ഹരിതകർമസേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും; പഞ്ചായത്ത് പ്രസിഡന്റിന്റെ സേവ് ദി ഡേറ്റ് വൈറൽ | VIDEO

ആനന്ദ് വിളയിലിന്റെ സേവ് ദ ഡേറ്റ് വീഡിയോയിൽ നിന്ന്
ആനന്ദ് വിളയിലിന്റെ സേവ് ദ ഡേറ്റ് വീഡിയോയിൽ നിന്ന്

തൊടുപുഴ: ഹരിത പഞ്ചായത്താണ് ഇരട്ടയാർ. അവിടെനിന്ന് ഹരിതചട്ടം പാലിച്ചൊരു ‘സേവ് ദ ഡേറ്റ്’. നായകൻ പഞ്ചായത്ത് പ്രസിഡന്റും. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് വിളയിലിന്റെ ‘സേവ് ദ ഡേറ്റ്’ വീഡിയോ അൽപ്പം വെറൈറ്റിയാണ്. പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും സ്‌കൂളും കുട്ടികളുമൊക്കയാണ് കഥാപാത്രങ്ങൾ.

ഇരട്ടയാർ പഞ്ചായത്ത് അങ്കണത്തിൽനിന്നാണ് വീഡിയോയുടെ തുടക്കം. പഞ്ചായത്ത് പരിസരം വൃത്തിയാക്കുന്ന ഹരിതകർമസേനാംഗങ്ങൾ. റോഡ് മുറിച്ചുകടന്ന് വരുന്ന പ്രതിശ്രുത വധു ആതിര വഴിയിൽ കിടന്ന പ്ലാസ്റ്റിക് കുപ്പി എടുത്ത് ബോട്ടിൽ ബൂത്തിലിടുന്നു. ഇത് കാണുന്ന പഞ്ചായത്ത് പ്രസിഡന്റ്. അവിടെ പ്രണയം പൂവിടുകയായിരുന്നു. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകന്റെ ജീവിതമാണ് പിന്നീടുള്ള കാഴ്ചകളെല്ലാം. അതിൽ മേമ്പൊടിയായി പ്രണയത്തിന്റെ സൗരഭ്യവും.

മാലിന്യ നിർമാർജന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ച പഞ്ചായത്താണ് ഇരട്ടയാർ. ആ സന്ദേശം ‘സേവ് ദ ഡേറ്റി’ൽക്കൂടിയും ഉൾപ്പെടുത്താൻ ആനന്ദും ആതിരയും തീരുമാനിക്കുകയായിരുന്നു. ഒപ്പം പഞ്ചായത്തിന്റെ നേട്ടത്തിനുവേണ്ടി പ്രവർത്തിച്ചവരെയും കൂട്ടി.

സിപിഐ ജില്ലാകമ്മിറ്റിയംഗം, എഐവൈഎഫ് ജില്ലാപ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ ആനന്ദ് വഹിക്കുന്നുണ്ട്. പ്രതിശ്രുതവധു മേലേചിന്നാർ സ്വദേശി ആതിര ഇടുക്കി ജില്ലാആശുപത്രിയിലെ അക്കൗണ്ടന്റാണ്. വ്യാഴാഴ്ച ഇരട്ടയാർ സെയ്ന്റ് തോമസ് ഫൊറോന പള്ളി പാരിഷ് ഹാളിലാണ് വിവാഹം.

Content Highlights: Erattayar panchayath president Anand Vilayil's save the date video goes viral