'നിഹാരികയുടെ വിവാഹത്തില്‍ തെറ്റുപറ്റി,സന്തോഷമില്ലെങ്കില്‍ കോടികളുണ്ടായിട്ട് എന്ത് കാര്യം?'

നാഗേന്ദ്ര ബാബുവും നിഹാരികയും/   നിഹാരികയുടേയും ചൈതന്യയുടേയും വിവാഹചിത്രം | Photo: instagram/ naga babu
നാഗേന്ദ്ര ബാബുവും നിഹാരികയും/ നിഹാരികയുടേയും ചൈതന്യയുടേയും വിവാഹചിത്രം | Photo: instagram/ naga babu

കള്‍ നിഹാരിക കൊനിഡേലയുടെ വിവാഹബന്ധം തകര്‍ന്നതില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നാഗേന്ദ്ര ബാബു. നിഹാരികയുടെ കാര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നും മകള്‍ക്ക് സന്തോഷമില്ലെങ്കില്‍ കോടിക്കണക്കിന് രൂപയുണ്ടായിട്ടും എന്താണ് കാര്യമെന്നും നാഗേന്ദ്ര ബാബു പറയുന്നു. ഡെക്കാൺ ക്രോണിക്കിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

'എന്റെ തീരുമാനം തെറ്റായിരുന്നു. ആ വിവാഹം ഞങ്ങളുടെ ഭാഗത്ത് നിന്ന് വന്ന തെറ്റാണ്. ആ ബന്ധം ശരിയായി വിലയിരുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഞങ്ങള്‍ നിഹാരികയെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നില്ല. ആലോചന വന്നപ്പോള്‍ അവള്‍ക്ക് സമ്മതമായിരുന്നു. അത് നല്ലതായിരിക്കുമെന്ന് ഞങ്ങളും കരുതി.  എന്നാല്‍ വിവാഹത്തിനുശേഷം അവരുടെ ജീവിതത്തില്‍ സന്തോഷമുണ്ടായിരുന്നില്ല. ഒരുമിച്ച് താമസിക്കാന്‍ അവര്‍ ആഗ്രഹിച്ചില്ല. വിവാഹബന്ധം വേര്‍പിരിയുകയാണെന്ന അവരുടെ തീരുമാനത്തോട് ഞാന്‍ യോജിച്ചു.'- അദ്ദേഹം പറഞ്ഞു. 

നിഹാരിക ഇപ്പോള്‍ സിനിമകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണെന്നും ജീവിതത്തില്‍ ഏതെങ്കിലും ഘട്ടത്തില്‍ അവള്‍ മറ്റൊരാളെ വിവാഹം കഴിച്ചേക്കാമെന്നും നാഗേന്ദ്ര ബാബു കൂട്ടിച്ചേര്‍ത്തു. 'നിഹാരികയും ഞാനും പലപ്പോഴും എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്. എന്റെ മക്കളുടെ കരിയറില്‍ ഞാന്‍ ഒരിക്കലും ഇടപെടാറില്ല. എന്റെ മക്കളുടെ സിനിമകള്‍ ഹിറ്റായാലും ഫ്‌ളോപ്പായാലും എനിക്കൊരു പ്രശ്‌നമല്ല. അവരുടെ സന്തോഷമാണ് എന്റെ മുന്‍ഗണന. അവര്‍ക്ക് സന്തോഷമില്ലെങ്കില്‍ കോടിക്കണക്കിന് പണമുണ്ടായിട്ട് എന്ത് കാര്യം?'-നാഗേന്ദ്ര ബാബു ചോദിക്കുന്നു. 

2000-ത്തില്‍ ഉദയ്പുരില്‍ നടന്ന ആഡംബര ചടങ്ങില്‍ ചൈതന്യ ജൊന്നലഗഡ്ഡയെയാണ് നടിയും നിര്‍മാതാവുമായ നിഹാരിക വിവാഹം ചെയ്തത്. എന്നാല്‍ ഇരുവര്‍ക്കുമിടയിലെ അസ്വാരസ്യങ്ങള്‍ കൂടിയതോടെ മൂന്ന് വര്‍ഷത്തിനുശേഷം ബന്ധം വേര്‍പിരിയുകയായിരുന്നു.  

തുടര്‍ന്ന് തന്റെ മകനും തെലുങ്ക് നടനുമായ വരുണ്‍ തേജ് നടിയായ ലാവണ്യ ത്രിപാഠിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തന്നോട് തുറന്നുപറഞ്ഞതിനെക്കുറിച്ച് അദ്ദേഹം ഓര്‍മ്മിച്ചു. 'ലാവണ്യ ത്രിപാഠിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വരുണ്‍ എന്നോട് പറഞ്ഞപ്പോള്‍, എന്റെ ആദ്യ ചോദ്യം ഇതായിരുന്നു, 'നീ അവളോടൊപ്പം സന്തോഷമായിരിക്കുമോ? ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമോ?' ആ ബന്ധത്തില്‍ സന്തോഷവാനായിരിക്കുമെന്ന് വരുണ്‍ എനിക്ക് ഉറപ്പ് തന്നു. തുടര്‍ന്ന് ഞാന്‍ അവന്റെ വിവാഹത്തിന് അനുമതി നല്‍കി. വരുണിന്റെ തീരുമാനം ശരിയായിരുന്നു. അവര്‍ ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുന്നു.'- അദ്ദേഹം വിശദീകരിച്ചു.

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെയും സഹോദരനാണ് നാഗേന്ദ്ര ബാബു. അദ്ദേഹത്തിന്റെ മകന്‍ വരുണ്‍ തേജും മകള്‍ നിഹാരികയും തെലുങ്ക് സിനിമാ രംഗത്തെ നടീനടന്മാരാണ്.

Content Highlights: actor naga babu discussess daughter niharikas divorce