അവളൊരു പെൺസിംഹമാണെങ്കിൽ നിങ്ങളെ രക്ഷിക്കാൻ ദൈവം തന്നെ വരേണ്ടി വരും'- കുറിപ്പുമായി ആർതി രവി

നടൻ രവി മോഹനും ഭാര്യ ആർതി രവിയും തമ്മിലുള്ള വേർപിരിയിൽ തമിഴ് സിനിമാലോകത്ത് ഏറെ ചർച്ചയായിരുന്നു. ഗായിക കെനിഷ ഫ്രാൻസിസുമായുള്ള രവി മോഹന്റെ ബന്ധമാണ് വേർപിരിയാൻ കാരണമെന്നായിരുന്നു ആർതിയുടെ ആരോപണം. എന്നാൽ ആർതി തനിക്കൊരു സ്വാതന്ത്ര്യവും നൽകിയിരുന്നില്ലെന്നും ബാങ്ക് അക്കൗണ്ടിൽനിന്ന് ചെറിയ തുക പിൻവലിച്ചാൽപോലും ചോദ്യം ചെയ്യുമായിരുന്നെന്നും രവി മോഹനും ആരോപിച്ചിരുന്നു.
പിന്നീട് കേസ് കോടതിയിലെത്തിയതോടെ ഇരുവരോടും ഇക്കാര്യത്തിൽ ഇനി സോഷ്യൽ മീഡിയയിൽ പരാമർശങ്ങൾ നടത്തരുതെന്ന് കോടതി വിലക്കുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും ഈ ബന്ധത്തിലെ പ്രശ്‌നങ്ങൾ വാർത്തകളിൽ നിറയുകയാണ്.
ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പുതിയൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ആർതി. തന്റെ മാന്യമായ നിശബ്ദതയെ ഒരിക്കലും ബലഹീനതയായി കാണരുതെന്നും മക്കൾക്കുവേണ്ടി ഏതറ്റം വരേയും പോകാൻ താൻ തയ്യാറാണെന്നും ആർതി കുറിച്ചു. 'ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണർത്താൻ ശ്രമിക്കരുത്. അവളൊരു പെൺസിംഹമാണെങ്കിൽ നിങ്ങളെ രക്ഷിക്കാൻ ദൈവം തന്നെ വരേണ്ടി വരും'-എന്നാണ് ആർതി കുറിച്ചത്.
'എന്റെ മാന്യമായ നിശബ്ദതയെ ഒരിക്കലും ബലഹീനതയായി കാണരുത്. അത് ചൂഷണം ചെയ്യാനും നോക്കരുത്. എന്റെ മക്കളേയും എന്റെ അന്തസ്സിനേയും സംരക്ഷിക്കാൻ വേണ്ടി ഈ സുരക്ഷാവലയത്തിൽനിന്ന് പുറത്തുകടക്കാൻപോലും ഞാൻ തയ്യാറാണ്. സത്യവുമായി ഈ ലോകത്തെ ഞാൻ നേരിടും. കാരണം സത്യം എപ്പോഴും വിജയിക്കുക തന്നെ ചെയ്യും'-ആർതി കുറിച്ചു.
നടി ഖുശ്ബു ഉൾപ്പെടെയുള്ളവർ ആർതിക്ക് പിന്തുണയുമായി രംഗത്തെത്തി. 'ഒരു അമ്മയോടും ഏറ്റുമുട്ടാൻ നിൽക്കരുത്. അവൾ അവളുടെ കുഞ്ഞുങ്ങളോടൊപ്പമുള്ള പെൺസിംഹമാണ്. എന്റെ കുഞ്ഞേ...നിനക്ക് കൂടുതൽ ശക്തിയുണ്ടാകട്ടെ'-എന്നാണ് ഖുശ്ബു കമന്റ് ചെയ്തത്.
രവി മോഹനുമായുള്ള സൗഹൃദം അവസാനിപ്പിക്കുകായണെന്ന് വ്യക്തിമാക്കി കെനിഷ രംഗത്തെത്തിയതിന് പിന്നാലെയാണ് ആർതി ഈ കുറിപ്പ് പങ്കുവെച്ചത്. വ്യാജ കഥകളും സൈബർ ആക്രമണവും തന്നെ മാനസികമായി തളർത്തിയെന്നും തന്റെ സംഗീതവും തെറാപ്പിയും ഉൾപ്പെടെയുള്ള കരിയർ ഉപേക്ഷിച്ച് പൂർണമായും രവി മോഹനെ വിട്ടുനൽകുകയാണെന്നും കെനിഷ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രവി മോഹൻ വാർത്താസമ്മേളനവും നടത്തി. വളരെ വൈകാരികമായിട്ടായിരുന്നു നടന്റെ പ്രതികരണം. തന്നെ ഒരു അടിമയെപ്പോലെയാണ് ആർതി കണ്ടിരുന്നതെന്നും ആർതിയിൽനിന്ന് വിവാഹമോചനം നേടുന്നതുവരെ താൻ സിനിമയിൽ അഭിനയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ് സിനിമയിൽ അഭിനയിക്കുന്ന പേരിൽ മൂന്നക്ഷരമുള്ള ഒരു നടിയാണ് ആർതിയുമായുള്ള തന്റെ കുടുംബജീവിതം തകരാൻ കാരണമെന്നും രവി മോഹൻ കൂട്ടിച്ചേർത്തു.
Content Highlights: Aarti Ravi addresses her separation from actor Ravi Mohan on social media., Aarti warns against mistaking her silence for weakness regarding her children's protection., Ravi Mohan accused Aarti of controlling behavior and financial restrictions., Kenishaa Francis announced cutting ties with Ravi Mohan due to cyberbullying., Khushbu Sundar and other celebrities have publicly supported Aarti.