റെഡ് കാർപറ്റിൽ ഫോട്ടോയെടുക്കാൻ 40000 രൂപ,ഹോട്ടൽ മാർട്ടിനെസിലെ വാടക 3 ലക്ഷം-വീഡിയോയുമായി ഇൻഫ്‌ളുവൻസർ

കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപറ്റ് ഫാഷൻ പ്രേമികളെ എപ്പോഴും ആകർഷിക്കുന്ന ഒരിടമാണ്. ഐശ്വര്യാ റായിയും ദീപികാ പദുക്കോണും ആലിയാ ഭട്ടുമെല്ലാം ചുവന്ന പരവതാനിയിൽ ആരാധകരുടെ മനം കവർന്നിട്ടുണ്ട്. ഇത്തവണ മലയാളി താരം കല്ല്യാണി പ്രിയദർശനും റെഡ് കാർപറ്റിൽ അരങ്ങേറ്റം നടത്തിയിരുന്നു.
എന്നാൽ അത്ര സെലിബ്രിറ്റികളല്ലാത്ത, പ്രമുഖ ബ്രാൻഡുകളുടെ ക്ഷണിതാക്കളായെത്തുന്ന അതിഥികളെ റെഡ് കാർപറ്റ് സ്വീകരിക്കുന്നത് അൽപം വ്യത്യസ്തമായാണ്. നമ്മൾ സ്വപ്‌നം കാണുന്നത് പോലെയല്ല യാഥാർഥ്യമെന്ന് ഇൻഫ്‌ളുവൻസറായ തരിണി പെഷ്‌വാരിയ വ്യക്തമാക്കുന്നു. ലോറിയലിനെ പ്രതിനിധീകരിച്ചാണ് തരിണി റെഡ് കാർപറ്റിലെത്തിയത്.
നമ്മൾ പ്രശസ്തരല്ലാത്തതിനാൽ ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫർമാർക്ക് പണം നൽകണമെന്ന് തരിണി പറയുന്നു. ഏഴ് ഫോട്ടോയ്ക്കും ഏഴ് വീഡിയോയ്ക്കുമായി താൻ 400 യൂറോ (ഏകദേശം 44576 രൂപ) നൽകിയെന്നും തരിണി പറയുന്നു. മൂന്ന് ലക്ഷം മുതൽ ഒമ്പത് ലക്ഷം വരെ ഒറ്റ രാത്രിയ്ക്ക് വാടകയായി നൽകേണ്ട ഹോട്ടൽ മാർട്ടിനെസിലും താൻ താമസിച്ചുവെന്നും തരിണി ഇൻസ്റ്റഗ്രാമിൽ പറയുന്നു.
ലോറിയൽ സ്‌പോൺസർ ആയതിനാലാണ് ഇത് സാധിച്ചതെന്നും താൻ തങ്ങിയ റൂമിന് മൂന്ന് ലക്ഷത്തോളം രൂപ വരുമെന്നും അവർ കൂട്ടിച്ചേർത്തു. സെലിബ്രിറ്റികൾ സ്ഥിരം ഫോട്ടോ എടുക്കാറുള്ള മാർട്ടിനെസിലെ ബാൽക്കണിയിലും ഗോവണിയിലും വെച്ച് താനും ഫോട്ടോ എടുത്തുവെന്നും അവർ വ്യക്തമാക്കുന്നു. ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, ടോം ക്രൂസ് എന്നിവരോടൊപ്പം ഫോട്ടോ എടുക്കാനായതിന്റെ സന്തോഷവും അവർ പങ്കുവെച്ചു.
പേസ്റ്റൽ ബ്ലൂ നിറത്തിലുള്ള ഗൗണായിരുന്നു തരിണിയുടെ റെഡ് കാർപറ്റ് ഔട്ട്ഫിറ്റ്. ഡിന്നർ നൈറ്റിന് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത കറുപ്പ് സാരിയും ധരിച്ചു. മനീഷ് മൽഹോത്രയുടെ ടീമിൽ നിന്ന് ഒരാൾ തന്നോടൊപ്പം വന്നിരുന്നുവെന്നും അയാളാണ് സ്റ്റൈൽ ചെയ്തതെന്നും തരിണി പറയുന്നു.
സമീറ റെഡ്ഡി, അമലാ പോൾ തുടങ്ങിയ സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് വീഡിയോയ്ക്ക് താഴെ അഭിനന്ദനം അറിയിച്ചത്. അമൃത്സറിൽ നിന്നുള്ള ഒരു പെൺകുട്ടി റെഡ് കാർപറ്റ് വരെ എത്തിയതിൽ അഭിമാനിക്കുന്നു എന്നായിരുന്നു ഒരു കമന്റ്. നിങ്ങളുടെ ഭർത്താവും കുടുംബവും എല്ലാ പിന്തുണയുമായി കൂടെ നിന്നതാണ് തന്നെ ആകർഷിച്ചത് എന്നായിരുന്നു ഒരാൾ കുറിച്ചത്. നിങ്ങൾ നിങ്ങളുടെ കഥ പറയുന്ന രീതി വളരെ ആധികാരികമാണ്. ആരും ഈ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല, പക്ഷേ നിങ്ങളുടെ സത്യസന്ധത കൊണ്ട് നിങ്ങൾ ഞങ്ങളെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു.'-എന്നായിരുന്നു മറ്റൊരു പ്രതികരണം.
Content Highlights: Revealing the financial cost of hiring photographers at Cannes, Insights into the exclusive logistics of the French Riviera red carpet, First-hand account of celebrity interactions at Hotel Martinez, Authentic breakdown of influencer experiences versus A-list treatment