'3 മാസത്തിനുള്ളില്‍ 65 ഇഞ്ചക്ഷനുകളെടുത്തു,എന്നിട്ടും കുഞ്ഞിനെ നഷ്ടപ്പെട്ടു'; കരച്ചിലടക്കാനാകാതെ നടി

സംഭാവ്‌ന സേതും അവിനാഷ് ദ്വിവേദിയും | Photo: youtube/ Sambhavna Seth Entertainment
സംഭാവ്‌ന സേതും അവിനാഷ് ദ്വിവേദിയും | Photo: youtube/ Sambhavna Seth Entertainment

ര്‍ഭകാലത്തിന്റെ തുടക്കത്തില്‍തന്നെ കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ സങ്കടം പങ്കുവെച്ച് നടി സംഭാവ്‌ന സേതും ഭര്‍ത്താവ്‌ അവിനാഷ് ദ്വിവേദിയും. കുഞ്ഞിന്റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നെന്നും അപ്രതീക്ഷിതമായി ഗര്‍ഭം അലസിപ്പോയത് ഉള്‍ക്കൊള്ളാന്‍ ഏറെ സമയമെടുത്തുവെന്നും ഇരുവരും തങ്ങളുടെ പുതിയ വ്‌ളോഗില്‍ പറയുന്നു. 

കുഞ്ഞിനെ നഷ്ടപ്പെടാതിരിക്കാന്‍ മൂന്ന് മാസത്തിനുള്ളില്‍ 65 ഇഞ്ചക്ഷനുകള്‍ എടുത്തുവെന്നും സഹിച്ച വേദനകളെല്ലാം വെറുതെയായിപ്പോയെന്നും സംഭാവ്‌ന പറയുന്നു. ഏറെ നാളത്തെ ചികിത്സയ്‌ക്കൊടുവിലാണ് ഗര്‍ഭിണിയായത്. അതിനാല്‍തന്നെ ഈ സങ്കടം താങ്ങാനാവില്ലെന്നും അവര്‍ കരച്ചിലടക്കിക്കൊണ്ട് കൂട്ടിച്ചേര്‍ത്തു. 

'ഞങ്ങള്‍ വളരെ കാലമായി ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. ഇപ്പോള്‍ വീണ്ടും അത് സംഭവിച്ചു. സംഭാവ്‌ന ഗര്‍ഭിണിയായിരുന്നു. മൂന്നാം മാസത്തിലെത്തിയിരുന്നു. ഞങ്ങള്‍ ഇന്ന് ഡോക്ടറുടെ അടുത്തേക്ക് സ്‌കാനിങ്ങിനായി പോയി. അതിനുശേഷം എല്ലാവരോടും സന്തോഷവാര്‍ത്ത പങ്കുവെയ്ക്കാം എന്നാണ് കരുതിയത്. പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത്തവണയെങ്കിലും പരാജയപ്പെടില്ല എന്ന് ഞങ്ങള്‍ കരുതി. കുഞ്ഞിന് ഹൃദയമിടിപ്പുണ്ടായിരുന്നു. എന്നാല്‍ അവസാനത്തെ സ്‌കാനിങ്ങില്‍ ഹൃദയം നിലച്ചതായി കണ്ടെത്തി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായില്ല.'അവിനാഷ് വീഡിയോയില്‍ പറയുന്നു.

കുഞ്ഞിനെ രക്ഷിക്കാന്‍ എല്ലാ വഴിയിലൂടേയും ശ്രമിച്ചുവെന്ന് സംഭാവ്‌ന പറയുന്നു. 'ഇത്രയധികം ഇഞ്ചക്ഷനുകള്‍ എടുക്കേണ്ടി വരുമെന്ന് എനിക്കറിയില്ലായിരുന്നു. അത് വളരെ വേദനാജനകമായിരുന്നു. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനായുള്ള എല്ലാ ശ്രമങ്ങളും ഞാന്‍ ചെയ്തു.'-സംഭാവ്‌ന പറയുന്നു.

'അവളെ സംബന്ധിച്ച് ഏറെ വേദന നിറഞ്ഞതായിരുന്നു ഈ സംഭവം. ഓരോ ദിവസവും മൂന്ന് ഇഞ്ചക്ഷനുകള്‍ വരെ എടുക്കേണ്ടി വന്നു. മാനസികമായും ശാരീരികമായും സാമ്പത്തികമായും ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തു. റിപ്പോര്‍ട്ട് കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടിപ്പോയി. ഞങ്ങള്‍ക്ക് ഇരട്ടക്കുട്ടികളായിരിക്കുമെന്ന് കരുതി.' അവിനാഷ് കൂട്ടിച്ചേര്‍ക്കുന്നു.

നിരവധി ഐവിഎഫ് ശ്രമങ്ങള്‍ പരാജയപ്പെട്ടതിനുശേഷമാണ് സംഭാവ്‌ന ഗര്‍ഭം ധരിച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് ഇരുവരും വീഡിയോയിലൂടെ നന്ദി അറിയിച്ചു.
 

Content Highlights: actress sambhavna seth opens up about miscarriage