ഒടുവിൽ കാത്തിരുന്ന നിമിഷമെത്തി; നീല ഗൗൺ ധരിച്ച് കാനിലെ റെഡ് കാർപ്പറ്റിൽ ചുവടുവെച്ച് ഐശ്വര്യാ റായ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒടുവിൽ ഐശ്വര്യാ റായ്, കാൻ ചലച്ചിത്രമേളയിലെ റെഡ്കാർപ്പറ്റിലെത്തി. 24-ാം തവണയാണ് താരം കാനിലെത്തുന്നത്. നേരത്തേ ലോറിയൽ പുറത്തിറക്കിയ പോസ്റ്ററുകളിൽ ഐശ്വര്യയുടെ ചിത്രം ഇല്ലാതിരുന്നതോടെ ഇത്തവണ കാനിൽ താരം ഉണ്ടാകില്ലേ എന്ന ആശങ്ക ആരാധകർക്കിടയിൽ പടർന്നിരുന്നു. എന്നാൽ കാനിലെ റെഡ് കാർപ്പറ്റിൽ മുൻ ലോകസുന്ദരി വീണ്ടുമെത്തിയതോടെ ഇത്തരം ആശങ്കകളും അഭ്യൂഹങ്ങളുമെല്ലാം അവസാനിച്ചു.
കൊത്തിയെടുത്തത് പോലുള്ള മനോഹരമായ നീല ഗൗൺ ധരിച്ചാണ് ഐശ്വര്യാ റായ് കാനിലെത്തിയത്. ഒപ്പം ദുപ്പട്ടയുമുണ്ടായിരുന്നു. അമിത് അഗർവാളാണ് താരത്തിനായി ഗൗൺ രൂപകൽപ്പന ചെയ്തത്. ഡിസൈനർ എന്ന നിലയിൽ അമിത് അഗർവാളിന്റെ ആദ്യ കാൻ മേളയാണ് ഇത്. അമിത് ഡിസൈൻ ചെയ്ത ഗൗണിൽ അതീവ സുന്ദരിയായി ഐശ്വര്യ എത്തിയപ്പോൾ റെഡ് കാർപ്പറ്റിലെ പ്രധാന ആകർഷണമായി മാറി.
2002-ലാണ് ഐശ്വര്യാ റായ് ആദ്യമായി കാനിലെത്തുന്നത്. ഷാരൂഖ് ഖാനും ഒപ്പമുണ്ടായിരുന്നു. ഇരുവരുടേയും ആദ്യ റെഡ് കാർപ്പറ്റ് പ്രവേശനമായിരുന്നു ഇത്. ദേവ്ദാസ് എന്ന ചിത്രത്തിന്റെ സ്ക്രീനിങ്ങിനോട് അനുബന്ധിച്ചാണ് ഇരുവരും അന്ന് കാനിലെത്തിയത്. നീതാ ലുല്ല ഡിസൈൻ ചെയ്ത മഞ്ഞ സാരി ധരിച്ച് ഷാരൂഖിനും സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിക്കൊപ്പമാണ് താരം അന്ന് റെഡ് കാർപ്പറ്റിലെത്തിയത്.
2003 മുതലാണ് ഐശ്വര്യാ റായ് ലോറിയലുമായി കൈകോർക്കുന്നത്. ലോറിയലിന്റെ ആഗോള ബ്രാൻഡ് അംബാസിഡർ എന്ന നിലയിലാണ് പിന്നീട് ഇങ്ങോട്ട് എല്ലാ വർഷവും ഐശ്വര്യ കാനിലെത്തിയത്. എന്നാൽ ലോറിയൽ ഇത്തവണ പുറത്തിറക്കിയ പ്രൊമോഷണൽ പോസ്റ്ററുകളിൽ ഐശ്വര്യ ഇല്ലാതിരുന്നതോടെയാണ് താരം ഇത്തവണ കാനിലെത്തുമോ എന്ന ആശങ്ക ഉടലെടുത്തത്.
Content Highlights: Aishwarya Rai marked her twenty-fourth appearance at the Cannes Film Festival wearing a beautiful blue gown designed by Amit Aggarwal, clearing all initial promotional poster concerns and doubts surrounding her presence.