തനിക്ക് ഭയം തോന്നുന്നുവെന്ന് ഇറ ഖാന്‍; 'ഞാന്‍ കൂടെയില്ലേ' എന്ന് ആശ്വസിപ്പിച്ച് നൂപുര്‍

ഇറാ ഖാനും നൂപുര്‍ ശിഖാരെയും/ ആമിര്‍ ഖാനും ഇറാ ഖാനും | Photo: instagram/ ira khan
ഇറാ ഖാനും നൂപുര്‍ ശിഖാരെയും/ ആമിര്‍ ഖാനും ഇറാ ഖാനും | Photo: instagram/ ira khan

കഴിഞ്ഞ ജനുവരിയിലാണ് ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാനും ഫിറ്റ്‌നസ് ട്രെയ്‌നര്‍ നൂപുര്‍ ശിഖാരേയും വിവാഹിതരായത്. ജയ്പുരില്‍ നടന്ന വിവാഹാഘോഷങ്ങള്‍ക്ക് ശേഷം ഇരുവരും മധുവിധു ആഘോഷിക്കാന്‍ ഇന്‍ഡൊനീഷ്യയില്‍ പോയിരുന്നു.

ഇപ്പോഴിതാ താന്‍ മാനസികമായി നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഇറ. ഏകാന്തത, നിസ്സഹായത എന്നിവയോടുള്ള തന്റെ ഭയത്തെ കുറിച്ചാണ് ഇറ സംസാരിക്കുന്നത്. അക്രമം, രോഗം തുടങ്ങിയ ലോകത്തെ എല്ലാ മോശം കാര്യങ്ങളോടും തനിക്ക് പേടി തോന്നുന്നുവെന്നും സ്വയം നഷ്ടപ്പെടുമോയെന്നും മുറിവേല്‍ക്കപ്പെടുമോയെന്നുമുള്ള ഭയത്തിലാണ് താന്‍ ജീവിക്കുന്നതെന്നും ഇറ കുറിപ്പില്‍ പറയുന്നു.

'എല്ലാ ദിവസവും ഞാന്‍ ഇതുപോലെയല്ല. ഞാന്‍ ജോലി ചെയ്യുന്നതും ചിരിക്കുന്നതും സന്തോഷിക്കുന്നതുമെല്ലാം നിങ്ങള്‍ കാണുന്നുണ്ടാകും. എന്നാല്‍ എന്നെ ഭയം വേട്ടയാടുമ്പോള്‍ ഞാന്‍ അശക്തയായിപ്പോകുന്നു.' ഇറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

'ഞാന്‍ ആശങ്കയിലും ഉത്കണ്ഠയിലും നഷ്ടപ്പെടുമ്പോള്‍ എന്നെ കണ്ടെത്താന്‍, ആശ്വസിപ്പിക്കാന്‍ കഴിവുള്ള ആളുകള്‍ എനിക്ക് ചുറ്റുമുണ്ടെന്ന കാര്യം ഞാന്‍ മറന്നുപോകുന്നു. ഞാന്‍ മുറിപ്പെട്ടാല്‍ എന്നെ പരിപാലിക്കൂ. ഞാന്‍ കഴിവുള്ള, ശക്തയായ ഒരു വ്യക്തിയാണെന്ന കാര്യം മറന്നുപോകുന്നു.' ഇറ കൂട്ടിച്ചേര്‍ക്കുന്നു. സുരക്ഷിതയാണെന്ന് തോന്നിപ്പിക്കുന്ന, മറന്നുപോയ കാര്യങ്ങളെ കുറിച്ച് ഓര്‍മിപ്പിക്കുന്ന ഒരു വ്യക്തിയോ പാട്ടോ സിനിമയോ ഉണ്ടെന്നുള്ളതാണ് ഈ ഭയത്തെ മറികടക്കാനുള്ള ക്ഷമയും പ്രതീക്ഷയും തനിക്ക് സമ്മാനിക്കുന്നതെന്നും ഇറ പറയുന്നു. 

ഇതിന് താഴെ ഇറയെ ആശ്വസിപ്പിച്ച് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. 'ഞാന്‍ ഇവിടെയില്ലേ, പിന്നെന്തിനാണ് പേടിക്കുന്നത്, ഉമ്മ' എന്നാണ് ഭര്‍ത്താവ് നൂപുര്‍ കുറിച്ചത്. നടന്‍ അലി ഫസലും ഇറയ്ക്ക് ആശ്വാസ വാക്കുകളുമായെത്തി. ഇതും കടന്നുപോകും എന്നാണ് അലി ഫസല്‍ കുറിച്ചത്. 

തന്റെ വിഷാദരോഗത്തെ കുറിച്ചും അതില്‍ നിന്ന് പുറത്തുകടന്നതിനെ കുറിച്ചും നേരത്തെ ഇറ തുറന്ന് സംസാരിച്ചിരുന്നു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് 'അഗസ്തു' എന്ന പേരില്‍ ഒരു ഫൗണ്ടേഷനും ഇറ തുടങ്ങിയിരുന്നു. 


 

Content Highlights: aamir khans daughter ira khan writes about mental health husband nupur shikhare offers comfort