'നീലിയാണോ അതോ കുഞ്ഞാത്തോലോ' എന്ന് ആരാധകര്‍; ശ്രദ്ധനേടി അന്ന ബെന്നിന്റെ പുതിയ ഫോട്ടോഷൂട്ട്

അന്ന ബെൻ പങ്കുവെച്ച ചിത്രങ്ങൾ | Photo: Instagram/benanna_love
അന്ന ബെൻ പങ്കുവെച്ച ചിത്രങ്ങൾ | Photo: Instagram/benanna_love

പുളിയിലക്കര കസവുമുണ്ടുടുത്ത് മുല്ലപ്പൂ ചൂടി നില്‍ക്കുന്ന, ചലച്ചിത്രതാരം അന്ന ബെന്നിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധനേടുന്നു. അന്ന ബെന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. 

പുളിയിലക്കര കസവുള്ള സെറ്റും മുണ്ടുമുടുത്ത്, മുല്ലപ്പൂ ചൂടി, കാശിമാലയണിഞ്ഞ്‌, മുറുക്കാനും കൈയില്‍ പിടിച്ച് അന്ന നില്‍ക്കുന്നതും പൊട്ടിച്ചിരിക്കുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്. കാടിന്റെ അന്തരീക്ഷത്തില്‍ രാത്രിയാണ് ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ളത്. വെറ്റിലയില്‍ ചുണ്ണാമ്പു തേയ്ക്കുന്നതടക്കം പോസ്റ്റിലുള്‍പ്പെടാത്ത ചില ചിത്രങ്ങളും 'മുറുക്കാനുണ്ടോ' എന്ന് ചോദിക്കുന്ന വീഡിയോയും സ്റ്റോറിയായി താരം പുറത്തുവിട്ടിരുന്നു.

ജാനകിക്കുട്ടിക്കൊപ്പം ചിരിക്കുന്നുവെന്നും എന്റെ ജാനകിക്കുട്ടിയെ കാത്തിരിക്കുന്നു എന്നും, ഈ വര്‍ഷം ഓണക്കോടിക്ക് അല്‍പം നിഗൂഢതയുണ്ടായിരുന്നെന്നും കുറിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 

എംടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളാണ് യക്ഷിയായ കുഞ്ഞാത്തോലും നായികയായ ജാനകിക്കുട്ടിയും. 

ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ 'ലോക: ചാപ്റ്റര്‍: വണ്‍ ചന്ദ്ര'യില്‍ അന്ന ബെന്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഇതിവൃത്തത്തോട് സാദൃശ്യമുള്ളതിനാല്‍ അന്നയുടെ പുതിയ ഫോട്ടോഷൂട്ടിന്റെ കമന്റ് ബോക്‌സുകളില്‍ 'നീലിയാണോ' എന്നും പ്രേക്ഷകരുടെ കമന്റുകളുണ്ട്. 

'ഇനിയിപ്പോ ചുണ്ണാമ്പ് ചോദിക്കുമോ', 'വിന്റേജ് നീലി' എന്നിങ്ങനെയുള്ള കമന്റുകളടക്കം നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ചലച്ചിത്രതാരങ്ങളും ആരാധകരുമടക്കം ഒട്ടേറെപ്പേരാണ് അന്നയുടെ പോസ്റ്റുകള്‍ ലൈക്ക് ചെയ്തത്. 

Content Highlights: Actress Anna Ben`s photoshoot goes viral