ബിടിഎസ് തിരിച്ചുവരുന്നു! വാലന്റൈൻസ് ദിനത്തിൽ ആരാധകർക്ക് റോസാപ്പൂക്കളുമായി സർപ്രൈസ്

#Lifestyle desk
ബിടിഎസ്  അംഗങ്ങൾ, ആരാധകർക്കായി ഒരുക്കിയ റോസപ്പൂക്കൾ
ബിടിഎസ് അംഗങ്ങൾ, ആരാധകർക്കായി ഒരുക്കിയ റോസപ്പൂക്കൾ

ലോകമെമ്പാടുമുള്ള ബിടിഎസ് ആരാധകർക്ക് ഇത്തവണത്തെ വാലന്റൈൻസ് ദിനം ഇരട്ടിമധുരമുള്ളതായിരുന്നു. ലണ്ടൻ, ലോസ് ഏഞ്ചൽസ്, സിയോൾ എന്നീ മൂന്ന് പ്രധാന നഗരങ്ങളിൽ 'റോസസ് ഫ്രം ബിടിഎസ്' എന്ന പേരിൽ സംഘടിപ്പിച്ച സർപ്രൈസ് പോപ്പ്-അപ്പ് പരിപാടിയിലൂടെ ആയിരക്കണക്കിന് ആരാധകർക്കാണ് സൗജന്യമായി റോസാപ്പൂക്കൾ ലഭിച്ചത്. സമ്മാനം എന്നതിലുപരി, ഗ്രൂപ്പിന്റെ വരാനിരിക്കുന്ന പുതിയ ആൽബത്തെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ നൽകുന്നതായിരുന്നു പരിപാടി.

ഓരോ റോസാപ്പൂവിനൊപ്പവും നൽകിയ കാർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത ആരാധകർ എത്തിയത് "What Is Your Love Song?" എന്ന ചോദ്യത്തിലേക്കാണ്. വൈകുന്നേരത്തോടെ ആരാധകർ ചുവരിലെ പൂക്കൾ ഓരോന്നായി എടുത്തുമാറ്റിയപ്പോൾ, അതിനടിയിൽ മറഞ്ഞിരുന്നതും ഇതേ ചോദ്യമായിരുന്നു.  ടൈംസ് സ്ക്വയറിലെ ബിൽബോർഡുകളിലും സ്പോട്ടിഫൈ പ്ലേലിസ്റ്റുകളിലും ഇതേ സന്ദേശം നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു.

ഏഴ് അംഗങ്ങളും സൈനിക സേവനത്തിന് ശേഷം ഒന്നിക്കുന്ന ബിടിഎസിന്റെ അഞ്ചാമത്തെ ഫുൾ സ്റ്റുഡിയോ ആൽബമായ അരിരംഗ് 2026 മാർച്ച് 20-ന് പുറത്തിറങ്ങും. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന ആൽബത്തിൽ 14 ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആൽബം റിലീസിന് പിന്നാലെ മാർച്ച് 21-ന് സിയോളിലെ ഗ്വാങ്‌വാമുൻ സ്ക്വയറിൽ വെച്ച് ബിടിഎസ് തത്സമയ സംഗീത പരിപാടി നടത്തും. നെറ്റ്ഫ്ലിക്സിലൂടെ ലോകമെമ്പാടും തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ടാകും.

കൂടാതെ, ഗ്രൂപ്പ് ഒന്നിക്കുന്നതിൻ്റെ ഭാഗമായി BTS The Return എന്ന ഡോക്യുമെന്ററി മാർച്ച് 27-ന് നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്നുണ്ട്. ഏപ്രിൽ 9-ന് ദക്ഷിണ കൊറിയയിൽ ആരംഭിച്ച് 2027 വരെ നീണ്ടുനിൽക്കുന്ന വമ്പൻ ലോക പര്യടനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ 34 നഗരങ്ങളിലായി 82 കൺസേർട്ടുകളാണ് ആരാധകർക്കായി ബിടിഎസ് ഒരുക്കുന്നത്. 

Content Highlights: BTS, BTS new album, BTS tour, Arirang album, BTS 2026, BTS documentary, BTS comeback, K-pop, BTS concert, ARMY