വയസ് 101, പാതിരാത്രിയും സ്‌നാക്‌സ്, പുലരുവോളം ഉറങ്ങില്ല; ദീർഘായുസ്സിന്റെ രഹസ്യം പറഞ്ഞ് മുത്തശ്ശി

പ്രായമാകുമ്പോൾ കൃത്യമായ ജീവിതശൈലി പിന്തുടരുകയും ഭക്ഷണക്രമം പാലിക്കുകയും കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയുമെല്ലാം ചെയ്യുന്നതാണ് പൊതുവേ കാണുന്നത്. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തയാണ് ഇവിടെയൊരു മുത്തശ്ശി. 101-കാരിയായ ഈ മുത്തശ്ശിയുടെ ജീവിതശൈലി അറിഞ്ഞാൽ ആരുമൊന്ന് അമ്പരന്ന് പോകും. ഇപ്പോഴത്തെ ചെറുപ്പക്കാർ തോറ്റുപോകുന്ന തരത്തിലാണ് മുത്തശ്ശി 'ചിൽ' ചെയ്യുന്നത്.
ജിയാങ് യൂക്വിൻ എന്നാണ് മുത്തശ്ശിയുടെ പേര്. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ വെൻഷോയിലാണ് മുത്തശ്ശിയുടെ വീട്. എല്ലാദിവസവും പുലർച്ചെ രണ്ടുമണിവരെ ജിയാങ് യൂക്വിൻ ടിവി കാണും. എന്നാൽ എന്നും രാവിലെ കൃത്യം പത്ത് മണിക്ക് മുത്തശ്ശി ഉറക്കമുണരും. ഉണർന്നാലുടൻ സ്‌ട്രോങ് ഗ്രീൻ ടീ നിർബന്ധം. പകൽസമയം ശാന്തമായി ചെലവിടാനാണ് ജിയാങ് യൂക്വിന് ഇഷ്ടമെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
Also Read: ഒരുപാട് കാലം ജീവിക്കണോ? പുറത്തിറങ്ങിയാൽ വഴിയുണ്ടെന്ന് പുതിയ പഠനം
കഴിഞ്ഞരണ്ടുവർഷം കൊണ്ടാണ് ജിയാങ് മുത്തശ്ശിയുടെ ജീവിതശൈലി ഈ രീതിയിൽ മാറിയതെന്ന് അവരുടെ മകൾ യാവോ സോങ്പിങ് പറയുന്നു. ഒരിക്കൽ ഒന്ന് വീണതിന് ശേഷം മുത്തശ്ശിയുടെ കൈക്ക് പരിക്കേറ്റു. അതോടെ വീട്ടുജോലി ചെയ്യുന്നതിൽ നിന്ന് മുത്തശ്ശിയെ തങ്ങൾ വിലക്കിയെന്നും യാവോ പറയുന്നു. പകൽസമയത്ത് ഒന്നും ചെയ്യാനില്ലാത്തതിനാൽ മുത്തശ്ശി ഉറങ്ങാനും രാത്രി ഉറക്കമൊഴിച്ചിരുന്ന് ടിവി കാണാനും തുടങ്ങി.
രാവിലെ 'ബ്രഞ്ച്' കഴിഞ്ഞാൽ വൈകീട്ട് ആറ് മണിക്ക് മുത്തശ്ശി ഡിന്നർ കഴിക്കും. പിന്നീട് വിശപ്പ് തോന്നിയാൽ പ്രാദേശികമായി ലഭിക്കുന്ന സ്‌നാക്കുകൾ കഴിക്കും. വെൻഷോയിൽ ലഭിക്കുന്ന പ്രത്യേക പേസ്ട്രിയായ മതിസോങ് ആണ് മുത്തശ്ശിയുടെ ഇഷ്ടവിഭവം. വാട്ടർ ചെസ്റ്റ്‌നട്ട് കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. കൂടാതെ ഉരുളക്കിഴങ്ങ് ചിപ്‌സ്, ഷക്വിമ, ഉണക്കിയ സ്വീറ്റ് പൊട്ടറ്റോ ഡേറ്റ്‌സ് എന്നിവയും മുത്തശ്ശി ആസ്വദിച്ച് കഴിക്കും. യഥാർഥ പല്ലുകൊണ്ടാണ് 101-ാം വയസിലും മുത്തശ്ശി ഭക്ഷണം കഴിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
Don’t Miss: ദിവസവും കാപ്പി കുടിച്ചാൽ കൂടുതൽ കാലം ജീവിക്കാമെന്ന് പഠനം; പക്ഷേ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ചെറുപ്പത്തിൽ സർക്കാർ ജോലിയായിരുന്നു മുത്തശ്ശിക്ക്. പിന്നീട് ഏഴുമക്കളെ വളർത്താനായി ജോലി ഉപേക്ഷിച്ച് വീട്ടമ്മയായി. ഭർത്താവിനൊപ്പം 30 വർഷമാണ് അവർ ജീവിച്ചത്. ദീർഘായുസ്സിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ മുത്തശ്ശി മറുപടി പറയും. നന്നായി ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, ഗ്രീൻ ടീ കുടിക്കുക എന്നിവയാണ് പ്രധാനം. എന്നാൽ അതിനേക്കാൾ പ്രധാനം മനോഭാവമാണ്. താൻ ആരോടും ദേഷ്യപ്പെടുകയോ വൈരാഗ്യം വെച്ചുപുലർത്തുകയോ ചെയ്യാറില്ലെന്നും സമാധാനപരമായ ജീവിതം നയിക്കുകയാണെന്നും മുത്തശ്ശി പറയുന്നു.
Content Highlights: Jiang Yuqin, a 101-year-old woman from Wenzhou, China, has gained attention for her unconventional lifestyle. Unlike the typical early-to-bed routine, she stays up until 2 AM watching TV and wakes up at 10 AM for strong green tea. She credits her long life to enjoying snacks like local pastries and potato chips, but most importantly, maintaining a peaceful mindset without anger or grudges.