മോതിരം കൈമാറി പരസ്പരം ചുംബിച്ച് ഇറയും നൂപുറും; കരച്ചിലടക്കാനാകാതെ ആമിര്‍

വിവാഹ വേഷത്തില്‍ ഇറാ ഖാനും നൂപുറും/  ആമിര്‍ ഖാനും റീന ദത്തയ്ക്കുമൊപ്പം ഇറ | Photo: instagram/ serenade_stories
വിവാഹ വേഷത്തില്‍ ഇറാ ഖാനും നൂപുറും/ ആമിര്‍ ഖാനും റീന ദത്തയ്ക്കുമൊപ്പം ഇറ | Photo: instagram/ serenade_stories

ജനുവരി മൂന്നിന് മുംബൈയിലായിരുന്നു ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാന്റേയും ഫിറ്റ്‌നസ് ട്രെയ്‌നര്‍ നൂപുര്‍ ശിഖാരയുടേയും രജിസ്റ്റര്‍ വിവാഹം. ഷോര്‍ട്‌സും ബനിയനും സ്‌നീക്കേഴ്‌സും ധരിച്ച് എട്ട് കിലോമീറ്റര്‍ ജോഗ് ചെയതാണ് നൂപുര്‍ വിവാഹ വേദിയിലെത്തിയത്. ഇറയുമായി പ്രണയം തുടങ്ങിയ കാലത്ത് അവളെ കാണാനായി സ്വന്തം വീടായ സാന്റാ ക്രൂസില്‍നിന്ന് നിന്ന് ആമിര്‍ ഖാന്റെ ബാന്ദ്രയിലെ വീട് വരെ പലപ്പോഴും നൂപുര്‍ നടക്കാറുണ്ടായിരുന്നു. ആ കാലത്തിന്റെ ഓര്‍മയ്ക്കായാണ് വിവാഹദിനത്തിലും നടന്നെത്താന്‍ നൂപുര്‍ തീരുമാനിച്ചത്. 

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും നൂപുറിന്റെ ബനിയന്‍-ഷോര്‍ട്‌സ് ഔട്ട്ഫിറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയും ചെയ്തു. ഇതിന് പിന്നാലെ മറ്റൊരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. രജിസ്റ്റര്‍ വിവാഹത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ജയ്പുരിലെ താജ് അരാവലി റിസോര്‍ട്ടില്‍ നടന്ന വിവാഹത്തിനിടെ ആമിര്‍ കരയുന്നതാണ് ആ വീഡിയോയിലുള്ളത്. നൂപുറും ഇറയും വിവാഹമോതിരം കൈമാറുകയും പരസ്പരം ചുംബിക്കുകയും ചെയ്തതിന് പിന്നാലെ ആമിര്‍ കണ്ണീരൊപ്പുന്നത് വീഡിയോയില്‍ കാണാം. 

ഇറയുടെ വിവാഹദിവസം താന്‍ വൈകാരികമായിപ്പോകുമെന്നും കരയുമെന്ന് ഉറപ്പാണെന്നും നേരത്തെ അഭിമുഖത്തില്‍ ആമിര്‍ പറഞ്ഞിരുന്നു. 'ഇപ്പോള്‍തന്നെ കുടുംബത്തില്‍ എന്നെ കുറിച്ചാണ് ചര്‍ച്ച. ഞാന്‍ കരഞ്ഞുപോകുമെന്നും എന്നെ ശ്രദ്ധിക്കണമെന്നുമാണ് അവര്‍ പരസ്പരം പറയുന്നത്. ഞാന്‍ വളരെ വൈകാരികമായി പ്രതികരിക്കുന്ന വ്യക്തിയാണ്. എന്റെ ചിരിയും കരച്ചിലും എനിക്ക് നിയന്ത്രിക്കാന്‍ കഴിയില്ല'-വിവാഹത്തിന് മുമ്പ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആമിറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ജയ്പുരില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹ ആഘോഷമാണ് ആമിര്‍ സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചടങ്ങ് ജനുവരി എട്ടിന് തുടങ്ങി പത്തിനാണ് അനസാനിച്ചത്. വെല്‍ക്കം ഡിന്നര്‍, മെഹന്ദി നൈറ്റ്, പൈജാമ പാര്‍ട്ടി, സംഗീത് നൈറ്റ് തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ശേഷമായിരുന്നു വിവാഹം. ഹൈ തൈ സ്ലിറ്റുള്ള കറുപ്പ് ഓഫ് ഷോള്‍ഡര്‍ ഗൗണായിരുന്നു വെല്‍ക്കം ഡിന്നറിന് ഇറയുടെ ഔട്ട്ഫിറ്റ്. മെഹന്ദി നൈറ്റില്‍ വെള്ള നിറത്തിലുള്ള സ്ലീവ്‌ലെസ് ഗൗണായിരുന്നു ഇറയുടെ വേഷം. ഇതിനൊപ്പം ഒരു ചോക്കര്‍ മാത്രമാണ് ആഭരണമായി തിരഞ്ഞെടുത്തത്. ഒരു വശത്തേക്ക് മെടഞ്ഞിട്ട മുടിയില്‍ ചെറിയ പൂക്കള്‍ പിടിപ്പിച്ചിരുന്നു.

