ജീവൻ ബലിയർപ്പിക്കാൻ തയ്യാറായ സൈനികന് സ്നേഹം പ്രകടിപ്പിച്ചുകൂടെ?- വിവാദത്തിൽ പിന്തുണയുമായി മുൻ സൈനികർ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
വൈറൽ പ്രൊപ്പോസലിന്റെ ദൃശ്യങ്ങൾ | Photos: X
വൈറൽ പ്രൊപ്പോസലിന്റെ ദൃശ്യങ്ങൾ | Photos: X

മഹാരാഷ്ട്രയിലെ നാസിക്കിൽ പാസിങ് ഔട്ട് പരേഡിന് ശേഷം കാമുകിയോട് പ്രണയാഭ്യർഥന നടത്തിയ യുവ ആർമി ക്യാപ്റ്റന് പിന്തുണയുമായി മുൻ സൈനിക ഉദ്യോഗസ്ഥർ രംഗത്ത്. ഹെലികോപ്റ്ററിന്റെ പശ്ചാത്തലത്തിൽ നടത്തിയ ഈ പ്രണയാഭ്യർഥന സൈനിക പ്രോട്ടോക്കോളുകളുടെ ലംഘനമാണെന്നും സൈനികനെതിരെ നടപടിയുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മുതിർന്ന ഉദ്യോഗസ്ഥർ പിന്തുണ പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച നാസിക്കിനടുത്തുള്ള കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിങ് സ്കൂളിലാണ് സംഭവം. പുതുതായി കമ്മീഷൻ ചെയ്യപ്പെട്ട പൈലറ്റായ ക്യാപ്റ്റൻ ഭരത് ഭരദ്വാജ് സൈനിക ഹെലികോപ്റ്ററിന് മുന്നിൽ വെച്ച് കാമുകി ആരുഷിയോട് വിവാഹാഭ്യർഥന നടത്തുകയായിരുന്നു. കോംബാറ്റ് ആർമി ട്രെയിനിങ് സ്‌കൂളിൽ നിന്ന് വൈമാനിക പരിശീലനം പൂർത്തിയാക്കി, പാസിങ് ഔട്ട് പരേഡിന് പിന്നാലെയായിരുന്നു ക്യാപ്റ്റൻ ഭരതിന്റെ വിവാഹാഭ്യർഥന.

ഭരത് ഭരദ്വാജ് ഔദ്യോഗിക യൂണിഫോമിൽ മുട്ടുകുത്തി നിന്ന് കാമുകിക്ക് മോതിരം നൽകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഹെലികോപ്റ്ററിന്റെ പശ്ചാത്തലത്തിൽ പകർത്തിയ ഈ ചിത്രങ്ങൾ നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റിയെങ്കിലും സൈനിക ഉപകരണങ്ങൾ ഉൾപ്പെടുന്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചത് അച്ചടക്കമില്ലായ്മയാണെന്ന് വിമർശനവും ഒപ്പമെത്തി. സംഭവത്തിൽ സൈന്യം ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ യുവ സൈനികനെതിരെയുള്ള ഇത്തരം കടുത്ത വിമർശനങ്ങളെ മുൻ സൈനിക ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞു. ലഫ്റ്റനന്റ് ജനറൽ (റിട്ട.) എച്ച്.എസ്. പനാഗ്, കേണൽ (റിട്ട.) സഞ്ജയ് പാണ്ഡെ, ലഫ്റ്റനന്റ് ജനറൽ (റിട്ട.) സതീഷ് ദുവ, ലഫ്റ്റനന്റ് ജനറൽ (റിട്ട.) ഡി.പി. പാണ്ഡെ, ലഫ്റ്റനന്റ് ജനറൽ (റിട്ട.) കൺവൽ ജീത് സിംഗ് ധില്ലൺ തുടങ്ങിയ പ്രമുഖർ ക്യാപ്റ്റന് അനുകൂലമായാണ് പ്രതികരിച്ചത്.

പരേഡിന് ശേഷമുള്ള ഇടവേളയിലാണ് ഈ സംഭവം നടന്നതെന്നും സൈനികർക്ക് ചിത്രങ്ങളെടുക്കാൻ അനുമതിയുള്ള സമയമായിരുന്നു ഇതെന്നും ഡി.പി. പാണ്ഡെ വ്യക്തമാക്കി. സൈനിക ഉപകരണങ്ങൾ പലപ്പോഴും പൊതുജനങ്ങൾക്ക് കാണാനായി പ്രദർശിപ്പിക്കാറുണ്ടെന്നും ഇതിൽ സുരക്ഷാ വീഴ്ചയൊന്നുമില്ലെന്നും ലഫ്റ്റനന്റ് ജനറൽ (റിട്ട.) സതീഷ് ദുവ പറഞ്ഞു.

"ഒരു യുവാവ് ഇത് ചെയ്തില്ലെങ്കിൽ മറ്റാരാണ് ഇത് ചെയ്യുക" (Youngster nahi karega, toh kaun karega) എന്നായിരുന്നു ലഫ്റ്റനന്റ് ജനറൽ (റിട്ട.) ധില്ലണിന്റെ പ്രതികരണം. ഇത് വിശുദ്ധമായ സ്നേഹപ്രകടനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയാറായ ഒരു സൈനികൻ തന്റെ സ്നേഹം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സൈന്യത്തിന്റെ റിക്രൂട്ട്മെന്റ് ക്യാമ്പെയ്നുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ചിത്രമാണിതെന്ന് കേണൽ (റിട്ട.) സഞ്ജയ് പാണ്ഡെ അഭിപ്രായപ്പെട്ടു.

Content Highlights: Retired senior military officers have come out in strong support of a newly commissioned Army Captain, Bharat Bhardwaj, who faced potential disciplinary action after a video of him proposing to his girlfriend in front of a military helicopter went viral in Nashik.