നെപ്പോട്ടിസം ആശയം കൊണ്ടുവന്നത് കങ്കണ; സ്റ്റാർ കിഡ്സിന് ഒന്നും എളുപ്പമല്ല- അർഷാദ് വർസി

#ലൈഫ്സ്റ്റൈൽ ഡെസ്ക്
കങ്കണ റണൗട്ട്, അര്‍ഷാദ് വര്‍സി | Photo: arshad_warsi, kanganaranaut
കങ്കണ റണൗട്ട്, അര്‍ഷാദ് വര്‍സി | Photo: arshad_warsi, kanganaranaut

നെപ്പോട്ടിസം എന്ന ആശയം സിനിമാ ലോകത്തേക്ക് കൊണ്ടുവന്നത് നടി കങ്കണ റണൗട്ടാണെന്ന് നടൻ അർഷാദ് വർസി. സിനിമാ പശ്ചാത്തലമുള്ള കുടുംബങ്ങളിൽ നിന്ന് വരുന്നതുകൊണ്ട് മാത്രം ഒരാൾക്കും വിജയം ഉറപ്പാക്കാൻ കഴിയില്ലെന്നും, പലപ്പോഴും സ്റ്റാർ കിഡ്സിന് കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു ഇൻഡസ്ട്രിയിലെ അവസരങ്ങളെക്കുറിച്ചും സ്റ്റാർ കിഡ്സിന്റെ കരിയറിനെക്കുറിച്ചുമുള്ള അർഷാദ് വർസിയുടെ പ്രതികരണം.

'കങ്കണയാണ് ഈ ഒരു ആശയവുമായി മുന്നോട്ട് വന്നത്. എന്നാൽ യാഥാർത്ഥ്യം അതല്ല. സ്റ്റാർ കിഡ്‌സ് ആണെങ്കിലും അല്ലെങ്കിലും, കഴിവില്ലെങ്കിൽ ജനങ്ങൾ സ്വീകരിക്കില്ല,' അർഷാദ് വർസി പറഞ്ഞു. സ്വന്തം കഴിവും ഭാഗ്യവും ഉണ്ടെങ്കിൽ മാത്രമേ സിനിമയിൽ പിടിച്ചുനിൽക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമാ കുടുംബങ്ങളിൽ നിന്നുള്ളവർക്ക് ആദ്യത്തെ കുറച്ചു ചിത്രങ്ങൾ ലഭിക്കാൻ എളുപ്പമായിരിക്കും എന്നത് സത്യമാണ്. എന്നാൽ അത് തുടർച്ചയായ വിജയത്തിലേക്ക് നയിക്കില്ല. പ്രേക്ഷകർക്ക് മുന്നിൽ സ്വന്തം വ്യക്തിത്വം തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ ആദ്യ സിനിമയ്ക്ക് ശേഷം അവർക്ക് മുന്നോട്ടുള്ള വഴി അടയും. അതേസമയം, പുറത്തുനിന്ന് വരുന്നവർക്ക് ആദ്യ അവസരം കിട്ടാൻ താമസം നേരിട്ടേക്കാം, എന്നാൽ ജനങ്ങൾ സ്വീകരിച്ചാൽ അവർക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വരില്ലെന്നും അർഷാദ് വ്യക്തമാക്കി.

ബോളിവുഡിലെ കാസ്റ്റിംഗ് രീതികളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. നിർമ്മാതാക്കൾ വിജയം മാത്രമാണ് നോക്കുന്നത്. ഒരു നടന്റെ സിനിമകൾ സാമ്പത്തികമായി വിജയിക്കുന്നുണ്ടെങ്കിൽ മാത്രമേ അവരെ വീണ്ടും തേടി അവസരങ്ങൾ എത്തുകയുള്ളൂ. അവിടെ കുടുംബപ്പേര് നോക്കി പണം മുടക്കാൻ ആരും തയ്യാറാവില്ലെന്ന് നടൻ ചൂണ്ടിക്കാട്ടി.

തന്റെ സ്വന്തം കരിയറിനെ ഉദാഹരിച്ചുകൊണ്ട് സംസാരിച്ച അർഷാദ്, ഒരു സിനിമാ പശ്ചാത്തലവുമില്ലാതെയാണ് താൻ ഇൻഡസ്ട്രിയിലേക്ക് വന്നതെന്നും എന്നാൽ ഇത്രയും വർഷമായി പ്രേക്ഷകരുടെ പിന്തുണയോടെ തുടരാൻ സാധിക്കുന്നുണ്ടെന്നും ഓർമ്മിപ്പിച്ചു. 2017-ൽ കരൺ ജോഹർ അവതാരകനായ 'കോഫി വിത്ത് കരൺ' എന്ന ചാറ്റ് ഷോയിലാണ് ഫ്‌ലാഗ് ബെയറർ ഓഫ് നെപ്പോട്ടിസം എന്ന് കരണിനെ കങ്കണ വിശേഷിപ്പിച്ചത്. തുടർന്ന് നെപ്പോട്ടിസത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് ബോളിവുഡിൽ തുടക്കമായി.