വരന് വരുമാനം കുറവെന്ന് പറഞ്ഞ് വിവാഹത്തില്‍ നിന്ന് പിന്മാറി; കെട്ടിപ്പിടിച്ചതിന് 'ഹഗ്ഗിങ് ഫീസ്' 3.7 ലക്ഷം രൂപ വേണമെന്നും യുവതി

താലികെട്ടിന്റെ വക്കോളമെത്തിയ വിവാഹങ്ങള്‍ പോലും മുടങ്ങിപ്പോയതിന്റെ പല കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ വിചിത്രമായ ഒരു കല്യാണം മുടങ്ങലിന്റെ കഥയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. വിവാഹം മുടങ്ങിയതുകൊണ്ടല്ല, മറിച്ച് അതുകഴിഞ്ഞുണ്ടായ സംഭവങ്ങളാണ് ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്.
ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ പിങ്ഡിങ്ഷാന്‍ എന്ന സ്ഥലത്തെ യുവാവും യുവതിയും വിവാഹ ബ്രോക്കര്‍ മുഖേനെ കഴിഞ്ഞവര്‍ഷമാണ് കണ്ടുമുട്ടിയത്. പിന്നീട് ജനുവരിയില്‍ വിവാഹനിശ്ചയം നടന്നു. വരുന്ന നവംബറില്‍ വിവാഹം നടത്താനാണ് ഇരുകൂട്ടരും തീരുമാനിച്ചത്. ഇതിനായി ക്ഷണക്കത്ത് അടിക്കുകയും ഹോട്ടല്‍ ബുക്ക് ചെയ്യുകയുമെല്ലാം ചെയ്തുകഴിഞ്ഞിരുന്നു.
എന്നാല്‍ വിവാഹത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് യുവതി ഏകപക്ഷീയമായി പിന്മാറുകയായിരുന്നു. 'എനിക്ക് ഇയാളെ വിവാഹം ചെയ്യേണ്ട' എന്ന് മാത്രമാണ് യുവതി പറഞ്ഞത്. എന്നാല്‍ യുവാവിന് വരുമാനം കുറവാണെന്നതാണ് വിവാഹത്തില്‍ നിന്നൊഴിയാനുള്ള യഥാര്‍ഥ കാരണമെന്ന് ബ്രോക്കര്‍ പറഞ്ഞു.
വിവാഹം നിശ്ചയിച്ചാല്‍ വരന്‍ വധുവിന് സമ്മാനമായി പണം നല്‍കുന്നതാണ് ചൈനയിലെ രീതി. ഇതുപ്രകാരം യുവാവ് യുവതിക്ക് രണ്ടുലക്ഷം യുവാന്‍ (ഏകദേശം 24.84 ലക്ഷം രൂപ) യുവാവ് യുവതിക്ക് നല്‍കി. വിവാഹം മുടങ്ങിയതോടെ വരനും കൂട്ടരും ഈ തുക യുവതിയോട് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതില്‍ 1.7 ലക്ഷം യുവാന്‍ മാത്രമേ യുവതി തിരികെ നല്‍കിയുള്ളൂ. ബാക്കി 30,000 യുവാന്‍ താന്‍ കൈവശം വെക്കുകയാണെന്ന് യുവതി പ്രഖ്യാപിച്ചു. ഇതിന്റെ കാരണമാണ് വിചിത്രമായിരുന്നത്. ഫോട്ടോഷൂട്ടിനിടെ ഫോട്ടോഗ്രാഫര്‍ ആവശ്യപ്പെട്ടത് പ്രകാരം യുവാവ് തന്നെ കെട്ടിപ്പിടിച്ചിരുന്നുവെന്നും ഇതിന് 'ഹഗ്ഗിങ് ഫീസ്' ആയും മറ്റ് ചില ചില്ല ചെലവുകളായുമാണ് 30,000 യുവാന്‍ താന്‍ കൈവശം വെക്കുന്നതെന്നുമാണ് യുവതി പറഞ്ഞത്.
സംഭവം ചൈനീസ് സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെയാണ് വൈറലായത്. വലിയ ചര്‍ച്ചകളാണ് ഇതിനെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്. താന്‍ ആയിരക്കണക്കിന് വിവാഹങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഈ യുവതിയുടേത് പോലുള്ളൊരു കുടുംബത്തെ ആദ്യമായാണ് കാണുന്നതെന്നുമാണ് ബ്രോക്കര്‍ ഇതേക്കുറിച്ച് പറഞ്ഞത്.