'ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ഞാന്‍ പ്രൊപ്പോസ് ചെയ്തു, 2023-ല്‍ തന്നെ വിവാഹം കഴിഞ്ഞിരുന്നു'-അമേയ

കഴിഞ്ഞ ഓഗസ്റ്റ് 21-നായിരുന്നു നടിയും മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ അമേയ മാത്യുവിന്റേയും കാനഡയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ കിരണ്‍ കട്ടിക്കാരന്റേയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിനുശേഷം റിസപ്ഷനും ഒരുക്കിയിരുന്നു. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട കുഞ്ഞുരഹസ്യം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അമേയ.
2023-ല്‍ തന്നെ തങ്ങള്‍ വിവാഹിതരായിരുന്നുവെന്നാണ് അമേയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ജൂണ്‍ രണ്ടിന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ രജിസ്റ്റര്‍ വിവാഹമാണ് ചെയ്തത്. തന്റെ പിറന്നാള്‍ദിനത്തില്‍ തന്നെയായിരുന്നു രജിസ്റ്റര്‍ വിവാഹമെന്നും അതിനാല്‍ ആ ദിവസം വളരെയേറെ സ്‌പെഷല്‍ ആണെന്നും അമേയ പറയുന്നു. രജിസ്റ്റര്‍ വിവാഹത്തിന്റെ ചിത്രങ്ങളും അമേയ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രജിസ്റ്റര്‍ വിവാഹത്തിനുശേഷം കിരണും അമേയയും കാനഡയിലേക്ക് തിരിച്ചുപോയി. പിന്നീട് ഈ വര്‍ഷം ഓഗസ്റ്റില്‍ വിവാഹാഘോഷങ്ങള്‍ നടത്തുകയായിരുന്നു. അടുത്ത സുഹൃത്തായിരുന്ന കിരണിനെ താനാണ് പ്രൊപ്പോസ് ചെയ്തതെന്നും അമേയ നേരത്തെ പറഞ്ഞിരുന്നു. യുട്യൂബ് വീഡിയോയിലാണ് പ്രണയകഥ ഇരുവരും വെളിപ്പെടുത്തിയത്.
'വീട്ടില്‍ വിവാഹം ആലോചിക്കാന്‍ തുടങ്ങിയിരുന്നു. പക്ഷേ മാട്രിമോണിയലില്‍ വരുന്ന ആലോചനകള്‍ ഒന്നും എനിക്ക് ശരിയായില്ല. അപരിചിതരായ ആളുകളോട് ഒരു അറ്റാച്ച്‌മെന്റും തോന്നിയിരുന്നില്ല. ആ സമയത്ത് കിരണ്‍ കാനഡയിലായിരുന്നു. ഇടയ്‌ക്കെല്ലാം വിളിക്കും. ഒരു ദിവസം ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ 'നമുക്കെന്തുകൊണ്ട് കല്ല്യാണം കഴിച്ചുകൂടാ' എന്ന് ഞാന്‍ ചോദിച്ചു. അങ്ങനെ തുടങ്ങിയ ബന്ധമാണ്.' അമേയ പറയുന്നു.
അന്ന് അമേയ ചോദിച്ചില്ലെങ്കില്‍ താന്‍ പ്രൊപ്പോസ് ചെയ്യുമായിരുന്നെന്ന് കിരണും പറയുന്നു. ജിമ്മില്‍വെച്ചുള്ള പരിചയമാണ് കിരണും അമേയയും തമ്മിലുള്ള സൗഹൃദത്തിലെത്തിയത്. അന്ന് ഇടയ്‌ക്കെല്ലാം കിരണിന്റെ വീട്ടില്‍പോയി ഭക്ഷണം കഴിക്കാറുണ്ടായിരുന്നെന്നും കിരണ്‍ കാനഡയില്‍ പോയപ്പോള്‍ സങ്കടം തോന്നിയിരുന്നുവെന്നും അമേയ പറയുന്നു. 'അവിടെ എത്തി 14 ദിവസം കിരണ്‍ ക്വാറന്റെയ്‌നിലായിരുന്നു. കോവിഡ് കാലമായതിനാല്‍ എനിക്ക് ഓണ്‍ലൈന്‍ ക്ലാസും. അങ്ങനെ ഞങ്ങള്‍ക്ക് വിളിക്കാന്‍ കൂടുതല്‍ സമയം കിട്ടി. സൗഹൃദം പ്രണയമായി വളരുകയും ചെയ്തു. ലോങ് ഡിസ്റ്റന്‍ഡ് പ്രണയമായിരുന്നു തുടക്കത്തില്‍.'-അമേയ പറയുന്നു.
വിവാഹം രജിസ്റ്റര്‍ ചെയ്തശേഷം കിരണ്‍ കാനഡയിലേക്ക് തിരിച്ചുപോയി. വിസയെല്ലാം ശരിയാക്കിയശേഷം തന്നേയും കാനഡയിലേക്ക് കൂട്ടിയെന്നും അമേയ വീഡിയോയില്‍ പറയുന്നു.
തിരുവനന്തപുരം സ്വദേശിയായ അമേയ 'കരിക്ക്' വെബ് സീരീസിലൂടെയാണ് പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അഞ്ചര ലക്ഷത്തോളം പേര്‍ അമേയയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്. ആരാധകര്‍ക്കായി മേക്കോവര്‍ ചിത്രങ്ങളും ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.
Content Highlights: actress ameya mathew talks about marriage and proposal