സഹോദരന്റെ അന്ത്യകര്‍മങ്ങൾക്കിടെ പൊട്ടിക്കരഞ്ഞ് വിമാനദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട വിശ്വാസ് | വീഡിയോ

സഹോദരന്റെ അന്ത്യകർമങ്ങൾക്കിടെ വിശ്വാസ് കുമാർ | Photos: Screen grabs / X
സഹോദരന്റെ അന്ത്യകർമങ്ങൾക്കിടെ വിശ്വാസ് കുമാർ | Photos: Screen grabs / X

ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാനദുരന്തമായ അഹമ്മദാബാദ് എയര്‍ ഇന്ത്യ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക യാത്രക്കാരനാണ് വിശ്വാസ് കുമാര്‍ രമേഷ്. എയര്‍ ഇന്ത്യയുടെ എഐ 171 ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീണപ്പോള്‍ അതിലുള്ള എല്ലാവരും മരിച്ചെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക യാത്രക്കാരനായ വിശ്വാസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത്. അടിയന്തര വാതിലിന് (എമര്‍ജന്‍സി എക്‌സിറ്റ്) സമീപമുള്ള 11 എ എന്ന സീറ്റില്‍ ഇരുന്നതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നാണ് 40-കാരനായ വിശ്വാസ് പറയുന്നത്. 

Also Read: തുടര്‍ച്ചയായ ആകാശദുരന്തങ്ങൾ; അഹമ്മദാബാദിലും പ്രതിക്കൂട്ടില്‍ ബോയിങ്, ഓഹരിവിപണിയിലും കനത്ത തിരിച്ചടി

ബ്രിട്ടീഷ് പൗരനായ വിശ്വാസ് ഒഴികെ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അക്കൂട്ടത്തില്‍ വിശ്വാസിന്റെ സഹോദരന്‍ അജയ്‌യും ഉണ്ടായിരുന്നു. തന്നെ പോലെ സഹോദരനും ജീവനോടെ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നായിരുന്നു വിശ്വാസിന്റെ പ്രതീക്ഷ. എന്നാല്‍ വേദനിപ്പിക്കുന്ന യാഥാര്‍ഥ്യം മറ്റൊന്നായിരുന്നുവെന്ന് അധികം വൈകാതെ വിശ്വാസ് മനസിലാക്കി. 

Don't Miss: അവർ കുക്കിയും മെയ്തിയുമാണ്, വിമാനത്തിൽ ഒന്നിച്ച് ജീവിതം, ഒടുവിൽ മരണത്തിലും

അപകടത്തില്‍ പരിക്കേറ്റ വിശ്വാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെയാണ് വിശ്വാസ് ആശുപത്രി വിട്ടത്. അപ്പോഴേക്കും അധികൃതര്‍ ഡിഎന്‍എ പരിശോധനയിലൂടെ സഹോദരന്‍ അജയിന്റെ മൃതദേഹം തിരിച്ചറിയുകയും അത് ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ആശുപത്രി വിട്ട വിശ്വാസ് നേരെ പോയത് തന്റെ പ്രിയസഹോദരന്‍ അജയിന്റെ അടുത്തേക്കാണ്. അവനെ യാത്രയാക്കാനായി വിശ്വാസ് എത്തിയപ്പോള്‍ അത് കണ്ടുനിന്നവരെ പോലും കരയിക്കുന്ന കാഴ്ചയായിരുന്നു. 

Related News: 'ഗുഡ് ബൈ, ഇത് ഇന്ത്യയിലെ ഞങ്ങളുടെ അവസാന രാത്രി'; വിമാനദുരന്തത്തിൽ മരിച്ച വിദേശിയുടെ അവസാന പോസ്റ്റ്

പരിക്കുകള്‍ വകവെക്കാതെ അജയിന്റെ ഭൗതികാവശിഷ്ടം സ്വന്തം ചുമലിലേറ്റിയാണ് വിശ്വാസ് സംസ്‌കാര സ്ഥലത്തേക്ക് നടന്നത്. പൊട്ടിക്കരയുന്ന വിശ്വാസിനെ സമാശ്വസിപ്പിക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ പാടുപെടുകയായിരുന്നു. ഏറെ വൈകാരികമായ രംഗങ്ങള്‍ക്കാണ് അജയ്‌യിന്റെ അന്ത്യ കര്‍മങ്ങള്‍ക്കായി എത്തിയവര്‍ സാക്ഷ്യം വഹിച്ചത്. തന്റെ സഹോദരന്‍ ഇനിയില്ല എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട്, സഹിക്കാന്‍ കഴിയാത്ത ദുഃഖത്തോടെ വിശ്വാസ് അജയ്‌യിന്റെ ചിതയ്ക്ക് തീ കൊളുത്തി. 

കേന്ദ്രഭരണപ്രദേശമായ ദിയുവില്‍ നിന്നുള്ളവരാണ് അജയും വിശ്വാസും. ബന്ധുക്കളെ കാണാനായാണ് ഇരുവരും യുകെയില്‍ നിന്ന് ഇന്ത്യയിലെത്തിയത്. അതിനുശേഷം തിരികെ പോകുമ്പോഴാണ് ദാരുണമായ അപകടമുണ്ടായത്. അപകടവിവരം അറിഞ്ഞ് വിശ്വാസിന്റെ കുടുംബം യുകെയില്‍ നിന്ന് നാട്ടിലെത്തി. ദിയുവിലാണ് അജയ്‌യിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.  

Don't Miss: 'ബോയിങ് വിമാനങ്ങൾ അപകടമുണ്ടാക്കും'; ദുരൂഹമായി കൊല്ലപ്പെടും മുമ്പ് മുൻ ജീവനക്കാരന്‍ വെളിപ്പെടുത്തിയത്

രാജ്യത്തെ ഞെട്ടിച്ച ദുരന്തം

ജൂൺ 12-ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് രാജ്യത്തെ ഞെട്ടിച്ച വിമാനദുരന്തമുണ്ടായത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 ബോയിങ് 787-8 വിമാനം പറന്നുയർന്ന ഉടൻ തകര്‍ന്നുവീണ് കത്തിയമരുകയായിരുന്നു. ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ വിശ്വാസ് മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ മെസ്സിന് മുകളിലാണ് വിമാനം തകര്‍ന്ന് വീണത്. ഉച്ചഭക്ഷണത്തിന്റെ സമയമായിരുന്നതിനാല്‍ ഒട്ടേറെ യുവ ഡോക്ടര്‍മാര്‍ ഇവിടെ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. 

Also Read: കണ്ണിൽ ചോരയില്ലാത്ത ക്രൂരത; അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹോസ്റ്റലിൽ മോഷണം

Content Highlights: Ahmedabad Crash Survivor, Vishwash Kumar Turns Emotional As He Performs Brother's Last Rites