'അവനെന്റെ സഹോദരനെപ്പോലെ'; വിരാട് കോലിക്ക് ഹൃദ്യമായ കുറിപ്പുമായി മകള്‍, പോസ്റ്റ് പങ്കിട്ട് അനുഷ്ക

ജൂണ്‍ 15 ലോകമെമ്പാടും ആളുകള്‍ ഫാദേഴ്‌സ് ഡേ ആയി ആചരിക്കുകയാണ്. ചലച്ചിത്രതാരങ്ങളടക്കം നിരവധി പ്രമുഖര്‍ തങ്ങളുടെ പിതാക്കന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്ക് ആശംസകളറിയിച്ചുകൊണ്ട് മകള്‍ വാമിക കുറിച്ച വരികള്‍ ആരാധകരുടെ മനംകവര്‍ന്നിരിക്കുകയാണ്. ബോളിവുഡ് നടിയും വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ സോഷ്യല്‍മീഡിയയില്‍ പങ്കിട്ട പോസ്റ്റിലാണ് ഈ ചെറിയ ആശംസാകുറിപ്പുള്ളത്.
തന്റെ അച്ഛനും ഭര്‍ത്താവ് കോലിക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടൊണ് അനുഷ്‌ക പോസ്റ്റ് പങ്കുവെച്ചത്. പിതാവ് അജയ് കുമാര്‍ ശര്‍മയുടെ ചിത്രവും മകള്‍ വാമിക കോലിക്ക് എഴുതിയ കുറിപ്പിന്റെ ചിത്രവുമാണതില്‍. 'ഞാന്‍ ആദ്യമായി സ്‌നേഹിച്ച പുരുഷനും ഞങ്ങളുടെ മകള്‍ ആദ്യമായി സ്‌നേഹിച്ച പുരുഷനും, ലോകമെമ്പാടുമുള്ള എല്ലാ പിതാക്കന്മാര്‍ക്കും പിതൃദിനാശംസകള്‍'- അനുഷ്‌ക അടിക്കുറിപ്പായി എഴുതി.
'അവനെക്കാണാന്‍ എന്റെ സഹോദരനെപ്പോലെയാണ്. തമാശക്കാരനാണ്. എന്നെ ഇക്കിളിയാക്കുന്നയാളാണ്. ഞാന്‍ അദ്ദേഹത്തോടൊപ്പം മേക്കപ്പിട്ട് കളിക്കാറുണ്ട്. ഞാനദ്ദേഹത്തെ ഒരുപാട് സ്‌നേഹിക്കുന്നു. അദ്ദേഹമെന്നെ ഇത്രയേറെ സ്‌നേഹിക്കുന്നു (കൈകള്‍ വിടര്‍ത്തിക്കൊണ്ട്). ഫാദേഴ്‌സ് ഡേ ആശംസകള്‍.'- എന്നെഴുതിയ കുറിപ്പില്‍ വാമിക തന്റെ കൈപ്പടയിലാണ് വാമിക എന്ന പേര് എഴുതിയിരിക്കുന്നത്.
നിരവധി പേരാണ് അനുഷ്‌കയുടെ സോഷ്യല്‍മീഡിയാ പോസ്റ്റിന് കമന്റുകളുമായെത്തിയത്. വാമിക തന്റെ പേര് എഴുതിയതു കണ്ട ആരാധകരില്‍ പലരും അത് എടുത്തുപറഞ്ഞുകൊണ്ടാണ് കമന്റുകള്‍ കുറിച്ചത്.
2017-ല്‍ വിവാഹിതരായ അനുഷ്‌കയ്ക്കും വിരാട് കോലിക്കും രണ്ട് മക്കളാണുള്ളത്. ഇതില്‍ മുതിര്‍ന്ന കുട്ടിയാണ് വാമിക. 2021 ജനുവരി 11-നാണ് വാമിക ജനിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 14-നാണ് ആണ്‍കുട്ടി അകായ് ജനിച്ചത്.
18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്റെ 18-ാം നമ്പര്‍ ജഴ്സിയില്‍ വിരാട് കോലി കിരീടമുയര്‍ത്തിയത് ഈയടുത്താണ്. അന്ന് വിജയാഹ്ലാദത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിയെത്തി കോലിയെ അനുഷ്‌ക ആശ്ലേഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലടക്കം വൈറലായിരുന്നു. ഇരുവരുടേയും പ്രണയത്തെ കുറിച്ച് ആളുകള്‍ വീണ്ടും ചര്‍ച്ചയാക്കി ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് മറ്റൊരു ഹൃദ്യമായ കുറിപ്പ് അനുഷ്‌ക ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്.
Content Highlights: Anushka sharma shares fathers day post