ജലധാര, ചിത്രങ്ങളുടെ ശേഖരം, വിന്റേജ് ഫര്‍ണിച്ചറുകള്‍; ഇത് കുന്ദ്രകളുടെ കൊട്ടാരമെന്ന് ഫറ ഖാന്‍

ഓരോതവണയും ആരാധകരെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് സിനിമാതാരങ്ങളുടെ ആഡംബരവസതികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരാറുള്ളത്. ശില്പ ഷെട്ടി, രാജ് കുന്ദ്ര ദമ്പതിമാരുടെ മുംബൈയിലെ ബംഗ്ലാവിന്റെ വശ്യതയില്‍ മതിമറന്നരിക്കുകയാണ് വീട് സന്ദര്‍ശിക്കാനെത്തിയ ഫറ ഖാന്‍.
തന്റെ പാചകക്കാരനായ ദിലിപിനൊപ്പമാണ് ചലച്ചിത്ര നിര്‍മ്മാതാവും സംവിധായികയുമായ ഫറ ശില്പയുടെ വീട് സന്ദര്‍ശിച്ചത്. പല നിലകളിലായി ഒരുക്കിയ വീടിന്റെ ഭംഗി കണ്ട് ദിലിപ് വീടിനെ ഉദയ്പൂര്‍ കൊട്ടാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഫറ അത് തിരുത്തുന്നുണ്ട്. ഉദയ്പൂര്‍ കൊട്ടാരത്തിന് പകരം ഫറ വീടിനെ 'കുന്ദ്രകളുടെ കൊട്ടാരം' എന്നാണ് വിളിക്കുന്നത്.
തേക്കിന്‍ തടികളില്‍ നിര്‍മ്മിച്ച വലിയ വാതിലുകളാണ് സന്ദര്‍ശകരെ ആദ്യം തന്നെ സ്വാഗതം ചെയ്യുന്നത്. വീട്ടിനുള്ളില്‍ പല സ്ഥലങ്ങളിലായി സജ്ജീകരിച്ച ഫര്‍ണിച്ചറുകളും ചെടികളും മോടി വര്‍ധിപ്പിക്കുന്നു. വീടിനുള്ളില്‍ കടക്കുമ്പോഴും മുകളിലെ നിലയിലും മരത്തില്‍ തീര്‍ത്ത ആനകളുടെ പ്രതിമയും ഉണ്ട്. ഇത് കൂടാതെ ഗണപതിയുടെ വിഗ്രഹം, സ്വകാര്യ ലിഫ്റ്റ് സൗകര്യം, വീടിനുള്ളില്‍ തന്നെയുള്ള ജിം, വിവിധ നിലകള്‍ എന്നിവയെല്ലാം വീടിന്റെ പ്രത്യേകതകളാണ്.
വീട് സന്ദര്‍ശിച്ചതിന്റെ ഫറ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ വീടിന്റെ താഴത്തെ നിലയുടെ ഒരു ഭാഗം കാണാന്‍ സാധിക്കും. മൂന്ന് ഭാഗങ്ങളായി ഒരുക്കിയ ഈ നിലയില്‍ വിവധ തരത്തിലുള്ള അലങ്കാര വിളക്കുകള്‍ കാണാന്‍ സാധിക്കും. പുറത്തുള്ള പൂന്തോട്ടത്തിലേക്ക് കാണാന്‍ സാധിക്കുന്ന ഗ്ലാസിന്റെ ജാലകങ്ങള്‍ വെളിച്ചം കടന്നുവരാനുള്ള സൗകര്യം ഒരുക്കുന്നു. ഇഷ്ടികയില്‍ നിര്‍മ്മിച്ച ചുവരുകള്‍, പലതരത്തിലുള്ള സോഫകള്‍, ചിത്രങ്ങള്‍ എന്നിവയും കാണാന്‍ സാധിക്കും.
വീട്ടിന്റെ ഒന്നാമത്തെ നിലയിലും നിരവധി കാഴ്ചകള്‍ ഒരുക്കിയിട്ടുണ്ട്. കടക്കുമ്പോള്‍ തന്നെയുള്ള ജലധാര, വര്‍ഷങ്ങളായിട്ടുള്ള ചിത്രങ്ങളുടെ ശേഖരം, വിന്റേജ് ഫര്‍ണിച്ചറുകള്‍, ചെടികള്‍, മൊസൈക്ക് രീതിയിലുള്ള നിലം, കുതിരയുടെ ശില്പം എന്നിവയെല്ലാം കലാപരമായി ഒരുക്കിയതായി കാണാം. ആധുനികതയും പാരമ്പര്യവും ഒത്തുചേരുന്ന രീതിയിലാണ് ശില്പയുടെ 'കൊട്ടാരം' ഒരുക്കിയിരിക്കുന്നത്.
വീട്ടില്‍ താമസിക്കുന്നവരുടെ ലാളിത്യവും, പോസിറ്റീവ് മനോഭാവവുമാണ് വീടിന്റെ ഊര്‍ജം എന്നാണ് ശില്പ പറയുന്നത്. പൊതുവേ വീട് ചിത്രീകരിക്കാന്‍ ശില്പ ആരെയും അനുവദിക്കാറില്ല. എന്നാല്‍ ഫറ വീടിനെ ഒരു സ്റ്റുഡിയോ ആക്കി മാറ്റി എന്ന് ശില്പ തമാശയായി പറയുന്നുണ്ട്.
2021-ല്‍ വിവാഹവാര്‍ഷികത്തിന് രാജ് കുന്ദ്ര ശില്പ ഷെട്ടിക്ക് ലോകത്തിലെ ഉയരമേറിയ നിര്‍മ്മിതി എന്നറിയപ്പെടുന്ന ദുബായിലെ ബുര്‍ജ് ഖലീഫയില്‍ ഒരു ഫ്‌ളാറ്റ് സമ്മാനമായി നല്‍കിയിരുന്നു.
Content Highlights: Farah Khan visits Shilpa Shetty and Raj Kundra`s luxurious Mumbai home, calling it `Kundra Palace`.