'ഞങ്ങളുടെ കുഞ്ഞുനക്ഷത്രം ഇതാ വന്നു'; ഛാവ താരം വിനീത് കുമാര്‍ സിങ്ങിനും രുചിരയ്ക്കും പൊന്നോമന പിറന്നു

വിനീത് കുമാർ സിങ്ങും രുചിര ഘോർമറെയും | Photos: instagram.com/vineet_ksofficial
വിനീത് കുമാർ സിങ്ങും രുചിര ഘോർമറെയും | Photos: instagram.com/vineet_ksofficial

വിവാദമായ ഛാവ എന്ന ചിത്രത്തിലെ കവി കലശ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരമാണ് വിനീത് കുമാര്‍ സിങ്. ഗ്യാങ്‌സ് ഓഫ് വസ്സേപുരിന്റെ രണ്ട് ഭാഗങ്ങള്‍ ഉള്‍പ്പെടെ വേറേയും ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്വന്തം ജീവിതത്തിലെ വലിയൊരു സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് വിനീത്. 

തനിക്കും ഭാര്യ രുചിര ഘോര്‍മറെയ്ക്കും ആണ്‍കുഞ്ഞ് പിറന്നുവെന്ന വിവരമാണ് വിനീത് കുമാര്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. 'ഞങ്ങളുടെ കുഞ്ഞുനക്ഷത്രം ഇതാ വന്നു' എന്ന് പറഞ്ഞുകൊണ്ടാണ് തങ്ങളുടെ ആദ്യത്തെ പൊന്നോമന പിറന്ന വാര്‍ത്ത അദ്ദേഹം അറിയിച്ചത്. നടന്‍ വിക്രാന്ത് മാസി ഉള്‍പ്പെടെ ഒട്ടേറെ പേരാണ് വിനീതിനേയും രുചിരയേയും അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിനുതാഴെ കമന്റുകളുമായി എത്തിയത്. 

ദീര്‍ഘനാളായുള്ള പ്രണയത്തിന് ശേഷം 2021 നവംബറിലാണ് വിനീത് കുമാര്‍ സിങ്ങും രുചിര ഘോര്‍മറെയും വിവാഹിതരായത്. കഴിഞ്ഞ മേയ് മാസത്തിലാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വിവരം ഇരുവരും പങ്കുവെച്ചത്. ഛാവയില്‍ വിക്കി കൗശല്‍ അവതരിപ്പിച്ച ഛത്രപതി സാംഭാജിയുടെ സുഹൃത്തും ഉപദേശകനുമായ കവി കലശ് എന്ന കഥാപാത്രമായാണ് വിനീത് കുമാര്‍ സിങ് അഭിനയിച്ചത്. 

Content Highlights: Chhava Actor Viineet Kumar Siingh, Wife Ruchira Welcome First Child