'മര്യാദ കാണിക്കണം കേട്ടോ'; ഇന്ത്യക്കാരോട് കനേഡിയന്‍ യുവാവ്, ഒപ്പം 'പൊളൈറ്റ് ചലഞ്ചും' | വീഡിയോ

ഇന്ത്യക്കാരെ 'മര്യാദ പഠിപ്പിക്കാനി'റങ്ങിയ കനേഡിയന്‍ യുവാവിന്റെ വീഡിയോ വൈറല്‍. ഇന്ത്യയില്‍ പ്രവാസജീവിതം നയിക്കുന്ന കാലെബ് ഫ്രീസെന്‍ എന്ന യുവാവാണ് വീഡിയോ പങ്കുവെച്ചത്. ഇതിനകം യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. മര്യാദക്കാരാകുന്നത് വലിയ പണിയല്ല എന്നും ലളിതമായ ചില കാര്യങ്ങളിലൂടെ അത് സാധ്യമാക്കാമെന്നുമാണ് യുവാവ് പറയുന്നത്.
'ഇന്ത്യയില്‍ മര്യാദയെന്നത് വളരെ ക്ഷാമമുള്ള ഒന്നാണ് (പ്രത്യേകിച്ച് അപരിചിതര്‍ക്കിടയില്‍). 'പൊളൈറ്റ് ക്ലബ്ബി'ല്‍ ചേരാന്‍ നിങ്ങള്‍ക്ക് താത്പര്യമുണ്ടോ എന്ന് പറയൂ.' -ഇതാണ് ഫ്രീസെന്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.
'ഇന്ത്യക്കാരേ, കുറച്ചൂടെ മര്യാദയുള്ളവരാകൂ' എന്ന് പറഞ്ഞുകൊണ്ടാണ് ഫ്രീസെന്റെ സെല്‍ഫി വീഡിയോ തുടങ്ങുന്നത്. 'അത് ഞാന്‍ നിങ്ങള്‍ക്ക് എളുപ്പമുള്ളതാക്കിത്തരാം. ഒരു ദിവസം ചെയ്യാനുള്ള അഞ്ച് കാര്യങ്ങള്‍ ഇതാ. ഈ വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍, നമ്മള്‍ ഇതിനെ '#പൊളൈറ്റ് ഇന്ത്യ ചലഞ്ച്' എന്നുവിളിക്കും.' -യുവാവ് പറഞ്ഞു.
ഇതിന് ശേഷം ഫ്രീസെന്‍ ഇന്ത്യക്കാര്‍ ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍ അക്കമിട്ട് പറഞ്ഞു.
- ആളുകളോട് നന്ദി (Thank you) പറയുക. അതിന്റെ ആവശ്യമില്ല എങ്കില്‍ പോലും.
- ആളുകളോട് 'ദയവായി' (Please) എന്ന് പറയുക. അതിന്റെ ആവശ്യമില്ല എങ്കില്‍ പോലും.
- ആളുകള്‍ക്ക് ടിപ്പ് നല്‍കുക. അതിന്റെ ആവശ്യമില്ല എങ്കില്‍ പോലും.
- പുറകില്‍ വരുന്നവര്‍ക്കായി വാതില്‍ തുറന്നുപിടിച്ചുകൊടുക്കുക.
- ഒരാളുടെ സംസാരത്തെ തടസ്സപ്പെടുത്താതിരിക്കുക.
ഇത്രയും കാര്യങ്ങളാണ് ഒരുദിവസം ചെയ്യാന്‍ ഫ്രീസെന്‍ ഇന്ത്യക്കാരെ വെല്ലുവിളിച്ചിരിക്കുന്നത്. ഇത് ചെയ്തുകഴിഞ്ഞ് വിവരം തന്നെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാലെബ് ഫ്രീസന്റെ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയെന്നാല്‍ ഇന്ത്യക്കാരാണ് എന്നാണ് ഒരാള്‍ കമന്റിട്ടത്. നന്ദി, ദയവായി എന്നീ വാക്കുകള്‍ പറയുകയോ വാതില്‍ തുറന്ന് പിടിച്ച് നല്‍കുകയോ ചെയ്യരുത്. കാല്‍നടയാത്രക്കാരന് റോഡ് മുറിച്ചുകടക്കാനായി വണ്ടി നിര്‍ത്തിക്കൊടുത്താല്‍ അയാള്‍ നിങ്ങളെ തുറിച്ച് നോക്കും. അതൊരു സ്ത്രീയാണെങ്കില്‍ നിങ്ങളൊരു വഷളനുമാകും. -കമന്റ് ചെയ്തയാള്‍ പറഞ്ഞു.
ഈ കാര്യങ്ങളോട് തത്വത്തില്‍ യോജിക്കുന്നുവെന്നാണ് മറ്റൊരാള്‍ പറഞ്ഞത്. എന്നാല്‍ മര്യാദയുണ്ടായിരിക്കുക എന്നതിനേക്കാള്‍ ക്ഷമയുള്ളവരാകുകയാണ് വേണ്ടത്. ഇന്ത്യക്കാര്‍ക്ക് ക്ഷമയുണ്ടായാല്‍ പൊളൈറ്റ് ചലഞ്ചില്‍ പറഞ്ഞ കാര്യങ്ങള്‍ സ്വാഭാവികമായി സംഭവിക്കും. ഇതിന് ധാരാളം ഉദാഹരണങ്ങള്‍ പറയാന്‍ കഴിയും. ഒരെണ്ണം പറയാം. ക്ഷമയോടെ വാഹനമോടിച്ചാല്‍ മണ്ടത്തരങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. മറ്റുള്ളവര്‍ക്ക് വഴി നല്‍കുക, കാല്‍നടയാത്രക്കാര്‍ പോകുന്നത് വരെ കാത്തുനില്‍ക്കുക, ഹോണ്‍ അടിക്കാതിരിക്കുക, മറ്റുള്ളവരുടെ സ്ഥലം അപഹരിച്ച് വാഹനമോടിക്കാതിരിക്കുക എന്നീ കാര്യങ്ങള്‍ ക്ഷമയുണ്ടെങ്കില്‍ ചെയ്യാം. -കമന്റിട്ടയാള്‍ പറഞ്ഞു.
Content Highlights: Canadian Man Urges Indians To Be More Polite, Sparks Debate "Courtesy In Short Supply" | Viral Video