനൊപ്പം ഛവി ഇന്‍സ്റ്റഗ്രാമില്‍ ദീര്‍ഘമായ ഒരു കുറിപ്പ് പങ്കുവെച്ചു. ബീച്ചില്‍വെച്ച് താനെടുത്ത ചില ചിത്രങ്ങളും റീല്‍സും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നെന്നും അതിനു താഴെ നിരവധി മോശം കമന്റുകളാണ് വന്നതെന്നും താരം കുറിപ്പില്‍ വ്യക്തമാക്കി. അതില്‍ ഈ കമന്റ് ഛവി പ്രത്യേകം ശ്രദ്ധിച്ചതായും പറയുന്നു. തന്റെ സ്തനങ്ങള്‍ ഇവിടെ ഒരു 'ചരക്കു'പോലെ ചര്‍ച്ച ചെയ്യപ്പെടുകയാണെന്നും താരം വേദനയോടെ കുറിച്ചു.
സ്തനാര്‍ബുദത്തെ അതിജീവിച്ച ആളാണെന്നും ഈ അവയവത്തെ ജീവനോടെ നിലനിര്‍ത്താന്‍ കഠിനമായി പോരാടിയിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടാണ് അവര്‍ തുടങ്ങിയത്. സെലിബ്രിറ്റികള്‍ക്ക് ഇത്തരം കമന്റുകള്‍ വരുന്നത് പതിവാണെന്ന മനോഭാവത്തെയും ഛവി വിമര്‍ശിച്ചു. മനുഷ്യരെപ്പോലെത്തന്നെ വികാരങ്ങളുള്ളവരാണ് സെലിബ്രിറ്റികളും. അര്‍ബുദം അവര്‍ക്കും വരും. സാധാരണ മനുഷ്യരെപ്പോലെയാണ് അവരും ഇതിനെ അതിജീവിക്കുന്നത്. അതുകൊണ്ട് 'പതിവ്' എന്നു പറഞ്ഞ് ഇത്തരം കമന്റുകള്‍ ഇനി ആവര്‍ത്തിക്കരുത്. അതിജീവനത്തിനു വേണ്ടിയുള്ള ഒരാളുടെ ശാരീരികവും വൈകാരികവുമായ പോരാട്ടത്തെ ഇത്തരം വിവേക ശൂന്യമായ പരാമര്‍ശങ്ങള്‍ക്കൊണ്ട് നേരിടരുതെന്നും അവര്‍ പോസ്റ്റില്‍ പറഞ്ഞു. തുടര്‍ന്ന് സ്തനാര്‍ബുദ ശസ്ത്രക്രിയ എങ്ങനെയാണെന്നും പോസ്റ്റില്‍ വിശദീകരിച്ചു. തന്റെ പോസ്റ്റുകള്‍ക്കു താഴെ വിവേകശൂന്യമായ കമന്റുകള്‍ വന്നപ്പോള്‍ തനിക്കൊപ്പം നിന്നവരെ സ്മരിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.
Content Highlights: chhavi mittal shuts down insensitive comments on social media