‘കാനഡയിൽ ഒറ്റയ്ക്ക് ജീവിക്കാനാകില്ല, വിഷാദത്തിലേക്ക് വീഴും’-വീഡിയോ പങ്കുവെച്ച്‌ യുവാവ്

യുവാവ് പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ sudarshan
യുവാവ് പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ sudarshan

കാനഡയിലെ പ്രവാസ ജീവിതം മടുത്ത് ഇന്ത്യയിൽ തിരിച്ചെത്തിയ ചെന്നൈ സ്വദേശിയായ യുവാവ് പങ്കുവെച്ച വീഡിയോ ചർച്ചയാകുന്നു. വിദേശജീവിതം തന്നെ മാനസികമായി തളർത്തിയെന്നും അതിനാൽ ഇന്ത്യയിലേക്ക് തിരിച്ചുപോരുകയായിരുന്നുവെന്നും സുദർശൻ എന്ന യുവാവ് സോഷ്യൽ മീഡയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. വിദേശത്ത് പോയാൽ പണം സമ്പാദിക്കാൻ കഴിയുമെങ്കിലും കടുത്ത ഏകാന്തതയും മാനസിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുമെന്ന് സുദർശൻ വ്യക്തമാക്കുന്നു.

'ഞാൻ ഇന്ത്യയിലേക്ക് തിരിച്ചുപോരുകയായിരുന്നു. എന്നെ തന്നെ ഞാൻ കാനഡയിൽനിന്ന് നാടുകടത്തി. നമ്മുടെ കൂടെ സമയം ചെലവഴിക്കാൻ പ്രിയപ്പെട്ടവർ ആരും കൂടെയില്ലെങ്കിൽ പിന്നെ എത്ര പണമുണ്ടായിട്ടും കാര്യമില്ല. വളരെ നാളുകൾക്ക് ശേഷമാണ് ഞാൻ മനസ് തുറന്ന് ചിരിക്കുന്നത്. കാരണം കാനഡ ആളുകളെ വിഷാദത്തിലേക്ക് തള്ളിവിടുന്ന ഒരു രാജ്യമാണ്. നിങ്ങളിൽ ആർക്കൊക്കെയാണ് എന്റെ അഭിപ്രായത്തോട് യോജിപ്പുള്ളത്?'-സുദർശൻ വീഡിയോയിൽ ചോദിക്കുന്നു,

അടുത്തത് ആരാണ് എന്ന ക്യാപ്ഷനോടെയാണ് സുദർശൻ വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് പെട്ടെന്ന് തന്നെ വലിയ ചർച്ചയായി. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഒട്ടേറെ ഇന്ത്യക്കാർ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ പ്രതികരിച്ചു. ഡോളർ സമ്പാദിക്കുന്നതിനേക്കാൾ പ്രധാനം സ്വന്തം സമാധാനവും സന്തോഷവുമാണെന്ന് ചിലർ കുറിച്ചു. കാനഡയിലെ ശുദ്ധവായുവും മികച്ച ജീവിത സാഹചര്യങ്ങളും ആസ്വദിക്കണമെങ്കിൽ ചില ത്യാഗങ്ങൾ ചെയ്യേണ്ടി വരുമെന്നും കമന്റുകളുണ്ട്.

Content Highlights: A Chennai-based man named Sudharson announced his 'self-deportation' from Canada to India., He cited emotional distress and lack of social fulfillment as primary reasons for his departure., The viral video sparked a polarized debate on social media regarding the struggles of expatriate life., Opinions are divided between those criticizing the lack of persistence and those supporting mental well-being over financial gain.