വൈകിയതിന്‌ ട്രോളി, കാരണമറിഞ്ഞ് ഞെട്ടി; കിടപ്പാടം നഷ്ടമായ കോച്ചിന് വീട് സമ്മാനിച്ച നെഹ്റയുടെ കഥ

Photo: x.com/
Photo: x.com/

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഏറെ വ്യത്യസ്തനായിരുന്നു ഡല്‍ഹിക്കാരന്‍ ആശിഷ് നെഹ്‌റ. 1999 മുതല്‍ 2017 വരെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമായിരുന്നു ഈ ഇടംകൈയന്‍ പേസര്‍. 2003 ലോകകപ്പില്‍ ജവഗല്‍ ശ്രീനാഥിനും സഹീര്‍ ഖാനുമൊപ്പം ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ നേതൃസ്ഥാനത്ത് നെഹ്‌റയുണ്ടായിരുന്നു. 2011-ല്‍ ഇന്ത്യ ലോകകപ്പ് കിരീടമുയര്‍ത്തുമ്പോഴും ടീമില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. കളിയില്‍ നിന്ന് വിരമിച്ച ശേഷം ഐപിഎല്‍ ടീമുകളുടെ പരിശീലക സംഘത്തിന്റെ ഭാഗമായ നെഹ്‌റ, 2022-ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനായി കന്നി സീസണില്‍ തന്നെ ടീമിനെ കിരീടത്തിലേക്കും നയിച്ചു. സ്മാര്‍ട്ട് ഫോണുകളും സോഷ്യല്‍ മീഡിയയും വ്യാപകമായ കാലത്ത് പഴയ കീപാഡ് ഫോണ്‍ ഉപയോഗിച്ചും സോഷ്യല്‍ മീഡിയ ബഹളങ്ങളില്‍ നിന്നകന്നും അദ്ദേഹം വ്യത്യസ്തനായി.

ഇപ്പോഴിതാ താമസിക്കാന്‍ സ്വന്തമായി ഒരു വീടില്ലാതിരുന്ന തന്റെ ബാല്യകാല പരിശീലകന്‍ താരക് സിന്‍ഹയ്ക്ക് നെഹ്‌റ ഒരു വീട് വാങ്ങി സമ്മാനിച്ച കഥ പങ്കുവെച്ചിരിക്കുകയാണ് കമന്റേറ്ററായ പദംജീത് സെഹ്റാവത്ത്. അടുത്തിടെ ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുന്നതിനിടെയാണ് സെഹ്‌റാവത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.

2021-ല്‍ താരക് സിന്‍ഹ അന്തരിച്ചിരുന്നു. 1969-ല്‍ ഡല്‍ഹിയില്‍ അദ്ദേഹം ആരംഭിച്ച ക്രിക്കറ്റ് ക്ലബ്ബായിരുന്നു സോണറ്റ് ക്രിക്കറ്റ് ക്ലബ്ബ്. നെഹ്റ, ശിഖര്‍ ധവാന്‍, ആകാശ് ചോപ്ര, ഋഷഭ് പന്ത്, മനോജ് പ്രഭാകര്‍, അഞ്ജും ചോപ്ര തുടങ്ങി പില്‍ക്കാലത്ത് ഇന്ത്യന്‍ ടീമിലെത്തിയ പലരും താരത്തിന്റെ ശിക്ഷണത്തിലാണ് കളിച്ചുതുടങ്ങിയത്.

ഒരിക്കല്‍ നെഹ്‌റ സോണറ്റ് ക്രിക്കറ്റ് ക്ലബ്ബില്‍ പരിശീലനം നടത്തുകയായിരുന്നു. അന്ന് പരിശീലകനായിരുന്ന താരക്, ക്ലബ്ബിലെത്താന്‍ വൈകി. വൈകി വരുന്ന നിങ്ങള്‍ എങ്ങനെയാണ് കുട്ടികളെ പരിശീലിപ്പിക്കുകയെന്ന് അദ്ദേഹത്തെ ഒന്ന് കളിയാക്കിക്കൊണ്ട് നെഹ്‌റ ചോദിച്ചു. എന്നാല്‍ താരക് പറഞ്ഞ മറുപടി എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. ''നീ ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ്‌. താമസിക്കുന്നത് ഒരു ബംഗ്ലാവിലും. ഞാന്‍ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ വീടൊഴിയണമെന്നു പറഞ്ഞ് വീട്ടുടമസ്ഥന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അതിനാല്‍ ഞാന്‍ താമസിക്കാന്‍ പുതിയ സ്ഥലം അന്വേഷിച്ചുപോയതായിരുന്നു. അതിനാല്‍ വൈകി.'' - എന്നായിരുന്നു താരകിന്റെ മറുപടി.

അതിനു ശേഷം രണ്ടു ദിവസം കനത്ത മഴയായതിനാല്‍ ക്ലബ്ബ് അടച്ചിട്ടു. മൂന്നാം ദിവസം ആശിഷ് നെഹ്‌റ പരിശീലനത്തിനെത്തിയത് മൂന്നു മണിക്കൂര്‍ വൈകിയായിരുന്നു. ഇത്തവണ വൈകിയതിന് താരക്, നെഹ്‌റയെ കളിയാക്കാന്‍ തുടങ്ങി. എന്നാല്‍ നെഹ്‌റയുടെ പ്രവൃത്തി അവിടെ കൂടിയിരുന്നവരെയെല്ലാം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. തന്നെ കളിയാക്കിക്കൊണ്ടിരുന്ന താരകിന്റെ അടുത്തേക്ക് വന്ന നെഹ്‌റ ഒരു വീടിന്റെ താക്കോല്‍ അദ്ദേഹത്തില്‍ കൈയില്‍വെച്ചുകൊടുത്തു. നെഹ്‌റയുടെ ഈ പ്രവൃത്തി താരകിനെ പോലും അദ്ഭുതപ്പെടുത്തിയെന്നും സെഹ്‌റാവത്ത് ഓര്‍ത്തെടുക്കുന്നു.

12-ഓളം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും നൂറിലധികം ഫസ്റ്റ് ക്ലാസ് താരങ്ങളെയും പരിശീലിപ്പിച്ച താരക് സിന്‍ഹ, ഇന്ത്യന്‍ ക്രിക്കറ്റിലെ എണ്ണം പറഞ്ഞ പരിശീലകരില്‍ പ്രമുഖനായിരുന്നു. 2001-2002 കാലത്ത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്നു. കായികരംഗത്തെ ആജീവനാന്ത സംഭാവനകള്‍ക്ക് 2018-ല്‍ രാജ്യം അദ്ദേഹത്തിന് ദ്രോണാചാര്യ പുരസ്‌കാരം സമ്മാനിച്ചു. 

Content Highlights: Former Indian cricketer Ashish Nehra`s heartwarming gesture of gifting a house to his late coach