പഴയ ഇംഗ്ലീഷ് ബംഗ്ലാവിനെ പുതുക്കിയെടുത്തു; നയന്‍താരയുടെയും വിഗ്നേഷിന്റെയും സ്റ്റുഡിയോ വിശേഷം

പ്രേക്ഷരുടെ ഇഷ്ടജോഡികളാണ് നയന്‍താരയും വിഗ്നേഷ് ശിവനും. ഇരുവരുടെയും സിനിമകളും സ്വകാര്യജീവിതത്തിലെ ഒരോ നേട്ടങ്ങളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ചെന്നൈയിലെ ഇവരുടെ പുതിയ സ്റ്റുഡിയോയാണ് ഇപ്പോൾ വാര്‍ത്തകളില്‍ ഇടം നേടുന്നത്. 7000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പഴയ കൊളോണിയല്‍ സ്റ്റൈല്‍ ബംഗ്ലാവിനെയാണ് മനോഹരമായ സ്റ്റുഡിയോയാക്കി മാറ്റിയിരിക്കുന്നത്.
നയന്‍താരയും വിഗ്നേഷും തങ്ങളും ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുതിയ ഹോം കം സ്റ്റുഡിയോയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.സൂര്യ പ്രകാശവും, കാറ്റും നന്നായി ലഭിക്കുന്ന രീതിയിലാണ് സ്റ്റുഡിയോ ക്രമീകരിച്ചിട്ടുള്ളത്. ചെന്നൈയിലുള്ള ഈ ഹോം സ്റ്റുഡിയോയില്‍ കോണ്‍ഫറന്‍സ് റൂം, അതിഥികള്‍ക്കായുള്ള ലോഞ്ച് സ്‌പെയ്‌സ്, ഓപ്പണ്‍ സ്‌പെയ്‌സ് ഡൈനിങ്, വീട്ടുകാര്‍ക്കും, ജോലിക്കാര്‍ക്കുമുള്ള ബെഡ്‌റൂമുകള്‍, മീറ്റിങ്ങ് റൂമുകളുമുണ്ട്. പരമ്പരാഗത ശില്‍പ നിര്‍മ്മിതിയും മരങ്ങള്‍ കൊണ്ടുള്ള വിവിധതരം വസ്തുക്കളും സ്റ്റുഡിയോയുടെ ഭംഗി കൂട്ടുന്നു.
കോളോണിയല്‍ സ്‌റ്റൈല്‍ തീമിലാണ് സ്റ്റുഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന എര്‍ത്തി കളര്‍ പാലറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. തേക്ക്, നെയ്‌തെടുത്ത ഫൈബര്‍ വസ്തുക്കള്‍, ലിനന്‍ തുണികള്‍ തുടങ്ങിയ വസ്തുക്കള്‍ ക്രിയാത്മകമായി ഉപയോഗിച്ചിട്ടുണ്ട്. വൈക്കോല്‍ കൊണ്ടും ഈറ്റ കൊട്ട കൊണ്ടും നിര്‍മ്മിച്ച ലൈറ്റുകള്‍ മുറികള്‍ക്ക് ഇന്തോ-വെസ്‌റ്റേണ്‍ ലുക്ക് നല്‍കുന്നു.
'ബംഗ്ലാവിന്റെ ആത്മാവ് ചോരാതെ പുനര്‍നിര്‍മ്മിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ പ്രകൃതി ദത്തമായ വെളിച്ചത്തെ പരമാവധി ഉപയോഗപ്പെടുത്തി ഇന്റീരിയറുകള്‍ ഭംഗിയാക്കാന്‍ ശ്രമിച്ചു'.- നയന്‍താര പറയുന്നു
ചെന്നൈയ്ക്ക് സമീപം വീനസ് കോളനിയിലാണ് ഈ സ്റ്റുഡിയോ നിലകൊള്ളുന്നത്.നീണ്ട ടെറസും ടെറസില്‍ തന്നെ മുളകള്‍ കൊണ്ട് നിര്‍മ്മിച്ച ഉയര്‍ന്ന ഇരിപ്പിടവും പുറത്തേക്കുള്ള കാഴ്ച്ചകള്‍ കാണാന്‍ സഹായിക്കുന്നു. എന്നാല്‍ ടെറസിന്റെ സ്വകാര്യതയെ ബാധിക്കാത്ത രീതിയിലാണ് ടെറസിനെ ക്രമീകരിച്ചിരിക്കുന്നത്
സ്റ്റുഡിയോയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്. നയന്‍താരയുടെ കഠിനാധ്വാനത്തെയും സൗന്ദര്യ സങ്കല്‍പ്പത്തെയും ആരാധകര്‍ വാനോളം പുകഴ്ത്തി.
Content Highlights: Nayanthara & Vignesh Shivan`s New Studio