'ചെന്നൈ,വേഗം മത്സരം അവസാനിപ്പിക്കൂ, കുഞ്ഞ് പുറത്തുവരാന്‍ പോകുകയാണ്';വൈറലായി സാക്ഷി ധോനിയുടെ കുറിപ്പ്

എംഎസ് ധോനിയുടെ മത്സരങ്ങള്‍ കാണാന്‍ പലപ്പോഴും ഭാര്യ സാക്ഷി ധോനി ഗാലറിയിലെത്താറുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരങ്ങള്‍ക്കും സ്ഥിരസാന്നിധ്യമാണ് സാക്ഷി. ഭര്‍ത്താവ് കളിക്കുന്ന ടീമായതുകൊണ്ടുതന്നെ ചെന്നൈയോട് സാക്ഷിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ചെന്നൈയും ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനും എംഎ ചിദംബരം സ്റ്റേഡിയത്തില്‍ സാക്ഷിയെത്തി. കൂടെ സുഹൃത്ത് പൂര്‍ണ പട്ടേലുമുണ്ടായിരുന്നു.'എന്നെന്നും ചെന്നൈ' എന്ന ക്യാപ്ഷനോടെ പൂര്‍ണയ്‌ക്കൊപ്പം ഗാലറിയില്‍ ഇരിക്കുന്ന ഒരു ചിത്രവും സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
എന്നാല്‍ സാക്ഷിയുടെ ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. 'ഈ മത്സരം വേഗത്തില്‍ അവസാനിപ്പിക്കൂ ചെന്നൈ, കുഞ്ഞ് പുറത്തു വരാന്‍ പോകുകയാണ്. ലക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അമ്മായിയാകാന്‍ പോകുന്നയാളുടെ അപേക്ഷയാണ്.' എന്നാണ് സാക്ഷി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. ഇതിനൊപ്പം ഗാലറിയില്‍ നിന്നെടുത്ത ഗ്രൗണ്ടിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ചെന്നൈയുടെ ഇന്നിങ്‌സിന് ശേഷം ഹൈദരാബാദ് ബാറ്റിങ് തുടങ്ങിയപ്പോള്‍ എടുത്തതാണ് ഈ ചിത്രം.
ആരുടെ കുഞ്ഞിനെ കുറിച്ചാണ് സാക്ഷി പറയുന്നതെന്ന് പോസ്റ്റില്‍ നിന്ന് വ്യക്തമല്ല. അഭിലാഷ് ബിഷ്ത്, അക്ഷയ് സിങ്ങ് എന്നിങ്ങനെ രണ്ട് സഹോദരങ്ങള്‍ സാക്ഷിക്കുണ്ട്. രണ്ട് പേരും വിവാഹിതരാണ്. ഇനി ഇവരുടെ കുഞ്ഞിനെ കുറിച്ചാണോ സാക്ഷി പറഞ്ഞത് എന്നാണ് ആരാധകരുടെ സംശയം.
Content Highlights: chennai super kings player ms dhonis wife sakishs request tpo team during ipl match