ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഈ ബോയ്കട്ട്;95-ാം പിറന്നാളിന് മുത്തശ്ശിക്ക് പേരക്കുട്ടികളുടെ സര്‍പ്രൈസ്

വൈറല്‍ വീഡിയോയില്‍ നിന്നുള്ള രംഗം | Photo: instagram/ kellsalon
വൈറല്‍ വീഡിയോയില്‍ നിന്നുള്ള രംഗം | Photo: instagram/ kellsalon

പല മേക്കോവര്‍ വീഡിയോകളും നമ്മളെ അമ്പരപ്പിക്കാറുണ്ട്. മേക്കപ്പും പുതിയ ഹെയര്‍ സ്റ്റൈലും ചേരുന്നതോടെ ആളെ തിരിച്ചറിയാനാവാത്തവിധമായിരിക്കും മുഖച്ഛായയില്‍ മാറ്റമുണ്ടാകുക. അതുപോലെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

95-ാം പിറന്നാള്‍ ദിനത്തില്‍ ബോയ്കട്ട് ചെയ്ത് കൂടുതല്‍ സ്റ്റൈലിഷായ ഒരു മുത്തശ്ശിയാണ് ഈ വീഡിയോയിലുള്ളത്. മുത്തശ്ശിയുടെ ആഗ്രഹംപോലെ പേരക്കുട്ടികളാണ് സലൂണില്‍ കൊണ്ടുപോയത്. 'കുറേ കാലമായി അമ്മച്ചിയുടെ ഉള്ളിലുള്ള ആഗ്രഹമായിരുന്നു ബോയ്കട്ട്. മക്കള്‍ ചീത്ത പറയും എന്ന് വിചാരിച്ചാണ് മുടി മുറിക്കാതിരുന്നത്. 95-ാം പിറന്നാളിന് ഈ സര്‍പ്രൈസ് തന്നെ മതി എന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.'-പേരക്കുട്ടി ഡോ അനു ശ്രുതി പറയുന്നു. 

കെല്‍ സിഗ്നേച്ചര്‍ സലൂണ്‍ ആന്റ് സ്പായില്‍ നിന്നാണ് മുത്തശ്ശിയുടെ ഹെയര്‍ സ്‌റ്റൈല്‍ ചെയ്തത്. 'സുന്ദരി ആയിട്ടുണ്ടെ'ന്ന് ഹെയര്‍ സ്റ്റൈലിസ്റ്റ് പറയുമ്പോള്‍ 'എന്നാ ചെക്കനോട് വരാന്‍ പറ' എന്ന് മുത്തശ്ശി തമാശയായി പറയുന്നതും വീഡിയോയില്‍ കാണാം. 

കെല്ലിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മൂന്ന് ദിവസം മുമ്പ് പങ്കുവെച്ച വീഡിയോ ഇതുവരെ 24 ലക്ഷം ആളുകളാണ് കണ്ടത്. രണ്ട് ലക്ഷത്തോളം ആളുകള്‍ ലൈക്ക് ചെയ്തിട്ടുണ്ട്. മുത്തശ്ശിയേയും പേരക്കുട്ടികളേയും അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. 

Content Highlights: 95 year old grandmas makeover and grand childrens surprise