അംബാനി കുടുംബത്തിന്റെ വിരുന്നില്‍ ടിഷ്യൂ പേപ്പറിന് പകരം 500 രൂപാ നോട്ട്?; യാഥാര്‍ഥ്യം ഇതാണ്

കഴിഞ്ഞ മാര്‍ച്ച് 31-നായിരുന്നു മുംബൈയില്‍ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. ഹോളിവുഡിലേയും ബോളിവുഡിലേയും സൂപ്പര്‍ താരങ്ങളും ടോപ്പ് മോഡലുകളും രാഷ്ട്രീയ നേതാക്കളും മത നേതാക്കളും പങ്കെടുത്ത ചടങ്ങ് സെലിബ്രിറ്റികളുടെ സംഗമ ഭൂമിയായിരുന്നു. ഈ ചടങ്ങിനോട് അനുബന്ധിച്ച് നടന്ന വിരുന്നിലെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മധുര പലഹാരത്തിനൊപ്പം ആ പാത്രത്തില്‍ 500 രൂപയുടെ നോട്ടുകളും നിരത്തിവെച്ചിരിക്കുന്നതാണ് ചിത്രം. അംബാനിയുടെ പാര്‍ട്ടിയില്‍ ടിഷ്യൂ പേപ്പറുകള്‍ക്ക് പകരം 500 രൂപ നോട്ടുകളാണ് നല്‍കുന്നത് എന്ന തരത്തില്‍ ഈ ചിത്രങ്ങള്‍ പ്രചരിക്കുകയും ചെയ്തു.
ഇതിനൊപ്പം നടി പ്രിയങ്ക ചോപ്ര 2019-ല്‍ ട്വീറ്റ് ചെയ്ത ഒരു ചിത്രവും വൈറലായി. ഇതുപോലെ മധുര പലഹാരത്തിനൊപ്പം 500 രൂപ നോട്ടുകള്‍ നിരത്തിവെച്ച ഒരു പാത്രത്തിന് മുന്നില്‍ പ്രിയങ്ക ഇരിക്കുന്ന ഒരു ചിത്രമായിരുന്നു ഈ ട്വീറ്റിലുണ്ടായിരുന്നത്. 2019 നവംബര്‍ ആറിനാണ് ഈ ചിത്രം താരം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇത് അംബാനി കുടുംബം സംഘടിപ്പിച്ച പരിപാടിയില്‍ നിന്നുള്ളതാണ് എന്ന തരത്തില്‍ പ്രചരിച്ചു.
ഇതോടെ അംബാനി കുടുംബത്തിനെതിരേ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ വന്നു. പണം ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും ഇത് അല്‍പം കടുത്തു പോയെന്നും ആളുകള്‍ പ്രതികരിച്ചു.
എന്നാല്‍ യഥാര്‍ഥത്തില്‍ അത് 500 രൂപയുടെ നോട്ടുകള്‍ ആയിരുന്നില്ല. ഡല്‍ഹിയിലെ ഒരു പ്രമുഖ റെസ്റ്റോറന്റില്‍ വിളമ്പുന്ന 'ദൗലത് കി ചാട്ട്' ആണ് ഈ ചിത്രങ്ങളില്‍ എല്ലാമുള്ളത്. ഈ വിഭവം വിളമ്പുന്ന രീതിക്കാണ് പ്രത്യേകത. ഫാന്‍സി നോട്ടുകള്‍കൊണ്ട് അലങ്കരിച്ചാണ് ഇത് മേശയിലെത്തുക. സമ്പന്നതയെ സൂചിപ്പിക്കുന്ന ഒരു വിഭവമാണിത്. അംബാനി കുടുംബം സംഘടിപ്പിച്ച വിരുന്നിലും ഇത്തരത്തിലാണ് ഈ വിഭവം വിളമ്പിയത്.
Content Highlights: ambanis party has 500 notes instead of tissue paper reveal truth behind viral photo