ആംബറിന്റെ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ മസ്‌ക്കോ?; ചര്‍ച്ചയായി ശീതീകരിച്ച അണ്ഡവുമായി ബന്ധപ്പെട്ട കേസ്

ആംബര്‍ ഹേര്‍ഡ് ഇലോണ്‍ മസ്‌ക്കിനൊപ്പം/ ആംബര്‍ ഹേര്‍ഡ് ഇന്‍സ്റ്റയില്‍ പങ്കുവെച്ച കുഞ്ഞിക്കാലുകളുടെ ചിത്രം | Photo: instagram/ amber heard
ആംബര്‍ ഹേര്‍ഡ് ഇലോണ്‍ മസ്‌ക്കിനൊപ്പം/ ആംബര്‍ ഹേര്‍ഡ് ഇന്‍സ്റ്റയില്‍ പങ്കുവെച്ച കുഞ്ഞിക്കാലുകളുടെ ചിത്രം | Photo: instagram/ amber heard

ഇരട്ടക്കുട്ടികളുടെ അമ്മയായെന്ന സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ച് ഹോളിവുഡ് താരം ആബംര്‍ ഹേര്‍ഡ്. മാതൃദിനത്തില്‍ മനോഹരമായൊരു കുറിപ്പും ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ ആംബര്‍ പോസ്റ്റ് ചെയ്തു. 2025-ലെ മാതൃദിനം തനിക്കൊരിക്കലും മറക്കാനാവാത്ത ഒന്നായിരിക്കുമെന്നും വര്‍ഷങ്ങളായി താന്‍ കെട്ടിപ്പടുക്കാന്‍ ശ്രമിച്ച കുടുംബം പൂര്‍ണമായിരിക്കുന്നുവെന്നും അവര്‍ കുറിച്ചു. ഇതിനൊപ്പം നാല് കുഞ്ഞിക്കാലുകളുടെ ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരട്ടക്കുട്ടികളില്‍ പെണ്‍കുട്ടിക്ക് ആഗ്നസ് എന്നും ആണ്‍കുട്ടിക്ക് ഓഷ്യന്‍ എന്നുമാണ് പേരിട്ടിരിക്കുന്നത്. നാല് വസയുള്ള ഒരു മകള്‍ കൂടി ആംബറിനുണ്ട്. ഊനാ എന്നാണ് ഈ കുഞ്ഞിന്റെ പേര്. മൂന്ന് കുഞ്ഞുങ്ങളുടേയും അമ്മയായത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഈ യാത്രയില്‍ ഒറ്റയ്ക്കാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

നാല് വര്‍ഷം മുമ്പ് തന്റെ ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോള്‍ തന്റെ ലോകം എന്നെന്നേക്കുമായി മാറിയെന്നും അന്നത്തേക്കാള്‍ മൂന്നിരട്ടി സന്തോഷത്തിലാണ് ഇപ്പോഴുള്ളതെന്നും ആംബര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അമ്മയാകാമെന്ന് സ്വയം തീരുമാനിച്ച് കുഞ്ഞിന് ജന്മം നല്‍കിയത് ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമായി തോന്നുന്നുവെന്നും അവര്‍ പറയുന്നു. 

എന്നാല്‍ ഇതിന് പിന്നാലെ കുഞ്ഞുങ്ങളുടെ അച്ഛന്‍ ആരാണെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരുകാലത്ത് ആംബറുമായി പ്രണയത്തിലായിരുന്ന ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കാണ് കുഞ്ഞുങ്ങളുടെ അച്ഛന്‍ എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. അവരുടെ ബന്ധത്തിനിടയില്‍ അണ്ഡങ്ങൾ ശീതീകരിച്ച് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായിരുന്നെന്നും മസ്‌ക്ക് ആംബറിനെതിരെ നിയമപോരാട്ടം നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2022-ലെ ഒരു കേസിനിടെ, ആംബറിന്റെ സഹോദരി വിറ്റ്‌നിയുടെ ഒരു അടുത്ത സുഹൃത്ത്, ആംബറും മസ്‌ക്കും ഒരുമിച്ച് കുട്ടികളുണ്ടാക്കാന്‍ പദ്ധതിയിട്ടിരുന്നതായി പറയുന്ന ഒരു സത്യവാങ്മൂലത്തില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ മസ്‌ക്ക് പിന്നീട് തീരുമാനത്തില്‍നിന്ന് പിന്മാറിയിട്ടും ആംബര്‍ അതില്‍തന്നെ ഉറച്ചുനിന്നുവെന്നും ആംബറിന്റെ മുന്‍ സുഹൃത്തും നടിയും നിര്‍മാതാവുമായ ജെന്നിഫര്‍ ഹോവല്‍ പറയുന്നു. ഇതെല്ലാമാണ് കുഞ്ഞുങ്ങളുടെ അച്ഛന്‍ മസ്‌ക്ക് ആയിരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നത്. 

എന്നാല്‍ ആംബറിനെ പിന്തുണച്ചും ഒട്ടേറെ പേര്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ആംബറിന്റെ കുഞ്ഞുങ്ങളുടെ അച്ഛന്‍ ആരാണ് എന്നത് ഇത്രയും പ്രാധാന്യമുള്ള കാര്യമാകുന്നത് എങ്ങനെയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അമ്മയായതെന്ന് അവര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ അതിന് പിന്നാലെ പോകുന്നത് എന്തിനാണെന്നും ഒരു ഉപയോക്താവ് കുറിച്ചു. 

നേരത്തെ മുന്‍ ഭര്‍ത്താവും നടനുമായ ജോണി ഡെപ്പുമായുള്ള കേസില്‍ ഡെപ്പിന് അനുകൂലമായി കോടതി വിധി വന്നിരുന്നു. 2018-ല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ഗാര്‍ഹിക പീഡനത്തെ അതിജീവിച്ച വ്യക്തിയാണ് താനെന്ന് ആംബര്‍ സ്വയം വിശേഷിപ്പിച്ചിരുന്നു. ഇതോടെ ഡിസ്‌നി അടക്കമുള്ള വന്‍ നിര്‍മാണ കമ്പനികള്‍ തങ്ങളുടെ സിനിമകളില്‍നിന്ന് ഡെപ്പിനെ ഒഴിവാക്കി. തന്നെ വ്യക്തിഹത്യ ചെയ്തുവെന്നും സിനിമാജീവിതം തകര്‍ക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ ലേഖനമെന്ന് ആരോപിച്ച് 2019-ല്‍ ഡെപ്പ് കേസ് നല്‍കി. മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് ആബംര്‍ 105 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന് യു.എസിലെ ഫെയര്‍ഫാക്‌സ് കൗണ്ടി സര്‍ക്യൂട്ട് കോടതി വിധിക്കുകയും ചെയ്തു. 2015-ല്‍ വിവാഹിതരായ ഡെപ്പും ആംബറും രണ്ട് വര്‍ഷത്തിനുള്ളില്‍ വിവാഹമോചിതരാകുകയും ചെയ്തു.
 

Content Highlights: are amber heards twins elon musks babies