പ്രായമെന്നാല്‍ വെറും സംഖ്യ; 384 അടി ഉയരത്തില്‍ നിന്ന് ചാടി 83-കാരിയുടെ ബംജീ ജമ്പ്, വീഡിയോ വൈറല്‍

#Lifestyle Desk
83-കാരി ഒലീനാ ബൈകോയുടെ വൈറൽ ബംജീ ജമ്പ് | Photos: instagram.com/himalayanbungy
83-കാരി ഒലീനാ ബൈകോയുടെ വൈറൽ ബംജീ ജമ്പ് | Photos: instagram.com/himalayanbungy

ശരീരത്തില്‍ ഇലാസ്തികതയുള്ള കയര്‍ കെട്ടി വലിയ ഉയരത്തില്‍ നിന്ന് ചാടുന്ന വിനോദവും സാഹസവും നിറഞ്ഞ പ്രകടനമാണ് ബംജീ ജമ്പ് (Bungee Jump). ഇതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ കാലിനടിയില്‍ ഭീതിയുടെ തണുപ്പ് പടരുന്നവരാണ് പലരും. ബംജീ ജമ്പ് ചെയ്യാന്‍ വിളിച്ചാല്‍ മടിച്ചുനില്‍ക്കുന്നവരില്‍ ചെറുപ്പക്കാര്‍ പോലുമുള്ളപ്പോഴാണ് ഈ അമ്മൂമ്മ എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. 384 അടി അഥവാ 117 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് ഇവര്‍ ബംജീ ജമ്പ് നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഋഷികേശിലാണ് സംഭവം. ബ്രിട്ടനില്‍ നിന്നുള്ള ഒലീനാ ബൈകോ എന്ന 83-കാരിയാണ് ശ്വാസം നിലയ്ക്കുന്ന തരത്തിലുള്ള ബംജീ ജമ്പ് നടത്തിയത്. ഋഷികേശിലെ ഹിമാലയന്‍ ബംജിയിലായിരുന്നു ഒലീനയുടെ ചാട്ടം. ചാടുന്നതിന് മുമ്പായി ക്യാമറയിലേക്ക് നോക്കാന്‍ ജീവനക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് ഒലീന നിരസിച്ചു. ഒലീനയും ബംജീ ജമ്പ് ജീവനക്കാരും രസകരമായി നൃത്തച്ചുവടുകള്‍ വെക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനുശേഷം പൊടുന്നനെ ഒലീന ചാടുകയായിരുന്നു.

ഹിമാലയന്‍ ബംജി തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇത് ഉടന്‍ തന്നെ വൈറലായി. നിരവധി പേരാണ് 83-ാം വയസിലെ ധൈര്യത്തെ അഭിനന്ദിച്ച് കമന്റുകളിട്ടത്. 'എന്നെക്കാള്‍ ധൈര്യമുള്ള സ്ത്രീ' എന്നാണ് ഒരാള്‍ കമന്റിട്ടത്. 'ക്യാമറയെ അവഗണിച്ചതാണ് ഇതിലെ മികച്ച ഭാഗം' എന്ന് മറ്റൊരാള്‍. 'പ്രായം വെറും സംഖ്യയാണ്' എന്ന് വേറെയൊരാള്‍ കുറിച്ചു. 

Content Highlights: 83-Year-Old British Woman, Oleena Baiko, Stuns Social Media by Completing a 384-Foot (117 Metre) Bungee Jump in Rishikesh