'കിടക്കയിൽപോലും രക്തം, അതിശക്തമായ വേദനയും, ഗർഭപാത്രം പുറത്തെടുത്ത് വലിച്ചെറിയാൻപോലും തോന്നി'

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന നടിയായിരുന്നു ഐശ്വര്യ ഭാസ്‌കരൻ. അമ്മയും നടിയുമായ ലക്ഷ്മിയുടെ അതേ വഴിയിലൂടെയാണ് ഐശ്വര്യയും വെള്ളിത്തിരയിലെത്തിയത്. എന്നാൽ സിനിമ വിട്ടതിനുശേഷം അവരുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. വിവാഹമോചനത്തോടെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട അവർ സോപ്പ് വിറ്റാണ് ജീവിതമാർഗം കണ്ടെത്തിയിരുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആർത്തവവിരാമ കാലഘട്ടത്തിൽ താൻ കടന്നുപോയ പ്രതിസന്ധികളെ കുറിച്ച് സംസാരിക്കുകയാണ് അവർ,
അന്ന് അനുഭവിച്ച മാനസികവും ശാരീരികവുമായ നരകയാതനകളെ കുറിച്ചാണ് അവർ അഭിമുഖത്തിൽ തുറന്നുപറയുന്നത്. പലപ്പോഴും അതിശക്തമായ ബ്ലീഡിങ് ഉണ്ടായിട്ടുണ്ടെന്നും ഗർഭപാത്രം പുറത്തേക്ക് എടുത്തെറിയാൻ തോന്നിയിട്ടുണ്ടെന്നും അവർ പറയുന്നു.
'എന്റെ മെനോപോസ് കാലഘട്ടം കഴിഞ്ഞു. ആ സമയത്ത് ഞാൻ അനുഭവിച്ച ഏറ്റവും വലിയ ബുദ്ധിമുട്ട് 'ഹോട്ട് ഫ്‌ളാഷുകൾ' ആയിരുന്നു. എസിയിൽ ഇരുന്നാൽ പോലും ശരീരം പെട്ടെന്ന് ചൂടാകുകയും വിയർത്തൊഴുകുകയും ചെയ്യും. ആർത്തവമുണ്ടായിരുന്ന കാലത്ത് എനിക്ക് വേദനയോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. എന്നാൽ 47 വയസായപ്പോഴേക്കും എല്ലാം മാറിമറിഞ്ഞു. ആർത്തവം എപ്പോൾ വരുമെന്ന് പോലും അറിയില്ല. ചിലപ്പോൾ മൂന്ന് മാസം കൂടുമ്പോഴൊക്കെ വരും. കൈയിൽ എപ്പോഴും പാഡുണ്ടാകുമായിരുന്നു.
ശാരീരിക വേദനയേക്കാൾ എന്നെ തളർത്തിയിരുന്നത് മൂഡ് സ്വിങ്‌സാണ്. പെട്ടെന്ന ദേഷ്യം വരും, തൊട്ടുപിന്നാലെ സങ്കടം വരും. ഈ സമയത്താണ് യോഗയും മെഡിറ്റേഷനും ചെയ്യാൻ തുടങ്ങിയത്. ഇടയ്ക്ക്് അതിഭീകരമായ ബ്ലീഡിങ്ങുണ്ടായിരുന്നു. ഷൂട്ടിങ്ങിനായി കേരളത്തിലുള്ളപ്പോഴായിരുന്നു അത്. കിടക്കയിൽപോലും രക്തമാകുന്ന അവസ്ഥ. ജീവൻ പോകുന്ന വേദനയും. വല്ലാത്തൊരു നിരാശയിൽ ഗർഭപാത്രം എടുത്ത് പുറത്തേക്ക് എറിഞ്ഞാലോ എന്നു വരെ ഞാൻ ചിന്തിച്ചുപോയിട്ടുണ്ട്. അമ്മയോട് ഇത് പറഞ്ഞപ്പോൾ യോഗ തുടരാനായിരുന്നു ഉപദേശം. അത് ഞാൻ പാലിച്ചു. സദ്ഗുരുവിന്റെ യോഗ ക്ലാസുകളാണ് നരകതുല്യമായ ആ ജീവിതത്തിൽ നിന്ന് എന്നെ കര കയറ്റിയത്. ഇപ്പോൾ ഹോട്ട് ഫ്‌ളാഷും മൂഡ് സ്വിങ്‌സും മാറി. ശരീരം എന്റെ നിയന്ത്രണത്തിൽ തന്നെയായി. ഇപ്പോൾ സമാധാനമുണ്ട്.'-ഐശ്വര്യ പറയുന്നു.
താൻ സോപ്പ് വിൽക്കുന്നതിനെ കളിയാക്കിയവർക്കുള്ള മറുപടിയും അവർ അഭിമുഖത്തിൽ നൽകുന്നുണ്ട്. മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്നതിൽ തനിക്ക് അഭിമാനമേയുള്ളൂവെന്നും ചിലപ്പോൾ ഇഡ്ഡലി വിറ്റും ജീവിക്കുമെന്നും അവർ വ്യക്തമാക്കി. മോഷ്ടിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് മാന്യമായി പണിയെടുത്ത് ജീവിക്കുന്നതെന്നും അതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.
തന്റെ തലമുറയിൽപെട്ടവർ വലിയ 'ഇമോഷണൽ ഫൂൾസ്' ആയിരുന്നുവെന്നും ഇപ്പോഴത്തെ തലമുറ അങ്ങനെ അല്ലെന്നും ഐശ്വര്യ വ്യക്തമാക്കുന്നു. വൈകാരികമായി ചിന്തിച്ച് എല്ലാം നഷ്ടപ്പെടുത്തിയ പഴയ തലമുറയേക്കാൾ ബുദ്ധിയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് ഇപ്പോഴത്തെ തലമുറയിലുള്ളവർ എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. 'സിനിമയിൽ തിളങ്ങിയ കാലത്ത് ഞാനുണ്ടാക്കിയ സമ്പാദ്യമെല്ലാം വിവാഹമോചനത്തോടെ നഷ്ടമായി. എന്റെ തലമുറയിലുള്ളവർ സമ്പാദ്യത്തേക്കാൾ വികാരങ്ങൾക്ക് വില കൊടുത്തു. എല്ലാം നഷ്ടപ്പെടുത്തി. എന്നാൽ ഇന്നത്തെ പിള്ളേർ മിടുക്കൻമാരാണ്. എന്റെ മകളെ നോക്കൂ, എന്നേക്കാൾ കൂടുതൽ സേവിങ്‌സ് അവളുടെ കൈയിലുണ്ട്. അവളുടെ വിവാഹം പോലും അച്ഛനാണ് നടത്തിക്കൊടുത്തത്. അത് ചെയ്യാനുള്ള സാമ്പത്തികശേഷി പോലും എനിക്കുണ്ടായിരുന്നില്ല. ഞാൻ സന്തോഷത്തോടെ പോയി കല്ല്യാണം കൂടി തിരികെ വന്നു. അത്രമാത്രം.'- ഐശ്വര്യ വ്യക്തമാക്കുന്നു.
Content Highlights: Aishwarya Bhaskaran details severe physical and emotional challenges during menopause., Highlights the importance of yoga and meditation in managing health transitions., Addresses criticism regarding her career choices with dignity and pride.