കത്തിയുമായി റെസ്റ്ററന്റിലെത്തി അലറിവിളിച്ച് ബ്രിട്ട്‌നി സ്പിയേഴ്‌സ്; ചർച്ചയായതിന് പിന്നാലെ വിശദീകരണം

#Lifestyle Desk
ബ്രിട്ട്നി സ്പിയേഴ്സ് | Photo: AP
ബ്രിട്ട്നി സ്പിയേഴ്സ് | Photo: AP

പ്രമുഖ അമേരിക്കൻ ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സ് കത്തിയുമായി റെസ്റ്ററന്റിലെത്തി നാടകീയമായ രംഗങ്ങളുണ്ടാക്കിയതായി റിപ്പോർട്ട്. ലോസ് ആഞ്ചലസിലെ റെസ്റ്ററന്റിലാണ് കഴിഞ്ഞദിവസം രാത്രി ബ്രിട്ട്‌നി കത്തിയുമായി എത്തിയത്. സംഭവം വലിയ ചർച്ചയായതോടെ വിശദീകരണവുമായി താരത്തിന്റെ ടീം രംഗത്തെത്തി. തെറ്റിദ്ധാരിപ്പിക്കുന്ന വാർത്തയാണ് പ്രചരിക്കുന്നതെന്ന് ബ്രിട്ട്‌നിയുടെ ടീം പറഞ്ഞു.

സെലിബ്രിറ്റി വാർത്താ മാധ്യമമായ ടിഎംഎസ് ആണ് ബ്രിട്ട്‌നി സ്പിയേഴ്‌സ് റെസ്റ്ററന്റിൽ കത്തിയുമായി എത്തിയെന്ന് റിപ്പോർട്ട് ചെയ്തത്. രണ്ട് പേർക്കൊപ്പമാണ് ബ്രിട്ട്‌നി ഉണ്ടായിരുന്നത്. പൊടുന്നനെ താരം ഉറക്കെ അലറിവിളിക്കാനും കുരയ്ക്കാനും തുടങ്ങിയെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ബ്രിട്ട്‌നി കത്തിയുമായി മറ്റൊരു മേശയ്ക്കരികിലെത്തിയെന്ന് ആ മേശയിലിരുന്നവർ ടിഎംഎസ്സിനോട് പറഞ്ഞു.

സംഭവം വിവാദമായതോടെയാണ് ബ്രിട്ട്‌നിയുടെ ടീം പ്രസ്താവന ഇറക്കിയത്. അസിസ്റ്റന്റിനും അംഗരക്ഷകനുമൊപ്പം ശാന്തമായി അത്താഴം കഴിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. സ്വന്തം നായ അയൽക്കാരെ നോക്കി കുരച്ച സംഭവം മറ്റുള്ളവരോട് അഭിനയിച്ച് കാണിക്കുക മാത്രമാണ് അവർ ചെയ്തത്. കൂടാതെ, അവർ ആരെയും കത്തിയെടുത്ത് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും, കഴിച്ചുകൊണ്ടിരുന്ന ഹാംബർഗർ മുറിക്കാൻ മാത്രമാണ് ആ കത്തി ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

മാധ്യമങ്ങൾ ബ്രിട്ട്‌നി ചെയ്യുന്ന ഓരോ കാര്യവും വെച്ച് അവരെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. 20 കൊല്ലം മുമ്പ് മാധ്യമങ്ങൾ ബ്രിട്ട്‌നിയെ മോശം വ്യക്തിയായി അവതരിപ്പിച്ചതിന് സമാനമാണ് ഈ സംഭവം. ഇത് പരിഹാസ്യമാണെന്നും അവസാനിപ്പിക്കണമെന്നും താരത്തിന്റെ ടീം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

റെസ്റ്ററന്റിലെ സംഭവം നടക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നുവെന്ന് എന്റർടെയിൻമെന്റ് ജേണലിസ്റ്റായ ജെഫ് സ്‌നെയ്ഡർ എക്‌സിൽ പറഞ്ഞു. വന്യമായ അനുഭവമാണ് അന്നുണ്ടായതെന്നും അദ്ദേഹം പറയുന്നു. 'ഇത് കേവലം തമാശയല്ല. ഭക്ഷണം കഴിക്കാനെത്തിയവരിൽ ഒരാൾ തന്റെ ജീവൻ പോകുമോ എന്ന് പോലും ഭയപ്പെട്ടു. ഭ്രാന്തമായ അനുഭവമായിരുന്നു അത്.' -ജെഫ് കുറിച്ചു.

Content Highlights: Reports claimed Britney Spears brandished a knife and barked at a Los Angeles restaurant. Her team clarified she was merely cutting a hamburger and discussing her dog, calling the media coverage a ridiculous attempt to smear her.