മുംബൈ നഗരം കണ്ട് വൈകുന്നേരങ്ങള്‍ ആസ്വദിക്കാം; വീടിന്റെ വീഡിയോ പങ്കുവെച്ച് സൊനാക്ഷി സിന്‍ഹ

#Lifestyle Desk
സൊനാക്ഷി സിൻഹ, സഹീര്‍ ഇഖ്ബാല്‍ എന്നിവരുടെ മുംബൈയിലെ വീട്‌.|Photo: Screengrab/Youtube
സൊനാക്ഷി സിൻഹ, സഹീര്‍ ഇഖ്ബാല്‍ എന്നിവരുടെ മുംബൈയിലെ വീട്‌.|Photo: Screengrab/Youtube

സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയും നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് സൊനാക്ഷി സിന്‍ഹയും ഭര്‍ത്താവ് സഹീര്‍ ഇഖ്ബാലും. മോഡേണ്‍ മിനിമലിസത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട ഇരുവരുടേയും മുംബൈയിലെ വീട് സ്വപ്‌നതുല്യമാണ്. വിശാലമായ മുറികളും പല തരത്തിലുള്ള അലങ്കാരങ്ങളും ഉള്‍പ്പെടുത്തിയ വീടിന്റെ വീഡിയോ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുകയാണ് സൊനാക്ഷി സിന്‍ഹ.

സൂര്യപ്രകാശം കൊണ്ട് മുഖരിതമായ സ്വീകരണമുറിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്‌. വെള്ള നിറത്തിലുള്ള ചുവരുകള്‍, അതിനു വിപരീതമായി നീല ലെതര്‍ ഫിനിഷോട് കൂടിയ തടി കസേരകളുള്ള തീന്‍ മേശ എന്നിവയും മുറിയിലെ പ്രധാന ആകര്‍ഷകങ്ങളാണ്. പുറത്തെ കാഴ്ചകള്‍ മുഴുവനായും ആസ്വദിക്കാന്‍ സാധിക്കുന്ന ഗ്ലാസ് ഭിത്തികള്‍ക്ക് സമീപമാണ് തീന്‍മേശ ഒരുക്കിയിരിക്കുന്നതെന്നതും ഭംഗി വര്‍ധിപ്പിക്കുന്നു.

മേശയുടെ അടുത്തായി പുസ്തകങ്ങളും അലങ്കാരവസ്തുക്കളും ഒരുക്കിവെച്ചിട്ടുണ്ട്. സ്വീകരണമുറിയില്‍ വായുവില്‍ നില്‍ക്കുന്നു എന്ന പ്രതീതിയില്‍ ടെലിവിഷന്‍ സ്‌ക്രീന്‍ ഒരുക്കിയത് തന്റെ ആശയമാണെന്ന് സഹീര്‍ പറയുന്നുണ്ട്. ഇതിനോടൊപ്പം തന്നെ പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാന്‍ മനോഹരമായ ബാല്‍ക്കണിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുംബൈ നഗരത്തിലെ കാഴ്ചകളോടൊപ്പം അസ്തമയ സൂര്യന്റെ ഭംഗിയും ആസ്വദിക്കാന്‍ തിരഞ്ഞെടുക്കാവുന്ന മികച്ച സ്ഥലമാണിതെന്ന് സൊനാക്ഷി പറഞ്ഞു.

മോണോക്രോം ഭിത്തികളുമായി ഒത്തുപോകുന്ന മഞ്ഞ നിറത്തിലുള്ള സോഫയും ഭിത്തിയിലുള്ള ഹോളോഗ്രാഫിക് രീതിയിലുള്ള ഇരുവരുടേയും ചിത്രവും ആകര്‍ഷകമായി ഒരുക്കിയിരിക്കുന്നു. സ്വീകരണമുറിക്ക് സമീപമായി പ്രത്യേകം സജ്ജീകരിച്ച വാനിറ്റി ഏരിയയും ഉണ്ട്‌. വിശാലമായ മുറികളോടൊപ്പം എല്ലാ ആവശ്യങ്ങളും ഉള്‍പ്പെടുത്തി സൗകര്യപ്രദമായ രീതിയിലാണ് വീട് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ കൃത്യമായ ഉദാഹരണമാണ് കിടപ്പുമുറിയില്‍ ഒരുക്കിയ അലമാരകള്‍. വൃത്തിയില്‍ ഒരുക്കിയ ആഭരണങ്ങള്‍, ഭംഗിയായി ക്രമീകരിച്ച ചെരുപ്പുകള്‍ എന്നിവയാണ്‌ ഈ മുറിയിലെ പ്രധാന ആകര്‍ഷണം.

പണി പൂര്‍ത്തിയായികൊണ്ടിരിക്കുന്ന അതിഥികള്‍ക്കായുള്ള മുറി മൃഗങ്ങളുടെ രൂപങ്ങളും വ്യത്യസ്തമായ പാറ്റേണുകളും ഉപയോഗിച്ച് അലങ്കരിച്ചിട്ടുണ്ട്. സൊനാക്ഷിയുടേയും സഹീറിന്റെയും വ്യക്തിത്വവുമായി വളരെ അടുത്തുനില്‍ക്കുന്ന രീതിയിലാണ് വീടും ഒരുക്കിയിരിക്കുന്നത്. ലാളിത്യം എന്ന ആശയം ഒട്ടും ചോര്‍ന്നുപോകാതെ വളരെ മനോഹരമായി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഇരുവരും വീട് ഒരുക്കിയിരിക്കുന്നത്.

Content Highlights: Step inside Sonakshi Sinha and Zaheer Iqbal`s modern minimalist Mumbai home. Explore their stunning, spacious abode filled with sunlight, stylish decor, and breathtaking views.