ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായി; കാരണം വിശദീകരിച്ച് യുവാവ് | വീഡിയോ

ഉയർന്ന ശമ്പളമുള്ള ജോലി സ്വപ്‌നം കാണുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ആ സ്വപ്‌നം കൈയെത്തിപ്പിടിച്ച ശേഷം അത് ഉപേക്ഷിച്ച ഒരു യുവാവിന്റെ കഥയാണ് ഇത്. മുൻനിര ടെക്‌നോളജി കമ്പനിയിലായിരുന്നു രാകേഷ് എന്ന യുവാവിന് ജോലി. ശീതീകരിച്ച ഓഫീസ്. ശമ്പളമായി ഓരോ മാസവും ലക്ഷങ്ങൾ ലഭിക്കും. എന്നാൽ ഇപ്പോൾ അദ്ദേഹം ഓട്ടോറിക്ഷാ ഡ്രൈവറാണ്. എന്താണ് തന്റെ കരിയറിൽ സംഭവിച്ചതെന്നും തന്റെ തീരുമാനത്തിന് പിന്നിലെ കാരണമെന്നും അദ്ദേഹം വിശദീകരിക്കുകയാണ്.
ടെക്‌നോളജി കമ്പനിയിലെ ജോലി ഉപേക്ഷിച്ചശേഷം പ്രമുഖ ബാങ്കുകളിലും കമ്പ്യൂട്ടർ കമ്പനികളിലുമെല്ലാം രാകേഷ് ജോലി ചെയ്തുകൊണ്ട് മികച്ച കരിയർ അദ്ദേഹം കെട്ടിപ്പടുത്തു. സാമ്പത്തികമായി ഉന്നതമായ നിലയിലാണെങ്കിലും എന്തോ ഒരു കുറവ് രാകേഷിന് തോന്നി. അതായിരുന്നു വഴിത്തിരിവ്. പിന്നാലെ അദ്ദേഹം ആ തീരുമാനമെടുത്തു. ജോലി രാജിവെച്ചു.
'തുടക്കത്തിൽ എല്ലാം ഓകെയായിരുന്നു. എന്നാൽ ഞാൻ മറ്റുള്ളവരെ സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഞാൻ ക്രമേണെ തിരിച്ചറിഞ്ഞു. ഞാൻ എന്നെത്തന്നെ മറന്നു. എനിക്ക് എല്ലാ സുഖസൗകര്യങ്ങളുമുണ്ടായിരുന്നു. പക്ഷേ മനസ്സമാധാനം മാത്രമില്ലായിരുന്നു.'-രാകേഷ് പറഞ്ഞു.
കോർപ്പറേറ്റ് ലോകം വൈകാരികമായി തളർത്തുന്ന ഇടമാണെന്ന് അദ്ദേഹം പറയുന്നു. ഫലമുണ്ടാക്കാൻ വേണ്ടി മാത്രമാണ് അവിടെ ആളുകളെ വേണ്ടത്. തന്റെ ജോലിയുടെ ഉദ്ദേശം എന്താണെന്ന ചോദ്യം ഉന്നയിക്കാൻ തന്നെ പ്രേരിപ്പിച്ചത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.
'ഒരേ കാര്യത്തെ കുറിച്ച് വീണ്ടും വീണ്ടും ചിന്തിച്ചുകൊണ്ട് മണിക്കൂറുകളോളം ഞാൻ ഇരിക്കുമായിരുന്നു. ഞാൻ തീരെ പുറത്തേക്ക് ഇറങ്ങാതായി.'-രാകേഷ് തുടർന്നു. തുടർന്ന് സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കാനായി അദ്ദേഹം തീരുമാനിച്ചു. മനുഷ്യരുടെ പെരുമാറ്റത്തെ മനസിലാക്കാൻ മാനസികാരോഗ്യത്തെ കുറിച്ച് പഠിച്ചു. ശാരീരികാരോഗ്യത്തെ കുറിച്ചും അദ്ദേഹം ആഴത്തിൽ പഠിച്ചു. ഉപവാസത്തിലൂടെ 15 കിലോഗ്രാം ശരീരഭാരം കുറച്ചു.
ആയോധനകലകൾ അഭ്യസിച്ചു. സംസ്ഥാനതല മത്സരങ്ങളിൽ വെള്ളിമെഡൽ നേടി. ഒപ്പം ഒരു മടിയും കൂടാതെ എന്ത് ജോലിയും ചെയ്തു. ഭക്ഷണവിതരണം, ബൈക്ക് ടാക്‌സി ഡ്രൈവർ, ജിമ്മിൽ നിലം വൃത്തിയാക്കൽ തുടങ്ങിയ ജോലികളെല്ലാം ഇതിലുൾപ്പെടുന്നു. ഈ അനുഭവങ്ങൾ തന്റെ അന്തസ്സിനേയും സ്വാതന്ത്ര്യത്തേയും പുനർനിർമിക്കാൻ സഹായിച്ചുവെന്ന് രാകേഷ് പറഞ്ഞു.
ഇന്ന് രാകേഷ് ബെംഗളൂരുവിൽ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുകയാണ്. അതിനൊപ്പം തന്റെ പാഷനായ നൃത്തവും പെയിന്റിങ്ങും ചെയ്യുന്നുണ്ട്.
Content Highlights: Rakesh, a former tech professional in Bengaluru, walked away from a high-paying career to prioritize his mental health and personal freedom. After battling corporate stress, he now finds joy in driving an electric auto, practicing martial arts, and pursuing his passion for painting and dance.