മതം മാറില്ലെന്ന് വിവാഹത്തിന് മുമ്പേ മുസ്തഫയോട് പറഞ്ഞിരുന്നു- പ്രിയാമണി

സിനിമയിലെപോലെ ജീവിതത്തിലും ബോള്‍ഡാണ് നടി പ്രിയാമണി. മുസ്തഫ രാജുമായുള്ള വിവാഹം പ്രഖ്യാപിച്ചതിന് പിന്നാലെ അത്രയേറെ ട്രോളുകളും ആക്ഷേപങ്ങളുമാണ് പ്രിയാമണിക്ക് നേരേ സാമൂഹികമാധ്യമങ്ങളിലുണ്ടായത്. എല്ലാം നേരിട്ട നടി അന്ന് കടന്നുപോയ അനുഭവങ്ങളെക്കുറിച്ച് ഇപ്പോള്‍ വീണ്ടും മനസ്സ് തുറക്കുകയാണ്. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണി മുസ്തഫയുമായുള്ള ബന്ധത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടിവന്ന ട്രോളുകളെക്കുറിച്ചും ആക്ഷേപങ്ങളെക്കുറിച്ചും വാചാലയായത്.
കുടുംബത്തിന്റെ സമ്മതത്തോടെ വിവാഹനിശ്ചയത്തെക്കുറിച്ചുള്ള വിവരം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാന്‍ ഏറെ ആവേശമായിരുന്നു. എന്നാല്‍ വിവരം പങ്കുവെച്ചതോടെ വെറുപ്പുളവാകുന്ന കമന്റുകള്‍ മാത്രമായിരുന്നു. 'നിങ്ങളുടെ കുട്ടികള്‍ തീവ്രവാദികളാകും' തുടങ്ങിയ സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചത്. ഇതെല്ലാം മനസ് മടുപ്പിക്കുന്നതായിരുന്നു. ഇവര്‍ എന്തിനാണ് ഇതരമതവിഭാഗങ്ങളില്‍പ്പെട്ട ദമ്പതിമാരെ മാത്രം ലക്ഷ്യമിടുന്നത്. പല മുന്‍നിര താരങ്ങളും അവരുടെ മതങ്ങള്‍ക്കതീതമായി വിവാഹം കഴിച്ചിട്ടുണ്ട്. അവര്‍ ആ മതം സ്വീകരിക്കണമെന്നോ അത് ഉള്‍ക്കൊള്ളണമെന്നോ നിര്‍ബന്ധമില്ല. അവര്‍ മതമൊന്നും നോക്കാതെയാണ് പരസ്പരം പ്രണയത്തിലായത്. പിന്നെ എന്തിനാണ് ചുറ്റിലും ഇത്രയേറെ വെറുപ്പ് സൃഷ്ടിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും പ്രിയാമണി പറഞ്ഞു.
അടുത്തിടെ ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെച്ചൊല്ലിയുണ്ടായ വിവാദങ്ങളിലും നടി പ്രതികരിച്ചു. ഈദിന് പോസ്റ്റ് ചെയ്ത ചിത്രം കണ്ട് പലരും താന്‍ മുസ്ലീം മതം സ്വീകരിച്ചെന്ന് കമന്റ് ചെയ്തു. താന്‍ മതം മാറിയോ എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം. അത് തന്റെ തീരുമാനമാണ്. വിവാഹത്തിന് മുന്‍പ് തന്നെ താന്‍ മതം മാറില്ലെന്ന് മുസ്തഫയെ അറിയിച്ചിരുന്നു. താന്‍ ഒരു ഹിന്ദുവായി ജനിച്ചയാളാണെന്നും എല്ലായ്‌പ്പോഴും തന്റെ വിശ്വാസത്തെ പിന്തുടരുമെന്നും പ്രിയാമണി വ്യക്തമാക്കി.
ഈദിന് പോസ്റ്റ് ചെയ്ത ചിത്രം വിവാദമായ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് നവരാത്രിക്ക് താന്‍ ഒന്നും പോസ്റ്റ് ചെയ്യാതിരുന്നതെന്ന് ആളുകള്‍ ചോദിക്കുന്നുണ്ട്. അതിന് എങ്ങനെ പ്രതികരിക്കണമെന്ന് തനിക്കറിയില്ല. ഇത്തരം നെഗറ്റീവിറ്റിക്ക് ഇപ്പോള്‍ ശ്രദ്ധകൊടുക്കാറില്ലെന്നും നടി പറഞ്ഞു.
2017-ലാണ് നടി പ്രിയാ മണിയും ഇവന്റ് മാനേജരായ മുസ്തഫ രാജും വിവാഹിതരായത്. ഐ.പി.എല്‍. ടൂര്‍ണമെന്റിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. പിന്നാലെ ഒരു ടി.വി. റിയാലിറ്റി ഷോയുടെ ഫൈനല്‍ മത്സരത്തിനിടെ മുസ്തഫ പ്രിയാമണിയോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. 2017-ല്‍ ഇരുവരും ബെംഗളൂരുവില്‍വെച്ച് രജിസ്റ്റര്‍ വിവാഹംചെയ്തു.
Content Highlights: actress priyamani says about her marriage with musthafa raj and conversion allegation