ഗര്‍ഭിണിയാണോ, പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ?; അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി പരിണീതി

അടുത്തിടെ നടി പരിണീതി ചോപ്ര സോഷ്യല്‍ മീഡിയയില്‍ കുറച്ച് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇംതിയാസ് അലി സംവിധാനം ചെയ്ത അമര്‍ സിങ് ചംകീല എന്ന ചിത്രത്തിന്റെ പ്രൊമോഷനിടേയും ഷൂട്ടിങ്ങിനിടേയും എടുത്ത ചിത്രങ്ങളായിരുന്നു അത്.
ഏറെ രൂപമാറ്റം വന്ന പരിണീതിയാണ് ആ ചിത്രങ്ങളിലുണ്ടായിരുന്നത്. പ്രൊമോഷന് ഏറെ അയവുള്ള കാഫ്താനായിരുന്നു താരം ധരിച്ചിരുന്നതും. ഇതോടെ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിറയെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. പരിണീതി ഗര്‍ഭിണിയാണെന്നും പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്നും ആരാധകര്‍ ഈ ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചു. ബോട്ടോക്‌സ് ശസ്ത്രക്രിയക്കിടെ അബദ്ധം സംഭവിച്ചതാണെന്ന് വരെ അഭ്യൂഹങ്ങളുണ്ടായി.
ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. അമര്‍ സിങ് ചംകീല എന്ന ചിത്രത്തിനായി താന്‍ വരുത്തിയ രൂപമാറ്റമാണ് ഇതെന്നും കഥാപാത്രത്തിനായി 16 കിലോ ഭാരം കൂട്ടിയെന്നും താരം വ്യക്തമാക്കി.
'20 കിലോ കൂട്ടണമെന്നാണ് ഇംതിയാസ് സര്‍ എന്നോട് പറഞ്ഞിരുന്നത്. മേക്കപ്പ് കുറവായിരിക്കുമെന്നും ഏറ്റവും ഭംഗിയില്ലാത്ത രൂപത്തിലാണ് ഈ സിനിമയില്‍ ഞാനുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. കഥാപാത്രത്തിനായി ഞാന്‍ എന്തും ചെയ്യാന്‍ തയ്യാറായിരുന്നു. ബാക്കിയെല്ലാ കാര്യങ്ങളും മറന്നു. ഭാരം കൂടിയതിനാല്‍ എനിക്ക് മറ്റ് പല അവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ അവാര്‍ഡ് ഷോകളുടെ റെഡ് കാര്‍പറ്റില്‍ വരാറില്ല. ബ്രാന്‍ഡ് ഷൂട്ടുകള്‍ ചെയ്തിട്ടും കുറച്ച് കാലമായി. പക്ഷേ ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. വിദ്യ ബാലന്‍ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിനായും ഇത്തരം കാര്യങ്ങള്‍ ചെയ്തിരുന്നു. ഹോളിവുഡില്‍ പോലും അഭിനേതാക്കള്‍ രൂപമാറ്റം വരുത്താറുണ്ട്. ഞാനും അതുപോലെ ഒരു നടിയാണ്. ആളുകള്‍ക്ക് അത് മനസിലാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'-ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പരിണീതി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പരിണീതി ചോപ്ര ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയെ വിവാഹം ചെയ്തത്. തനിക്ക് രാഷ്ട്രീയത്തെ കുറിച്ചും രാഘവിന് സിനിമയെ കുറിച്ചും ഒന്നുമറിയില്ലെന്നും അതിനാല്‍ ജീവിതത്തെ കുറിച്ചാണ് തങ്ങള്‍ സംസാരിക്കാറുള്ളതെന്നും പരിണീതി നേരത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Content Highlights: actress parineeti chopra on pregnancy and plastic surgery rumours