സംഗീത് നൈറ്റില്‍ തന്റെ ലെഹങ്കില്‍ ഇറ വ്യത്യസ്തത കൊണ്ടുവന്നു. ദുപ്പട്ടയ്ക്ക് പകരം കടുംചുവപ്പ് നിറത്തിലുള്ള ഹൂഡിയോട് കൂടിയ ലെഹങ്കയാണ് താരപുത്രി ധരിച്ചത്. കടുംനീല നിറത്തിലുള്ള ഈ ലെഹങ്കയില്‍ ഇറ അതീവ സുന്ദരിയായിരുന്നു. ഗോള്‍ഡ് ബ്രൊക്കേഡ് ബ്ലേസറും ബ്ലാക്ക് ട്രൗസേഴ്‌സുമായിരുന്നു നൂപുറിന്റെ ഔട്ട്ഫിറ്റ്. വിവാഹദിനത്തില്‍ പതിവുപോലെ വെള്ള ഗൗണിലാണ് ഇറ പ്രത്യക്ഷപ്പെട്ടത്. ഫ്‌ളോറല്‍ ടിയാര താരത്തിന് കൂടുതല്‍ സ്‌റ്റൈലിഷ് ലുക്ക് നല്‍കി. ഗ്രേ
നിറത്തിലുള്ള സ്യൂട്ടായിരുന്നു നൂപുറിന്റെ വേഷം. 

നേരത്തെ രജിസ്റ്റര്‍ വിവാഹത്തിനും ഇറ ഔട്ട്ഫിറ്റില്‍ പുതിയ പരീക്ഷണം നടത്തിയിരുന്നു. ലെഹങ്കയും ലാച്ചയും സാരിയുമെല്ലാം മാറ്റിവെച്ച് ഹാരെം പാന്റും ബ്ലൗസും ദുപ്പട്ടയും ധരിച്ചാണ് ഇറ ചടങ്ങില്‍ പങ്കെടുത്തത്. സില്‍വര്‍ എംബ്രോയിഡറി ചെയ്ത പേസ്റ്റെല്‍ പിങ്ക് ഹാരെം പാന്റും കടുംപച്ച നിറത്തിലെ വെല്‍വെറ്റ് ബ്ലൗസും പേസ്റ്റല്‍ പിങ്ക് ദുപ്പട്ടയുമായിരുന്നു ഇറയുടെ വേഷം. ഇതോടൊപ്പം കോലാപൂരി ചെരുപ്പും വലിയ പോല്‍ക്കി നെക്ലേസും അവര്‍ ധരിച്ചിരുന്നു. തന്റെ ചുവന്ന മുടി അഴിച്ചിട്ടുകൊണ്ട് മിനിമല്‍ മേക്കപ്പില്‍ തികഞ്ഞ സന്തോഷവതിയായിരുന്നു ഇറ.

ഇറയുടെ ദീര്‍ഘനാളായുള്ള സുഹൃത്തും ഫിറ്റ്‌നെസ് ട്രെയിനറുമാണ് നൂപുര്‍. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. കഴിഞ്ഞ നവംബറില്‍ മുംബൈയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
 


 

Content Highlights: aamir khan cries at daughter iras wedding to nupur shikhare in udaipur