എൻറേത് 10 രൂപയുടെ ചായ, ജീവനക്കാർ കുടിക്കുന്നത് വിലയേറിയ കോഫി- ചർച്ചയായി കമ്പനി CEOയുടെ പോസ്റ്റ്

#ലൈഫ്സ്റ്റൈൽ ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

താൻ കുടിക്കുന്ന പത്ത് രൂപയുടെ ചായയും തന്റെ കീഴിലുള്ള ജീവനക്കാർ കുടിക്കുന്ന വിലയേറിയ കോഫിയും താരത്മ്യം ചെയ്ത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി സിഇഒ എക്സിൽ പങ്കുവെച്ച പോസ്റ്റ് ചർച്ചയായിരിക്കുകയാണ്. കോർപ്പറേറ്റ് രംഗത്തെ ശമ്പളത്തിലുള്ള അസമത്വങ്ങളെ കുറിച്ചും ചെലവാക്കൽ രീതികളെ കുറിച്ചുമെല്ലാമുള്ള അഭിപ്രായങ്ങളാണ് കമന്‍റെ സെക്ഷനിൽ നിറയുന്നത്.

ഇവോർബ്യൂട്ടി എന്ന സ്ഥാപനത്തിന്റെ സിഇഒയും സ്ഥാപകനുമായ കൗശൽ ഷായാണ്, താൻ ഒരു സാധാരണ ചായ തിരഞ്ഞെടുക്കുമ്പോൾ ജീവനക്കാർ സ്റ്റാർബക്സിന്റെ കോഫിയാണ് തിരഞ്ഞെടുക്കുന്നതെന്ന പോസ്റ്റ് എക്സിൽ പങ്കുവെച്ചത്.

പലവിധ അഭിപ്രായങ്ങളാണ് ഈ പോസ്റ്റിന് കീഴിൽ വന്നത്. സംരംഭകരേക്കാൾ ചെലവാക്കൽശേഷി കൂടുതൽ പലപ്പോഴും ജീവനക്കാർക്ക് തന്നെയാണെന്ന് ചില ഉപഭോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു. കാരണം അവർക്ക് ഒരു നിശ്ചിത ശമ്പളം ഉള്ളതിനാൽ അതിനനുസരിച്ച് അവരുടെ ചെലവുകൾ ആസൂത്രണം ചെയ്യാൻ  സാധിക്കുന്നു. സിഇഒ മാർക്ക് പലപ്പോഴും അവരുടെ വ്യക്തിഗത ചെലവുകൾ അവരുടെ കമ്പനികൾക്ക് വേണ്ടി മാറ്റിവെക്കേണ്ടതായിവരുന്നുവെന്നും അവർ ചൂണിക്കാണിക്കുന്നു.

"യുവാവേ, ഇതൊരു തമാശയാണെന്ന് എനിക്കറിയാം... എങ്കിലും ജീവിതത്തിന്റെ ഈ ഘട്ടത്തിൽ തന്നെ ഇത് പഠിക്കുന്നത് വളരെ നല്ലതാണ്... ഒരു 'സ്ഥാപകൻ' (Founder) എന്ന നിലയിൽ, നിങ്ങളുടെ പണം നിങ്ങളുടെ ജീവനക്കാരുടെ പണത്തേക്കാൾ കൂടുതൽ മൂല്യമുള്ളതൊന്നുമല്ല" എന്നാണ് ഒരാൾ പങ്കുവെച്ച കമന്റ്.

'സ്ഥാപകർ തങ്ങൾക്ക് ചെലവാക്കാൻ കഴിയുന്ന ഓരോ പൈസയും കമ്പനിയുടെ കണക്കിൽ പെടുത്താനാണ് കൂടുതൽ സാധ്യത. ചിലപ്പോൾ അവർ ശമ്പളം വാങ്ങുന്നുണ്ടാകാം, ചിലപ്പോൾ ഇല്ലായിരിക്കാം. പിന്നെ എന്തിനാണ് ഈ വെറും കാപട്യം നിറഞ്ഞ 'ഫക്കീർ' (പാവപ്പെട്ടവൻ) വേഷം കെട്ടൽ?' എന്നാണ് മറ്റൊരാൾ കുറിച്ചത്.

Content Highlights: A Mumbai CEO`s post comparing his 10 rupee tea to employees` expensive coffee sparks debate on corporate pay inequality and spending habits.