ടോഗാ പാര്‍ട്ടിയും ഇറ്റാലിയന്‍ സമ്മര്‍ ഔട്ട്ഫിറ്റും;ആഡംബര കപ്പലില്‍ ആനന്ദിന്റെ പ്രീ വെഡ്ഡിങ് ആഘോഷം

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും രണ്ടാം പ്രീ വെഡ്ഡിങ് ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് അംബാനി കുടുംബം. മെയ് 29-ന് ആരംഭിക്കുന്ന ആഘോഷങ്ങള്‍ ആഡംബര കപ്പലിലാണ് നടക്കുക. ഇറ്റലിയിലും ഫ്രാന്‍സിലുമായാണ് കപ്പലിലെ ആഘോഷം നടക്കുക. അതിനുശേഷം ലണ്ടനില്‍ പാര്‍ട്ടിയും നടത്തും.
ഇപ്പോഴിതാ ആഡംബര കപ്പലിലെ ആഘോഷത്തിന്റെ തീമും ഡ്രസ്സ് കോഡും അതിഥികളുടെ വിവരങ്ങളുമെല്ലാം പുറത്തു വന്നിരിക്കുകയാണ്. 'ജീവിതം ഒരു യാത്രയാണ്' എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ എഴുതിയ ഇന്‍വിറ്റേഷന്‍ കാര്‍ഡില്‍ ഓരോ പരിപാടിയുടെ വിവരങ്ങളും ഡ്രസ്സ് കോഡും പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മെയ് 29-ന് ഉച്ചയ്ക്ക് 12 മണിക്ക് വെല്‍ക്കം ലഞ്ചോട് കൂടിയാണ് ആഘോഷങ്ങള്‍ തുടങ്ങുക. ഇതിന് ക്ലാസിക് ക്രൂയിസ് ഡ്രസ്സ് കോഡാണ് നല്‍കിയിരിക്കുന്നത്. വൈകുന്നേരം 6.30 മുതല്‍ സ്റ്റാറി നൈറ്റ് എന്ന പരിപാടി നടക്കും. ഇതിന് വെസ്‌റ്റേണ്‍ രീതിയിലുള്ള സാധാരണ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. ഇതോടെ ആദ്യ ദിവസത്തെ ആഘോഷങ്ങള്‍ അവസാനിക്കും.
മെയ് 30-ന് രാവിലെ 11 മണിക്ക് എ റോമന്‍ ഹോളിഡേ എന്ന പേരിലാണ് ആഘോഷങ്ങള്‍ തുടങ്ങുക. ഇത് രാത്രി ഏഴ് മണി വരെ നീണ്ടുനില്‍ക്കും. ടൂറിസ് ചിക് ഡ്രസ്സ് കോഡാണ് ഇതിന് ധരിക്കുക. അതിനുശേഷം രാത്രി ഒരു മണി വരെ 'ലാ ഡോള്‍സെ ഫാര്‍ നിയെന്റെ' എന്ന പേരിലുള്ള ആഘോഷം നടക്കും. രാത്രി ഒരു മണി മുതല്‍ ടോഗാ പാര്‍ട്ടിയാണ്. പ്രാചീന റോമിന്റെ വസ്ത്രങ്ങളില്‍ (ബെഡ്ഷീറ്റില്‍ നിന്നുണ്ടാക്കുന്ന വസ്ത്രങ്ങള്‍) നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാകുന്ന ഗ്രീക്കോ-റോമന്‍ കോസ്റ്റിയൂമാണ് ഈ പാര്‍ട്ടിയില്‍ ധരിക്കുക.
'വി ടേണ്‍സ് വണ്‍ അണ്ടര്‍ ദ സണ്‍' എന്ന പരിപാടിയോട് കൂടിയാണ് മെയ് 31-ന്റെ ആഘോഷങ്ങള്‍ തുടങ്ങുക. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരേയുള്ള ആഘോഷത്തിന് 'പ്ലേഫുള്‍' എന്നാണ് ഡ്രസ്സ് കോഡ് നല്‍കിയിരിക്കുന്നത്. അന്നുതന്നെ 'ലാ മാസ്‌ക്യുറാഡെ', 'പാരഡണ്‍ മൈ ഫ്രഞ്ച്' എന്നീ ആഘോഷങ്ങളും നടക്കും. അവസാന ദിവസമായ ജൂണ്‍ ഒന്നിന്ന് വൈകുന്നേരം 5.30 മുതല്‍ രാത്രി 10.30 വരേയാണ് ആഘോഷങ്ങള്‍. 'ലാ ഡോള്‍സെ വിറ്റ' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ ഇറ്റാലിയന്‍ സമ്മര്‍ ഔട്ട്ഫിറ്റുകളാണ് അതിഥികള്‍ ധരിക്കുക.
മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനി, ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, മകള്‍ റാഹ കപൂര്‍, രണ്‍വീര്‍ സിങ്ങ്, സല്‍മാന്‍ ഖാന്‍, ക്രിക്കറ്റ് താരം എംഎസ് ധോനി, ഭാര്യ സാക്ഷി സിങ്ങ്, മകള്‍ സിവ ധോനി എന്നിവരെല്ലാം ആഘോഷത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം ഇവരെല്ലാം ഇറ്റലിയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ വീഡിയോ പുറത്തുവന്നിരുന്നു.
കഴിഞ്ഞ മാര്‍ച്ച് ഒന്ന് മുതല്‍ മൂന്നുവരെഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആദ്യ പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത മേഖലകളിലുള്ള സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു. മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ഹില്‍ ഗേറ്റ്, പോപ്പ് താരം റിഹാന, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, എംഎസ് ധോനി, ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ 1200-ഓളം അതിഥികള്‍ ജാംനഗറിലെത്തിയിരുന്നു. ജൂലൈ ആറു മുതല്‍ 12 വരെ മുംബൈയില്‍ നടക്കുന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരാകുക.
Content Highlights: anant ambani and radhika merchant pre wedding party theme and dress code