കോള്‍ഡ് പ്ലേ വിവാദം; സ്വന്തം പേരില്‍നിന്ന് ബൈറണെ വെട്ടി ഭാര്യ, വേര്‍പിരിഞ്ഞാല്‍ നഷ്ടമാകുക കോടികള്‍

കോള്‍ഡ് പ്ലേ മ്യൂസിക് ബാന്റിന്റെ സംഗീത പരിപാടിക്കിടെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡാറ്റ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയായ അസ്‌ട്രോണമറിന്റെ സി.ഇ.ഒ ആന്‍ഡി ബൈറണും കമ്പനിയുടെ എച്ച്ആര്‍ ക്രിസ്റ്റിന്‍ കബോട്ടുമാണ് വീഡിയോയിലുള്ളത്. പരിപാടി കാണാന്‍ എത്തിയവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഇരുവരും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്നത് ക്യാമറയില്‍ പതിയുകയായിരുന്നു. ഇത് വലിയ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതോടെ മുഖംപൊത്തി ഒളിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കോള്‍ഡ് പ്ലേയുടെ ഗായകന്‍ ക്രിസ് മാര്‍ട്ടിന്‍ പരിപാടിക്കിടെ ഇവരെക്കുറിച്ച് കമന്റ് പറഞ്ഞതോട് കൂടി സംഭവം കൂടുതല്‍ ചര്‍ച്ചാവിഷമായി.
സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേരാണ് ഈ വീഡിയോ പങ്കുവെച്ചത്. എക്‌സിലും ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലുമെല്ലാം ഈ വീഡിയോ ട്രെന്‍ഡിങ്ങായി മാറി. വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്റ്റിക്കറായും ഈ വീഡിയോ മാറി. ഇരുവരും വിവാഹിതരായിരിക്കുമെന്നും പങ്കാളികളെ വഞ്ചിച്ചതിനാലാകാം ക്യാമറയില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേര്‍ പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെ ആന്‍ഡി ബൈറണിന്റെ ഭാര്യ മേഗന്‍ കെറിഗന്‍ തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്ന് ബൈറണിന്റെ പേര് നീക്കി. മേഗനെ പിന്തുണച്ച് ഒട്ടേറെപ്പേര്‍ അവരുടെ പോസ്റ്റുകള്‍ക്ക് താഴെ കമന്റും ചെയ്തു. ബൈറണിനെ ഡിവോഴ്‌സ് ചെയ്യൂ എന്നും നഷ്ടപരിഹാരം വാങ്ങിക്കൂ എന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. പിന്നാലെ മേഗന്‍ അക്കൗണ്ട് ഡീആക്ടീവേറ്റാക്കി.
മാസച്യുസിറ്റ്‌സിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയാണ് മേഗന്‍. 20 വര്‍ഷം മുമ്പാണ് ബൈറണും മേഗനും വിവാഹിതരായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. എന്നാല്‍ ഇതുവരെ മേഗന്റെ ഭാഗത്ത്‌നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ ബൈറണിന് വലിയ തുക നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിലവില്‍ 60 മില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ് ബൈറണുള്ളത്. വിവാഹമോചന ഒത്തുതീര്‍പ്പിനായി ഇതിന്റെ പകുതിയെങ്കിലും ബൈറണ്‍ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: andy byron and wife megan kerrigans divorce could cost astronomer ceo a whopping amount