സമാധാനമില്ലാത്ത ദാമ്പത്യത്തേക്കാൾ എത്രയോ നല്ലതാണ് ഒറ്റയ്ക്കുള്ള ജീവിതം; വൈറലായി 74-കാരിയുടെ വീഡിയോ

#Lifestyle desk
പമേല ആലിൻ| ഫോട്ടോ: Instagram/@seventy_waves
പമേല ആലിൻ| ഫോട്ടോ: Instagram/@seventy_waves

തലമുറകളായി സ്ത്രീകളെ പഠിപ്പിച്ചുപോന്ന ഒരു കാര്യമാണ് ദാമ്പത്യം മാത്രമാണ് ദീർഘകാല സന്തോഷത്തിന്റെ അടിസ്ഥാനമെന്ന്. എന്നാൽ മാറിയ ചിന്താഗതികളും വ്യക്തിപരമായ സംതൃപ്തിക്ക് മുൻഗണന നൽകുന്ന പുതിയ കാലവും ഈ സങ്കൽപ്പങ്ങളെ തിരുത്തിക്കുറിക്കുകയാണ്. ഒരു പങ്കാളിയില്ലാതെ തന്നെ സന്തോഷകരമായ ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് 74 വയസ്സുകാരിയായ പമേല ആലിൻ.

അസന്തുഷ്ടമായ ദാമ്പത്യജീവിതം അവസാനിപ്പിച്ച ശേഷം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിംഗിളായി ജീവിക്കുന്ന പമേല, തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ച അനുഭവങ്ങൾ ശ്രദ്ധേയമാണ്. പ്രയാസം മാത്രം നിറഞ്ഞ വിവാഹബന്ധത്തിൽ തുടരുന്നതിനേക്കാൾ എത്രയോ സമാധാനവും സംതൃപ്തിയും നിറഞ്ഞതാണ് ഒറ്റയ്ക്കുള്ള ജീവിതമെന്ന് പമേല സ്വന്തം ജീവിതത്തിലൂടെ വ്യക്തമാക്കുന്നു.

"നിങ്ങൾക്ക് ഒറ്റയ്ക്ക് ജീവിക്കാൻ ഭയമാണെങ്കിൽ ഇത് തീർച്ചയായും കേൾക്കണം. എനിക്ക് ഇപ്പോൾ 74 വയസ്സായി. ഞാൻ സിംഗിളാണ്, എനിക്ക് കുട്ടികളില്ല. കഴിഞ്ഞ 30 വർഷമായി ഞാൻ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ഈ ജീവിതത്തിൽ നിന്ന് ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം എന്തെന്നാൽ, സമാധാനമില്ലാത്ത ഒരു ദാമ്പത്യത്തിൽ ഞാൻ അനുഭവിച്ച അത്രയും വലിയ ഒറ്റപ്പെടൽ ഈ മുപ്പത് വർഷത്തെ സിംഗിൾ ജീവിതത്തിൽ ഒരിക്കൽ പോലും എനിക്ക് അനുഭവപ്പെട്ടിട്ടില്ല എന്നതാണ്’- വീഡിയോയിൽ അവർ പറയുന്നു.

സാമ്പത്തിക സ്വാതന്ത്ര്യം വളരെ പ്രധാനം

സ്ത്രീകൾക്ക് സ്വന്തമായി സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പമേല പറയുന്നുണ്ട്. "സാമ്പത്തികമായി സ്വയം സുരക്ഷിതരാവുക. നിങ്ങളുടെ പണം എങ്ങോട്ടാണ് പോകുന്നതെന്ന് കൃത്യമായി മനസ്സിലാക്കുക. ഏതൊക്കെ അക്കൗണ്ടുകളിലും കടങ്ങളിലുമാണ് നിങ്ങളുടെ പേരുള്ളതെന്ന് ഉറപ്പുവരുത്തുക’ പമേല ഓർമ്മിപ്പിക്കുന്നു.

പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്തുക

ജീവിതത്തിലെ വലിയ മാറ്റത്തിന്റെ ഘട്ടങ്ങളിൽ സ്വയം ഒറ്റപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ഈ പ്രയാസകരമായ സമയങ്ങളിൽ നിങ്ങളെ താങ്ങിനിർത്താൻ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സാധിക്കും. അതുകൊണ്ട് അവരുമായി നല്ല ബന്ധം സൂക്ഷിക്കുക

അതിരുകൾ നിശ്ചയിക്കുക, സ്വയം ഉത്തരവാദിത്തമുള്ളവരാകുക

മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം സ്വന്തം ജീവിത തീരുമാനങ്ങൾ എടുക്കരുതെന്ന് പമേല വ്യക്തമാക്കുന്നു. നിങ്ങളോട് തന്നെ ഉത്തരവാദിത്തമുള്ളവരായിരിക്കുക. മറ്റുള്ളവർക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിൽ അവർക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ലെന്നും അവർ അഭിപ്രായപ്പെടുന്നു.

ഒറ്റയ്ക്കായിരിക്കുന്നതും ഒറ്റപ്പെടലും രണ്ടാണ്!

ഒറ്റയ്ക്ക് ജീവിക്കുന്നതിനെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ പമേല തിരുത്തുന്നു. അസന്തുഷ്ടമായ ബന്ധങ്ങളിൽ തുടരുന്നതിനേക്കാൾ നല്ലത് സ്വന്തം സമാധാനമാണ്. ‘നിങ്ങൾ സമാധാനം നിറഞ്ഞ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ പോവുകയാണ്. ഒറ്റയ്ക്കായിരിക്കുന്നതും ഒറ്റപ്പെടൽ അനുഭവിക്കുന്നതും രണ്ടാണ്. അതുകൊണ്ട് പുതിയ ദിനചര്യകളും സന്തോഷങ്ങളും കണ്ടെത്താൻ ശ്രമിക്കുക എന്ന് അവർ പറയുന്നു.

നമ്മെ ആരും പരിഗണിക്കാത്ത ഒരു ബന്ധത്തിൽ തുടരുന്നതിനേക്കാൾ എത്രയോ മികച്ചതാണ് ആത്മാഭിമാനത്തോടെയുള്ള ശാന്തമായ ജീവിതമെന്ന് പറഞ്ഞാണ് പമേല തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. ഒട്ടും സമാധാനമില്ലാത്ത സാഹചര്യങ്ങളിൽ ഒത്തുതീർപ്പുകൾക്ക് വഴങ്ങി ജീവിക്കേണ്ടതില്ലെന്ന ശക്തമായ സന്ദേശമാണ് 74-കാരി നൽകുന്നത്. 


Content Highlights: 74-year-old Pamela Allyn has gone viral on Instagram after sharing how spending the last three decades single brought her more peace and happiness than an unhappy marriage, while emphasizing the absolute need for women's financial independence.