മാസവാടക എട്ട് ലക്ഷം രൂപ; ഒറ്റമുറി അപ്പാർട്ട്‌മെന്റിലെ കാഴ്ചകളുമായി യുവതി, വീഡിയോ വൈറൽ

#Lifestyle Desk
വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: instagram
വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: instagram

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു വീഡിയോ വൈറലാണ്. ഒരു 'ഹോം ടൂർ' വീഡിയോ ആണ് ഇത്. ഇന്ത്യക്കാരിയായ യുവതിയാണ് യുകെയിലെ തന്റെ അപ്പാർട്ട്‌മെന്റിലെ കാഴ്ചകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഒരു കിടപ്പുമുറിയും ഹാളും അടുക്കളയുമുള്ള (വൺബിഎച്ച്‌കെ) അപ്പാർട്ട്‌മെന്റിന്റെ മാസവാടക ഏകദേശം എട്ട് ലക്ഷം രൂപയാണെന്ന് യുവതി പറയുന്നു.

ദീപാംശി ചൗധരി എന്ന യുവതിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. രാജ്യതലസ്ഥാനമായ ലണ്ടനിലുള്ള തന്റെ അപ്പാർട്ട്‌മെന്റ് പൂർണമായും ഫർണിഷ് ചെയ്തതാണെന്ന് ദീപാംശി പറയുന്നു. ജീവിക്കാൻ ചെലവേറിയ നഗരമാണ് ലണ്ടനെന്ന് അവർ വീഡിയോയിൽ പറയുന്നു. മധ്യകിഴക്കൻ ലണ്ടനാണ് അപ്പാർട്ട്‌മെന്റ് സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് ദീപാംശിയുടെ വീഡിയോ കണ്ടത്.

അപ്പാർട്ട്‌മെന്റിന്റെ ലോബി, ശുചിമുറി, കിടപ്പുമുറി, ലിവിങ് റൂം, അടുക്കള, സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലം തുടങ്ങി എല്ലാം യുവതി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. 'ലണ്ടനിലെ ഒറ്റമുറി അപ്പാർട്ട്‌മെന്റിലേക്കുള്ള ടൂർ. പൂർണമായും ഫർണിഷ് ചെയ്ത അപ്പാർട്ട്‌മെന്റാണിത്. അതെ, വാടക അൽപ്പം കൂടുതലാണ്. പക്ഷേ ഈ സ്ഥലത്ത് ഇങ്ങനെയൊരു അപ്പാർട്ട്‌മെന്റ് അത്രയും വിലയുള്ളതാണ്.' -ഇതാണ് ദീപാംശി വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.

നിരവധി പേരാണ് ദീപാംശിയുടെ വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടത്. സുതാര്യമായി കാര്യങ്ങൾ പറയുന്ന ദീപാംശിയുടെ മനോഭാവത്തെ ഒട്ടേറെ പേർ അഭിനന്ദിച്ചു. താങ്ങാവുന്നതിലും അധികമാണ് വാടക എന്നാണ് മറ്റുചിലർ പറഞ്ഞത്. അവർ നിങ്ങളെ കൊള്ളയടിക്കുകയാണ് എന്നാണ് ഒരാൾ പറഞ്ഞത്. ഇതിലും കുറഞ്ഞ വാടകയ്ക്ക് ഇതിനേക്കാൾ നല്ല അപ്പാർട്ട്‌മെന്റ് കിട്ടുമെന്നും ഒരാൾ കമന്റിൽ പറഞ്ഞു.

Content Highlights: Indian woman gives a tour of her ₹8 lakh per month 1BHK apartment in London | Watch Video