ഇന്‍സ്റ്റഗ്രാമില്‍ വിവാഹചിത്രങ്ങള്‍ കാണാനില്ല; ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് രണ്‍വീര്‍ സിങ്ങ്

ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും | Photo: instagram/ deepika padukone
ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും | Photo: instagram/ deepika padukone

ഇറ്റലിയിലെ കോമോ തടാകത്തിന്റെ പശ്ചാത്തലത്തില്‍ 2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ഒന്നിച്ചത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു ആ വിവാഹം. അതിനുശേഷം മുംബൈയിലും ബെംഗളൂരുവിലും ആഡംബരം നിറഞ്ഞുനിന്ന വിവാഹ പാര്‍ട്ടിയാണ് ഇരുവരും ഒരുക്കിയത്. സെലിബ്രിറ്റികളുടെ നീണ്ടനിര തന്നെ ഒഴുകിയെത്തി. 

വിവാഹജീവിതത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഇരുവരും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. സോഷ്യല്‍ മീഡിയയില്‍ കുഞ്ഞുടുപ്പിന്റേയും ഷൂസിന്റേയും ബലൂണുകളുടേയും ചിത്രം പങ്കുവെച്ച് ഇരുവരും ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചു.

ഇപ്പോഴിതാ രണ്‍വീര്‍ സിങ്ങ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വിവാഹചിത്രങ്ങള്‍ നീക്കം ചെയ്തുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. 47 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള രണ്‍വീറിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് ആ ചിത്രങ്ങള്‍ എങ്ങനെ അപ്രത്യക്ഷമായി എന്നതാണ് ആരാധകരുടെ ചര്‍ച്ചാവിഷയം. എന്നാല്‍ യഥാര്‍ഥത്തില്‍ 2023-ന് മുമ്പുള്ള ചിത്രങ്ങളെല്ലാം രണ്‍വീര്‍ ആര്‍ക്കൈവ് ചെയ്തപ്പോള്‍ വിവാഹചിത്രങ്ങളും അതിലുള്‍പ്പെട്ടതാണ്. ഇക്കാര്യത്തില്‍ രണ്‍വീറിന്റെ ടീം വിശദീകരണം നല്‍കുകയും ചെയ്തു. 

ഈ ചര്‍ച്ചകളെല്ലാം അവസാനിപ്പിക്കുന്ന തരത്തിലുള്ള രണ്‍വീറിന്റെ പ്രതികരണവും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. വോഗ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഏറ്റവും പ്രിയപ്പെട്ട ആഭരണം ഏതാണെന്ന ചോദ്യത്തിനാണ് തന്റെ വിവാഹ മോതിരം എന്നായിരുന്നു രണ്‍വീറിന്റെ മറുപടി. അത് തന്റെ ഭാര്യ സമ്മാനിച്ചതിനാലാണ് പ്രിയപ്പെട്ടതായതെന്നും ഏറെ വ്യക്തിപരവും വൈകാരികവുമായ മൂല്യങ്ങളുള്ള ആഭരണമാണ് ആ മോതിരമെന്നും രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു. 

വിവാഹമോതിരം കഴിഞ്ഞാല്‍ വിവാഹനിശ്ചയത്തിന് അണിഞ്ഞ പ്ലാറ്റിനം മോതിരവും അമ്മയുടെ ഡയമണ്ട് കമ്മലും മുത്തശ്ശിയുടെ മുത്തുകള്‍കൊണ്ടുള്ള ആഭരണങ്ങളും പ്രിയപ്പെട്ടതാണെന്നും രണ്‍വീര്‍ പറയുന്നു. കഴിഞ്ഞ ദിവസം രണ്‍വീറും ദീപികയും മുംബൈ വിമാനത്താവളത്തില്‍ ഒരുമിച്ചെത്തിയിരുന്നു. ഇരുവരും വിദേശത്ത് നടന്ന ബേബിമൂണ്‍ ആഘോഷത്തിന് ശേഷം തിരിച്ചെത്തിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Content Highlights: after deleting wedding pictures with deepika padukone ranveer singh talks about wedding ring