'എന്റെ ജീവിതത്തിൽ ഹോമിയോപ്പതിക്ക് സുപ്രധാന പങ്ക് ', പോസ്റ്റിനു പിന്നാലെ അനുഷ്കയ്ക്ക് വിമർശനം

#Lifestyle Desk
അനുഷ്കാ ശർമ | Photo: AFP
അനുഷ്കാ ശർമ | Photo: AFP

മ്മുടെ നാട്ടിൽ ഏറെ പ്രചാരത്തിലുള്ള സമാന്തര ചികിത്സാരീതിയാണ് ഹോമിയോപ്പതി. ഹോമിയോപ്പതി അശാസ്ത്രീയമാണെന്നും അങ്ങനെയല്ല, യാഥാർഥ്യമാണെന്നുമുള്ള ചർച്ചകൾ കാലങ്ങളായി സോഷ്യൽ മീഡിയയിലും പുറത്തുമെല്ലാം നടക്കുന്നുണ്ട്. ഇപ്പോഴിതാ ഹോമിയോപ്പതിയെ കുറിച്ചുള്ള ഈ ചർച്ച വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ബോളിവുഡ് നടി അനുഷ്‌കാ ശർമയുടെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയാണ് ഇതിനെല്ലാം തുടക്കമിട്ടത്.

പ്രമുഖ ഹോമിയോപ്പതി ഡോക്ടറായ ഡോ. രാജൻ ശങ്കരനും നമിതാ ഥാപ്പറും തമ്മിലുള്ള സംഭാഷണത്തിന്റെ ഒരുഭാഗമാണ് അനുഷ്‌ക ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. 'എന്റെ ജീവിതത്തിൽ ഹോമിയോപ്പതിക്ക് സുപ്രധാന പങ്കുണ്ട്. ആ യാത്രയിലെ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു ഡോ. രാജൻ ശങ്കരൻ. ആരോഗ്യകരമായ ജീവിതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകയെ ഞാൻ വളരെയധികം വിലമതിക്കുന്നു' -ഇതാണ് അനുഷ്‌കാ ശർമ കുറിച്ചത്.

അനുഷ്കാ ശർമയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി, അനുഷ്കാ ശർമ | Photos: instagram, PTI

ഹോമിയോപ്പതി രോഗാവസ്ഥകളെയല്ല, മറിച്ച് രോഗികളെയാണ് ചികിത്സിക്കുന്നത് എന്നാണ് അനുഷ്‌ക പങ്കുവെച്ച വീഡിയോ ഭാഗത്തിൽ ഡോ. രാജൻ ശങ്കരൻ പറയുന്നത്. ഹോമിയോപ്പതിയിലൂടെ ആരേയും ചികിത്സിക്കാം. എന്നാൽ എല്ലാവരുടേയും അസുഖം ഭേദമാക്കാൻ കഴിയില്ല. എല്ലാ സംവിധാനത്തിലേയും പോലെ ഹോമിയോപ്പതിക്കും പരിമിതികളുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിൽ ദീർഘകാല പരിഹാരങ്ങൾ ഇല്ല. മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്, അലർജികൾ, എക്‌സിമ തുടങ്ങിയ രോഗങ്ങളുമായി എത്തുന്നവർക്ക് ആധുനിക വൈദ്യശാസ്ത്രത്തിലെ ഡോക്ടർമാർ തന്നെ ഹോമിയോപ്പതി നിർദേശിക്കാറുണ്ട് എന്നെല്ലാമാണ് അഭിമുഖത്തിൽ ഡോ. രാജൻ ശങ്കരൻ പറയുന്നത്.

അനുഷ്‌കാ ശർമയുടെ സ്റ്റോറി പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഹോമിയോപ്പതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായി സോഷ്യൽ മീഡിയ രണ്ടായി തിരിഞ്ഞു. ഇരുകൂട്ടരും തമ്മിൽ വലിയ ചർച്ചയും സംവാദങ്ങളും വാക്കുതർക്കവുമെല്ലാമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

'അനുഷ്‌കാ ശർമ ഇന്ത്യക്കാർക്കായി ഹോമിയോപ്പതി നിർദേശിക്കുകയാണ്. വ്യാജ സ്വാമിമാർ മതിയാകാത്തതിനാലാണ് ഇപ്പോൾ അശാസ്ത്രീയമായ ഈ തട്ടിപ്പ് ചികിത്സയെ ഇന്ത്യക്കാർക്കിടയിൽ പ്രചരിപ്പിക്കുന്നത്. 'പ്രേമാനന്ദ് മഹാരാജിനെ കണ്ടാൽ എല്ലാ രോഗവും മാറും' എന്ന്, ആവശ്യത്തിന് പണം നൽകിയാൽ അവർ ആളുകളോട് പറയും.' -ഇതാണ് മോഹിത് ചൗഹാൻ എന്നൊരാൾ കുറിച്ചത്. 'ഹോമിയോപ്പതി അശാസ്ത്രീയമോ? സഹോദരാ, നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? മാനസികരോഗാശുപത്രിയിൽ പോണോ? അലോപ്പതിക്ക് ചികിത്സിക്കാൻ കഴിയാത്തത് പോലും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണ് ഹോമിയോപ്പതി' -എന്ന് മറ്റൊരാൾ അതിന് മറുപടി നൽകി.

വ്യക്തിപരമായ കാര്യമാണ് അനുഷ്‌ക പങ്കുവെച്ചതെന്നും ആരോടും ഈ ഡോക്ടറെ കാണണമെന്ന് അവർ നിർദേശിച്ചിട്ടില്ലെന്നും മറ്റൊരാൾ പറഞ്ഞു. ഇതെല്ലാം സ്വതന്ത്രമായ തീരുമാനമാണെന്നും അവർ കൂട്ടിച്ചേർത്തു. 'ആറ് കോടിയിലേറെ പേരാണ് നിങ്ങളെ ഫോളോ ചെയ്യുന്നത്. എന്നിട്ട് നിങ്ങൾ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ ഹോമിയോപ്പതിയെ പ്രൊമോട്ട് ചെയ്യുന്നു. ശരിയായ മരുന്ന് വേണ്ടെന്ന് വെച്ച് ഇത്തരം ചികിത്സകൾക്ക് പിന്നാലെ പോയി മരണപ്പെട്ട നിരവധി പേരെ എനിക്കറിയാം. അതാണോ നിങ്ങൾ പ്രചരിപ്പിക്കുന്നത്? ഇത് ആ തട്ടിപ്പ് ബാബയാണോ നിങ്ങൾക്ക് പറഞ്ഞുതന്നത്' എന്ന് അനുഷ്‌കയോടായി മറ്റൊരാൾ ചോദിച്ചു.

വേറേയും നിരവധി പേരാണ് ഇരുപക്ഷത്തുനിന്നും കമന്റുകളും പോസ്റ്റുകളുമായി രംഗത്തെത്തിയത്. സ്വന്തം അനുഭവങ്ങൾ നിരത്തിയാണ് പലരും ഹോമിയോപ്പതിയേയും അനുഷ്‌കയേയും പ്രതിരോധിച്ചത്.

Content Highlights: Bollywood actress Anushka Sharma triggered an intense online debate after sharing an Instagram story praising homeopath Dr. Rajan Sankaran, dividing social media users over the scientific validity and efficacy of homeopathy treatments.