ഒരു സിനിമയ്ക്ക് പ്രതിഫലം 145 കോടി വരെ; 2700 കോടിയുടെ സാമ്രാജ്യം സ്വന്തമാക്കിയ 'ഖിലാഡി കുമാർ'

ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച താരമാണ് അക്ഷയ് കുമാർ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ വെൽക്കം ടു ജംഗിൾ എന്ന ചിത്രം തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ആരാധകർ സ്‌നേഹത്തോടെ 'ഖിലാഡി കുമാർ' എന്ന് വിളിക്കുന്ന അക്ഷയ് കുമാർ വളരെ കഷ്ടപ്പെട്ടും പരിശ്രമിച്ചും ഇന്ന് സഹസ്രകോടികളുടെ സാമ്രാജ്യത്തിന് ഉടമയാണ്.
ഫോർബ്‌സിന്റെ റിപ്പോർട്ട് പ്രകാരം ബോളിവുഡിലെ ഏറ്റവും സമ്പത്തുള്ള താരങ്ങളിൽ ഒരാളാണ് അക്ഷയ്. 2024-ലെ റിപ്പോർട്ട് പ്രകാരം അക്ഷയ് കുമാറിന്റെ ആകെ ആസ്തി 2700 കോടി രൂപയാണ്. ജുഹു മുംബൈയിലെ താരത്തിന്റെ ബംഗ്ലാവിന്റെ മാത്രം മൂല്യം 80 കോടി രൂപയാണ്. ഇത് അദ്ദേഹം കുടുംബമായി താമസിക്കുന്ന പ്രധാന വസതിയാണ്. ഈ ബംഗ്ലാവിന് പുറമെ ഗോവയിലും അദ്ദേഹത്തിന് ആഡംബര വസതിയുണ്ട്. കൂടാതെ മൗറീഷ്യസിൽ ബീച്ചിനരികെ വില്ലയും കാനഡയിലെ ടൊറന്റോയിൽ സ്വന്തം ഉടമസ്ഥതയിലുള്ള ഒരു കുന്നിൽ ഒന്നിലേറെ വീടുകളുമുണ്ട്.
സിനിമാ താരം എന്നതിലുപരി നല്ലൊരു ബിസിനസുകാരൻ കൂടിയാണ് അക്ഷയ് കുമാർ. 2023-ൽ തുടങ്ങിയ മുൻനിര ഇ-കൊമേഴ്‌സ്, ഫാഷൻ ബ്രാൻഡായ ഫോഴ്‌സ് നയന്റെ സഹസ്ഥാപകനാണ് അക്ഷയ് കുമാർ. മികച്ച ഫിറ്റ്‌നസ്, അറ്റ്‌ലീഷർ വസ്ത്രങ്ങളാണ് ഫോഴ്‌സ് നയൻ ലഭ്യമാക്കുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള ഖൽസാ വാരിയേഴ്‌സ് എന്ന കബഡി ടീമലും ഖിലാഡി കുമാറിന് നിക്ഷേപമുണ്ട്. വേൾഡ് കബഡി ലീഗിൽ പങ്കെടുത്ത ടീമാണിത്.
ജൈവ കൃഷിയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പായ ടൂ ബ്രദേഴ്‌സ് ഓർഗാനിക് ഫാംസിലും അക്ഷയ് കുമാറിന് നിക്ഷേപമുണ്ട്. ഈ സംരംഭം ജൈവകൃഷിയിലൂടെ പ്രാദേശിക കർഷകരേയും പിന്തുണയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഫാഷൻ എന്റർപ്രണർ ഫണ്ട് എന്ന സ്ഥാപനത്തിലും അക്ഷയ് കുമാറിന് നിക്ഷേപമുണ്ട്.
മികച്ചൊരു സിനിമാ നിർമാതാവ് കൂടിയാണ് അക്ഷയ് കുമാർ. കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്ന അദ്ദേഹത്തിന്റെ സ്വന്തം പ്രൊഡക്ഷൻ കമ്പനി, റസ്തം, സൂര്യവംശി, ഗുഡ് ന്യൂസ്, പാഡ് മാൻ തുടങ്ങി ഒട്ടേറെ നല്ല സിനിമകൾ നിർമിച്ചിട്ടുണ്ട്.
അക്ഷയ് കുമാറിന്റെ ഗാരേജിൽ ആഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. പത്ത് കോടി രൂപ വിലയുള്ള റോൾസ് റോയ്‌സ് ഫാന്റം 7, 1.3 കോടി രൂപ വിലയുള്ള മേഴ്‌സെഡസ് ബെൻസ് ജിൽഎസ്, എട്ട് കോടി രൂപ വിലയുള്ള ബെന്റ്‌ലി കോണ്ടിനെന്റൽ ഫ്‌ളൈയിങ് സ്പർ, 1.4 കോടി രൂപ വിലയുള്ള മേഴ്‌സെഡസ് ബെൻസ് വി ക്ലാസ് എന്നിവ ഉൾപ്പെടെ അദ്ദേഹത്തിന് സ്വന്തമായുണ്ട്.
ഇത്രവലിയ സാമ്രാജ്യത്തിന് ഉടമയായ അക്ഷയ് കുമാർ ഒരു സിനിമയ്ക്ക് എത്ര രൂപയാകും പ്രതിഫലം വാങ്ങുക എന്ന സംശയവും ഏതൊരാൾക്കുമുണ്ടാകും. റിപ്പോർട്ടുകൾ പ്രകാരം 70 കോടി രൂപ മുതൽ 145 കോടി രൂപ വരെയാണ് അക്ഷയ് കുമാർ പ്രതിഫലം വാങ്ങുന്നത്.
Content Highlights: Bollywood superstar Akshay Kumar holds a net worth of 2700 crore rupees. His massive empire includes an 80 crore Juhu bungalow, multi-city international properties, luxury cars, and investments in fashion, sports, and organic farming.