വീട്ടിലെ പ്ലാസ്റ്റിക് പാത്രങ്ങള്‍ ബാധ്യതയാണോ? വെറുതേ കളയല്ലേ; പുനരുപയോഗിക്കാം, പുത്തനായി

സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ചുവെക്കാന്‍ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ആവശ്യമായി വരാറുണ്ടെങ്കിലും നിറം മങ്ങി പഴയതാവുകയോ, മറ്റോ ചെയ്താല്‍ എന്തുചെയ്യും? വലിച്ചെറിയാതെ ശരിയായരീതിയില്‍ സംസ്‌കരിക്കാതെ അവ എങ്ങനെ വീട്ടില്‍തന്നെ പ്രയോജനപ്പെടും വിധം ഉപയോഗിക്കാം എന്നത് വലിയൊരു ചോദ്യചിഹ്നമാണ്.
മിക്ക പ്ലാസ്റ്റിക്കുകളും ക്രമേണ വിഘടിക്കുമെങ്കിലും, അവ ജൈവവിഘടനത്തിന് വിധേയമല്ല. അത് മണ്ണിനും വെള്ളത്തിനും ദോഷമാണ്. അതുകൊണ്ടുതന്നെ റീസൈക്ലിങ് ആണ് ഏറ്റവും നല്ല മാര്‍ഗം. എന്നാല്‍ പോളീപ്രോപ്പലീന്‍ പോലുള്ള പ്ലാസ്റ്റിക് പുനരുപയോഗിക്കാന്‍ സാധിക്കില്ല. അതുകൊണ്ടെല്ലാമാണ് വീട്ടില്‍ നമ്മളുപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകളും പാത്രങ്ങളും കഴിവതും പുനരുപയോഗം
ചെയ്യണമെന്ന് പറയുന്നത്. പണം നഷ്ടപ്പെടുന്നത് തടയാനും ഇത് സഹായിക്കും.
പ്ലാസ്റ്റിക് പാത്രങ്ങള്‍ പുനരുപയോഗിക്കാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം...
വളര്‍ത്തുമൃഗങ്ങള്‍ക്കോ, പക്ഷികള്‍ക്കോ ഭക്ഷണം നല്‍കുന്ന പാത്രങ്ങളാക്കാം
വീട്ടില്‍ ഉപയോഗിച്ചശേഷം ഒഴിവാക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളോ കുപ്പികളോ എടുത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കോ, പക്ഷികള്‍ക്കോ ഭക്ഷണം നല്‍കുന്ന പാത്രങ്ങളാക്കി മാറ്റാം. അവയ്ക്ക് കളിക്കാനും ഇതുപയോഗിക്കാം.
കുട്ടികള്‍ക്ക് കളിപ്പാട്ടം, വീട്ടിലെ അലങ്കാരവസ്തുക്കള്‍
കുപ്പികളും പാത്രങ്ങളുമെല്ലാം ഉപയോഗിച്ച് കുട്ടികള്‍ക്ക് കളിപ്പാട്ടം, വീട്ടിലെ അലങ്കാരവസ്തുക്കള്‍ എന്നിവയെല്ലാം ഉണ്ടാക്കാവുന്നതാണ്. പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് കളിപ്പാട്ടങ്ങള്‍, പൂക്കള്‍, ബോട്ടില്‍ ആര്‍ട്ട്, ഫ്‌ളവര്‍ വേയ്‌സ്, കീചെയ്ന്‍ എന്നിവയെല്ലാം തയ്യാറാക്കാവുന്നതാണ്.
വാട്ടറിങ് കാന്‍
ഉപയോഗശൂന്യമായ വലിയ കണ്ടെയ്‌നറുകള്‍ കൃഷിയിടങ്ങളിലോ മറ്റോ ചെടികള്‍ നനയ്ക്കാന്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരം പ്ലാസ്റ്റിക്ക് ബോട്ടിലുകളുടെ അടപ്പുകളില്‍ ചെറിയ ദ്വാരങ്ങളിട്ടാണ് ചെടി നനയ്ക്കാന്‍ ഉപയോഗിക്കുന്നത്. ഇത്തരം പാത്രങ്ങളില്‍ വെള്ളം ബാക്കിവെച്ച് തുറന്നിടാതിരിക്കാന്‍ ശ്രദ്ധിക്കണം.
മേക്കപ്പ് വസ്തുക്കള്‍ സൂക്ഷിക്കാന്‍
ഹെയര്‍ ബണ്‍, ഹെയര്‍ ടൈ, മുടിപ്പിന്നുകള്‍, കമ്മലുകള്‍, പൊട്ടുകള്‍ എന്നിവയെല്ലാം പഴയ പ്ലാസ്റ്റിക് ടിന്നുകളില്‍ സൂക്ഷിക്കാം. മറ്റ് മേക്കപ്പ് വസ്തുക്കള്‍ സൂക്ഷിച്ച് വെക്കാനും പഴയ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ തിരഞ്ഞെടുക്കാം.
സമ്മാനങ്ങള്‍ പൊതിഞ്ഞ് നല്‍കാം
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോക്‌സുകള്‍ സൂക്ഷിച്ചുവെച്ച് സമ്മാനങ്ങള്‍ പൊതിയാനായി ഉപയോഗിക്കാം. ഗിഫ്റ്റ് ബോക്‌സുകള്‍ക്കായി പണം ചെലവാക്കുന്നത് തടയാന്‍ ഇത് സഹായിക്കും.
റൂം ഫ്രാഗ്രന്‍സ് ബോട്ടിലുകള്‍
വീട്ടിലെ മുറികള്‍ സുഗന്ധമുള്ളതാക്കാന്‍ റൂം ഫ്രാഗ്രന്‍സുകള്‍ ഉപയോഗിക്കാറില്ലേ. ഇതിനായി ഉപയോഗിക്കുന്ന പദാര്‍ഥം കണ്ടെയ്‌നറുകളിലാക്കി മുറികളില്‍ വെക്കാവുന്നതാണ്.
ഓര്‍ഗനൈസര്‍
കുട്ടികളുടെ പഠനമുറിയില്‍ ഓര്‍ഗനൈസര്‍ ആയി പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിക്കാം. ബോട്ടിലുകള്‍ ഉപയോഗിച്ച് ഓര്‍ഗനൈസറുകള്‍ വേണ്ടവിധത്തില്‍ രൂപകല്‍പന ചെയ്‌തെടുക്കാവുന്നതാണ്. അടുക്കളയിലും ബാത്‌റൂമിലുമെല്ലാം ഉപയോഗവസ്തുക്കള്‍ ഇട്ടുവെക്കാന്‍ ഓര്‍ഗനൈസറുകള്‍ ഉണ്ടാക്കി വെക്കാം.
വീടിനുപുറത്തെ ചായ്പ്പിലോ മറ്റോ ഉള്ള മേശയുടെ കാലില്‍ കേടുപാടു വരാതിരിക്കാന്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിക്കാം. അലങ്കാര പുഷ്പങ്ങളും ജ്വല്ലറി ഉത്പന്നങ്ങളും ഇവ ഉപയോഗിച്ച് തയ്യറാക്കാം. പെയിന്റിങ്ങിനും കൃഷിക്കും ചെറിയ ചെടികള്‍ വളര്‍ത്താനും പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ ഉപയോഗിക്കുന്നവരുണ്ട്.
Content Highlights: Repurpose plastic containers creatively!