'സുസ്മിതയെപ്പോലെ സാരിയും ചെറുപ്പം കാത്തുസൂക്ഷിക്കുന്നു';18 വര്‍ഷം മുമ്പത്തെ സാരി വീണ്ടും ധരിച്ച് നടി

ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് മുന്‍ മുസ് യൂണിവേഴ്‌സായ സുസ്മിത സെന്‍. 1996-ല്‍ ദസ്തക് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ സുസ്മിത ഇപ്പോഴും അഭിനയത്തിലും മോഡലിങ്ങിലും സജീവമാണ്. 27 വര്‍ഷത്തെ കരിയറിനിടയില്‍ ഉയര്‍ച്ച-താഴ്ച്ചകളിലൂടെ 47-കാരിയായ സുസ്മിത കടന്നുപോയി.
ഇപ്പോഴിതാ താരത്തിന്റെ ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നടി ശില്‍പ ഷെട്ടി സംഘടിപ്പിച്ച ദീപാവലി പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ താരസുന്ദരി ധരിച്ചത് 18 വര്‍ഷം മുമ്പത്തെ സാരിയാണ്.
സില്‍വര്‍ ഗ്ലാസ് വര്‍ക്കുകളുള്ള ക്രീം നിറത്തിലുള്ള സാരിയായിരുന്നു സുസ്മിതയുടെ ഔട്ട്ഫിറ്റ്. 2005-ല്‍ കോഫി വിത്ത് കരണ്‍ ഷോയിലെ ആദ്യ സീസണിലാണ് സുസ്മിത ആദ്യമായി ഈ സാരിയില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് സില്‍വര്‍ നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലൗസായിരുന്നു സുസ്മിത സാരിക്കൊപ്പം ധരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ക്രീം നിറത്തിലുള്ള ഡീപ് വി നെക്ക്‌ലൈനുള്ള ഫുള്‍സ്ലീവ് ബ്ലൗസാണ് താരം പെയര്‍ ചെയ്തത്.
ഇതിനൊപ്പം പച്ചക്കല്ലുള്ള ഒരു സ്‌റ്റേറ്റ്‌മെന്റ് നെക്ക്‌ളേസും അതേ കല്ലുള്ള മോതിരവും ആഭരണമായി ധരിച്ചു. മിനിമല്‍ മേക്കപ്പിലാണ് താരം പാര്‍ട്ടിക്കെത്തിയ്. സ്‌മോക്കി ഐസും ബ്രൗണ്‍ ലിപ് കളറും സുസ്മിതയെ കൂടുതല്‍ സുന്ദരിയാക്കി.
മുന്‍ കാമുകനും സുഹൃത്തുമായ റോഹ്‌മാന്‍ ഷോവലിനും മകള്‍ റെനീ സെന്നിനുമൊപ്പമാണ് സുസ്മിത പാര്‍ട്ടിക്കെത്തിയത്. നേരത്തെ നിര്‍മാതാക്കളായ വിശാല്‍ ഗുര്‍നാനിയും ജൂഹി പരേഖ് മെഹ്തയും സംഘടിപ്പിച്ച ദീപാവലി പാര്‍ട്ടിയിലും സുസ്മിത റോഹ്‌മാനൊപ്പം എത്തിയിരുന്നു. 2021-ല്‍ പിരിഞ്ഞ ഇരുവരും വീണ്ടും ഒന്നിച്ചുവെന്നാണ് സൂചന. എന്നാല്‍ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content Highlights: actress sushmita sen looks enthralling in her 18 year old saree