വിവാഹത്തിന് മുമ്പ് അനുഗ്രഹം തേടി ആനന്ദ് അംബാനി ക്ഷേത്രത്തില്‍; ധരിച്ചത് 6.9 കോടിയുടെ വാച്ച്

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും ഇളയ മകന്‍ ആനന്ദ് അംബാനിക്ക് ആഡംബര വാച്ചുകളുടെ ഒരു വലിയ കളക്ഷന്‍ തന്നെയുണ്ട്. ആഡംബര ബ്രാന്‍ഡുകളായ പാതേക് ഫിലീപിന്റേയും റിച്ചാര്‍ഡ് മില്ലേയുടേയുമെല്ലാം വാച്ചുകളാണ് ആനന്ദ് എപ്പോഴും കൈയില്‍ കെട്ടി നടക്കാറുള്ളത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആനന്ദിന്റേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷത്തിനിടേയും വാച്ച് ചര്‍ച്ചാവിഷയമായിരുന്നു. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രസില്ല ചാന്‍ അദ്ഭുതത്തോടെ നോക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഏകദേശം എട്ടു കോടി രൂപ വില വരുന്ന റിച്ചാര്‍ഡ് മില്ലേയുടെ കളക്ഷനില്‍ നിന്നുള്ള വാച്ചാണ് ആനന്ദ് ധരിച്ചിരുന്നത്.
ഇപ്പോഴിതാ 6.91 കോടിയുടെ വാച്ചുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ആനന്ദ്. വിവാഹത്തിന് മുന്നോടിയായി അനുഗ്രഹത്തിനായി മഹാരാഷ്ട്രയിലെ നെരാളിലെ കൃഷ്ണ കാളി ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഈ വാച്ച് ആനന്ദ് അണിഞ്ഞത്. 'ദ ഇന്ത്യന്‍ ഹോറോളജി' എന്ന ഇന്‍സ്റ്റഗ്രാം പേജിലെ വിവരങ്ങള്‍ പ്രകാരം റിച്ചാര്‍ഡ് മില്ലേയുടെ റെഡ് കാര്‍ബണ്‍ വാച്ചാണ് ആനന്ദിന്റെ കൈയിലുണ്ടായിരുന്നത്. ഇതിന് ഏകദേശം 6.91 കോടി രൂപ( 828000 യുഎസ് ഡോളര്‍) വില വരും. ലിമിറ്റഡ് എഡിഷനിലുള്ള ഈ വാച്ച് ഇതുവരെ 18 എണ്ണം മാത്രമാണ് വിപണിയിലെത്തിയത്.
ജൂലൈ 12-നാണ് ആനന്ദിന്റേയും രാധികയുടേയും വിവാഹം. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. വിവിധ മേഖലകളില്‍ നിന്നുള്ളില്‍ നിരവധി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുക്കും. ഇതിന് മുന്നോടിയായി ജാംനഗറിലും ഇറ്റലിയിലെ ആഡംബരക്കപ്പലിലും പ്രീ വെഡ്ഡിങ് പാര്‍ട്ടികള്‍ നടത്തിയിരുന്നു.
Content Highlights: anant ambani wears a rare 6.9 crore watch for temple visit before his wedding with radhika merchant