'എനിക്കറിയില്ല! ഹണിമൂണിനിടെ റഹ്‌മാന്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍ സൈറയുടെ മറുപടി'; ആ സംഭവം ഇങ്ങനെ

സൈറ ബാനുവും എ.ആര്‍.റഹ്‌മാനും | ഫയല്‍ചിത്രം | Photo: Mathrubhumi & ANI
സൈറ ബാനുവും എ.ആര്‍.റഹ്‌മാനും | ഫയല്‍ചിത്രം | Photo: Mathrubhumi & ANI

സംഗീതസംവിധായകന്‍ എ.ആര്‍. റഹ്‌മാനും ഭാര്യ സൈറ ബാനുവും വേര്‍പിരിയുകയാണെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് ആരാധകര്‍. 29 വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തിനാണ് ഇരുവരും വിരാമംകുറിക്കുന്നത്. സൈറയുടെ അഭിഭാഷകയാണ് വിവാഹമോചനം സംബന്ധിച്ച വിശദീകരണം ആദ്യം പുറത്തുവിട്ടത്. തൊട്ടുപിന്നാലെ വിവാഹമോചനം സ്ഥിരീകരിച്ച് എ.ആര്‍. റഹ്‌മാൻ്റെ ഏറെ വൈകാരികമായ കുറിപ്പും പുറത്തുവന്നു. 

എ.ആര്‍. റഹ്‌മാന്റെയും സൈറയുടെയും ബന്ധുവാണ് നടന്‍ റഹ്‌മാന്‍. സൈറയുടെ സഹോദരി മെഹ്‌റുന്നിസയുടെ ഭര്‍ത്താവാണ് അദ്ദേഹം. ഒരിക്കല്‍ എ.ആര്‍. റഹ്‌മാനെക്കുറിച്ച് നടന്‍ റഹ്‌മാന്‍ രസകരമായ ചില ഓര്‍മകള്‍ പങ്കുവെച്ചിരുന്നു.

എ.ആര്‍. റഹ്‌മാന്റെ ഹണിമൂണിനിടെ അവരെ ഫോണില്‍ വിളിച്ചപ്പോള്‍ ലഭിച്ച മറുപടിയും എ.ആര്‍. റഹ്‌മാന്റെ ശാന്തസ്വഭാവത്തെക്കുറിച്ചുമാണ് അന്ന് നടന്‍ റഹ്‌മാന്‍ വാചാലനായത്. എ.ആര്‍. റഹ്‌മാന്‍ ഏറെ അര്‍പ്പണബോധമുള്ള, ആത്മീയതയില്‍ മുഴുകിയിരിക്കുന്ന വ്യക്തിയാണെന്നായിരുന്നു നടന്‍ റഹ്‌മാന്റെ അഭിപ്രായം. 

Also Read: 'പെൺകുട്ടികളേക്കുറിച്ച് ചിന്തിക്കാൻപോലും സമയമില്ല, അവൾ സുന്ദരി'; സൈറയെ ആദ്യം കണ്ടത് റഹ്മാൻ്റെ ഉമ്മ

''അദ്ദേഹത്തിന്റെ വിവാഹശേഷമുണ്ടായ ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. വിവാഹത്തിന് ശേഷം അദ്ദേഹം എന്റെ ഭാര്യാസഹോദരിയുമായി ഒരു ഹില്‍സ്‌റ്റേഷനിലേക്ക് ഹണിമൂണിന് പോയി. ആ ദിവസം രാത്രി ഏകദേശം ഒരു 12 മണിയോടെ ഞാന്‍ അവരെ ഫോണില്‍ വിളിച്ചു. സൈറയാണ് അന്ന് മറുപടി നല്‍കിയത്. അവള്‍ അപ്പോഴേക്കും ഉറങ്ങിയിരുന്നു. ഉറക്കത്തിനിടെയാണ് അവള്‍ ഫോണെടുത്തത്. റഹ്‌മാന്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍ 'എനിക്കറിയില്ല' എന്നായിരുന്നു സൈറയുടെ മറുപടി. ആ സമയം, മറ്റൊരു മുറിയില്‍ വീണ വായിച്ച് എന്തോ സംഗീതം കമ്പോസ് ചെയ്യുകയായിരുന്നു അദ്ദേഹം'', നടന്‍ റഹ്‌മാന്‍ പറഞ്ഞു.

Content Highlights: actor rahman remembers an incident while ar rahman and wife saira banu honeymoon