ബാഷര്‍ അല്‍ അസദുമായുള്ള വിവാഹമോചനത്തിന് അസ്മ അപേക്ഷ നൽകിയെന്ന റിപ്പോർട്ട് തള്ളി റഷ്യ

അസ്മയും അസദും| ഫോട്ടോ: Salah Malkawi/ Getty Images
അസ്മയും അസദും| ഫോട്ടോ: Salah Malkawi/ Getty Images

മോസ്‌കോ: സിറിയയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭാര്യ അസ്മ അല്‍ അസദ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെന്ന റിപ്പോര്‍ട്ട് തള്ളി ക്രെംലിന്‍ വക്താവ്.  

റഷ്യയിലെ ജീവിതത്തില്‍ തൃപ്തയല്ലാത്തതിന് പിന്നാലെ അസ്മ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതെന്ന് തുര്‍ക്കി, അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജന്മനാടായ ലണ്ടനിലേക്ക് മാറാനാണ് അസ്മ ആഗ്രഹിക്കുന്നതെന്നായിരുന്നു  റിപ്പോര്‍ട്ടുകള്‍. 

മോസ്‌കോയില്‍ അഭയം പ്രാപിച്ച അസദ്, നിലവില്‍ റഷ്യന്‍ സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കു വിധേയനായാണു കഴിയുന്നത്. മോസ്‌കോ വിടുന്നതിനോ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനോ വിലക്കുള്‍പ്പെടെയുള്ളതാണ് നിയന്ത്രണങ്ങള്‍. എന്നാൽ ഈ റിപ്പോർട്ടുകളും ക്രെംലിൻ വക്താവ് ദിമിത്രി പിസ്കോവ് തള്ളിയിട്ടുണ്ട്. 

അദ്ദേഹത്തിന്റെ 270 കിലോഗ്രാം സ്വര്‍ണവും 2 ബില്യണ്‍ യുഎസ് ഡോളറും മോസ്‌കോയിലെ 18 അപ്പാര്‍ട്ടുമെന്റുകളും ഉള്‍പ്പെടുന്ന പണവും സ്വത്തുക്കളും റഷ്യന്‍ അധികൃതര്‍ മരവിപ്പിച്ചതായും റിപ്പോര്‍ട്ടുകൾ വന്നിരുന്നു.

യു.കെയിലും സിറിയയിലുമായി ഇരട്ട  പൗരത്വമുള്ള അസ്മയുടെ മാതാപിതാക്കൾ സിറിയന്‍ സ്വദേശികളാണെങ്കിലും  ലണ്ടനിലാണ് അസ്മ ജനിച്ചതും വളര്‍ന്നതും. 

'സിറിയയുടെ ഡയാന' എന്നാണ് മുന്‍ പ്രഥമവനിത അസ്മ അല്‍ അസദിനെ ഒരു കാലത്ത് സിറിയക്കാര്‍ വിശേഷിപ്പിച്ചിരുന്നത്.  ലണ്ടനിലെ ക്വീന്‍സ് കോളേജിലും കിങ്സ് കോളേജിലുമായി വിദ്യാഭ്യാസം. 1992-ല്‍ ലണ്ടനില്‍ വെച്ചാണ് അസദും അസ്മയും പരിചയപ്പെടുന്നത്. ഡോക്ടറായി പരിശീലനം നേടാന്‍ ലണ്ടനിലെത്തിയതായിരുന്നു അസദ് അന്ന്. അസ്മ പിന്നീട് ബ്രിട്ടനിലെ ജെപി മോര്‍ഗനില്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കറായി. 

അസ്മയ്ക്ക് 25 വയസ്സുള്ളപ്പോള്‍ 35-കാരനായ അസദിനെ വിവാഹം ചെയ്തു. ലണ്ടനിലെ ജോലി അപ്പോഴേക്കും അവര്‍ ഉപേക്ഷിച്ചിരുന്നു. പിതാവിന്റെ വേര്‍പാടിനെത്തുടര്‍ന്ന് അതേവര്‍ഷം അസദ് സിറിയയുടെ ഭരണമേറ്റെടുത്തു. ഭരണത്തില്‍ സുപ്രധാനചുമതലകളിലെല്ലാം കുടുംബാംഗങ്ങളെ നിയമിക്കാന്‍ ശ്രദ്ധിച്ച അസദ് അസ്മയ്ക്കും നല്‍കി കാര്യമായ ചുമതല.  

രാജ്യത്ത് ആഭ്യന്തരയുദ്ധമാണെങ്കിലും അത്യാഡംബരരജീവിതം നയിച്ചവരായിരുന്നു അസദ് കുടുംബം. മൂന്നു മക്കളാണ് അസദിനും അസ്മയ്ക്കും. അസദിന്റെ പിതാവും മുന്‍ ഭരണാധികാരിയുമായ ഹഫീസ് അല്‍-അസദിന്റെ പേരാണ് മൂത്ത മകന് നല്‍കിയത്, ഹഫീസ്. മകള്‍ സെയിന്‍, മകന്‍ കരിം എന്നിവരാണ് മറ്റുമക്കള്‍. 2013 ജനുവരിയില്‍, അസ്മ നാലാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തിയിരുന്നെങ്കിലും ഗര്‍ഭധാരണത്തെപ്പറ്റി പിന്നീട് വിവരങ്ങളുണ്ടായിരുന്നില്ല. സിറിയയില്‍ സംഘര്‍ഷം കടുത്തപ്പോള്‍ അസ്മ മക്കളുമായി ലണ്ടനിലേക്ക് താമസം മാറി. 

നിലവില്‍ അര്‍ബുദബാധിതയാണ് 48-കാരിയായ അസ്മ. നേരത്തേ സ്തനാര്‍ബുദം ബാധിച്ചിരുന്നു, ഒരു വര്‍ഷത്തെ ചികിത്സയ്ക്കൊടുവില്‍ രോഗം ഭേദമായെന്ന് 2019-ല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇക്കൊല്ലം മേയ്മാസത്തില്‍ അസ്ഥിമജ്ജയെ ബാധിക്കുന്ന അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ എന്ന അര്‍ബുദം സ്ഥിരീകരിച്ചുവെന്നും ചികിത്സയിലാണെന്നുമാണ് റിപ്പോര്‍ട്ട്. വിമതര്‍ സിറിയയുടെ അധികാരം പിടിക്കുമ്പോള്‍ ലണ്ടനില്‍ താമസിക്കുകയായിരുന്നു അസ്മ

അസദിന് റഷ്യ രാഷ്ട്രീയ അഭയം കൊടുത്തതിനു പിന്നാലെ അസ്മയും കുടുംബവും റഷ്യയിലെത്തിയെന്നാണ് സൂചന. റഷ്യ സുരക്ഷിതയിടമെന്ന് മുന്‍കൂട്ടി കണ്ട് അസദ് നേരത്തേ തന്നെ അവിടെ ആഡംബരവസതികള്‍ സ്വന്തമാക്കിയിരുന്നു. മോസ്‌കോയില്‍ കുറഞ്ഞത് 20 ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകളെങ്കിലും വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. 30 മില്യണ്‍ ഡോളറിലധികം വിലവരുന്നവയാണിത്. നഗരഹൃദയങ്ങളില്‍ വരേണ്യവിഭാഗങ്ങളും അന്താരാഷ്ട്ര കോര്‍പറേറ്റുകളും താമസിക്കുന്ന സിറ്റി ഓഫ് ക്യാപിറ്റല്‍സ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണിവ.

Content Highlights: Reports claim Asma al-Assad filed for divorce in Moscow, kremlin denies